Sorry, you need to enable JavaScript to visit this website.

അഴിമതിക്കേസില്‍ സര്‍ക്കോസിക്ക് മൂന്നു വര്‍ഷം തടവ്, പക്ഷെ ജയിലില്‍ പോകേണ്ട

പാരിസ്- അഴിമതിക്കേസില്‍ മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിക്ക് മൂന്നു വര്‍ഷം തടവ്. ദേശീയതലത്തിലും ആഗോളതലത്തിലും അഞ്ചു വര്‍ഷം വലിയ ഉയരങ്ങളില്‍നിന്ന ഫ്രഞ്ച് നേതാവിന്റെ പതനം ഫ്രാന്‍സിന് വലിയ നടുക്കമായി.
അധികാരത്തില്‍നിന്ന് മാറിയ ശേഷം ജഡ്ജിക്ക് കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ച കേസിലാണ് 66 കാരനായ സര്‍ക്കോസിക്ക് ശിക്ഷ ലഭിച്ചത്. 2007 ലെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട ധനവിനിയോഗം സംബന്ധിച്ച കേസിലെ രഹസ്യവിവരങ്ങള്‍ െൈകക്കലാക്കാനായിരുന്നു ഇത്. തന്റെ പദവിയുടേയും ബന്ധങ്ങളുടേയും നേട്ടം ഉപയോഗപ്പെടുത്താനായിരുന്നു സര്‍ക്കോസിയുടെ ശ്രമമെന്ന് ജഡ്ജി ക്രിസ്‌റ്റൈന്‍ മീ ചൂണ്ടിക്കാട്ടി.
2007 മുതല്‍ 2012 വരെയാണ് സര്‍ക്കോസി അധികാരത്തിലുണ്ടായിരുന്നത്. കണ്‍സര്‍വേറ്റീവുകള്‍ക്കിടയില്‍ ഇപ്പോഴും സ്വാധീനമുള്ള നേതാവാണ് അദ്ദേഹം. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെടുന്ന ഫ്രാന്‍സിലെ രണ്ടാമത്തെ രാഷ്ട്രത്തലവനാണ് സര്‍ക്കോസി.
ശിക്ഷിക്കപ്പെട്ടെങ്കിലും അദ്ദേഹത്തിന് ജയിലില്‍ കഴിയേണ്ടിവരില്ല. രണ്ടു വര്‍ഷത്തെ ജയില്‍വാസം കോടതി തന്നെ ഇളവു ചെയ്തു. ബാക്കി ഒരു വര്‍ഷം ഇലക്്‌ട്രോണിക് ബ്രേസ് ലെറ്റ് ധരിച്ച് അദ്ദേഹത്തിന് ജയിലിന് പുറത്തുകഴിയാം.

 

Latest News