Sorry, you need to enable JavaScript to visit this website.

റമദാൻ, വിഷു, ഈസ്റ്റർ ഭക്ഷ്യക്കിറ്റ് ഇത്തവണ തെരഞ്ഞെടുപ്പ് കിറ്റാകും

കൊച്ചി- നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ക്ലൈമാക്‌സിൽ വിഭവസമൃദ്ധമായ വിഷു-ഈസ്റ്റർ-റമദാൻ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യാനൊരുങ്ങി സർക്കാർ. ഇതിനുള്ള തയാറെടുപ്പ് ഭക്ഷ്യമന്ത്രി പി. തിലോത്തമന്റെ നേതൃത്വത്തിൽ ആരംഭിച്ചു. ഇതോടെ ഭക്ഷ്യക്കിറ്റ് ഇക്കുറി തെരഞ്ഞെടുപ്പ് കിറ്റായി മാറുമെന്ന ആക്ഷേപം പലകോണുകളിൽ നിന്നും ഉയർന്നു തുടങ്ങിയിട്ടുണ്ട്. എന്നാൽ ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രയോജനം ലഭിക്കുന്ന ഭക്ഷ്യക്കിറ്റ് വിതരണത്തെ എതിർക്കാനും എതിർക്കാതിരിക്കാനും കഴിയാത്ത അവസ്ഥയിലാണ് പ്രതിപക്ഷം. 


തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണി നേടിയ വിജയത്തിന് കാരണമായി പ്രധാനമായും വിലയിരുത്തപ്പെട്ടിരുന്നത് സർക്കാർ നടത്തിയ ഭക്ഷ്യക്കിറ്റ് വിതരണമാണ്. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ഓണത്തിനും ക്രിസ്മസിനുമൊക്കെ നിറയെ വിഭവങ്ങളുമായാണ് ഭക്ഷ്യവകുപ്പ് കിറ്റ് തയാറാക്കി വിതരണം ചെയ്തത്. തദ്ദേശ തെരഞ്ഞെടുപ്പ് ഓണവും ക്രിസ്മസും കഴിഞ്ഞായിരുന്നെങ്കിൽ ഇക്കുറി ഈസ്റ്ററിന് തൊട്ടുപിന്നാലെയും വിഷു-റമദാൻ മാസത്തിന് മുമ്പുമായാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രിൽ നാലിനാണ് ഈസ്റ്റർ, വിഷു 14 ന്.  റമദാൻ നോമ്പുകാലം ഇതിന് പിന്നാലെ തുടങ്ങും. ഇത് കണക്കിലെടുത്ത് കിറ്റ് വിതരണം നേരത്തെ ആരംഭിക്കാനാണ് ഭക്ഷ്യവകുപ്പ് നടപടിയെടുക്കുന്നത്. ആയിരത്തിലധികം രൂപയുടെ നിത്യോപയോഗ സാധനങ്ങൾ കിറ്റിലുണ്ടാകുമെന്നാണ് വിവരം.
കോവിഡ് മഹാമാരിയെ തുടർന്ന് ആരംഭിച്ച ഭക്ഷ്യകിറ്റ് വിതരണം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സർക്കാർ തുടരാൻ തീരുമാനിച്ചത് അടുത്തടുത്ത് വന്ന തെരഞ്ഞെടുപ്പുകൾ കൂടി മുന്നിൽ കണ്ടായിരുന്നു. ലോക്ഡൗൺ കാലത്ത് ആരംഭിച്ച ഭക്ഷ്യകിറ്റ് വിതരണം സർക്കാരിന്റെ നൂറ് ദിന കർമപരിപാടിയുടെ ഭാഗമായാണ് തുടരാൻ തീരുമാനിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ആവിഷ്‌കരിച്ച നൂറുദിന കർമപരിപാടിയുടെ ഭാഗമായി ഡിസംബർ വരെ നീട്ടിയ ഭക്ഷ്യകിറ്റ് വിതരണം തെരഞ്ഞെടുപ്പിന് തൊട്ടുപിന്നലെ വീണ്ടും നീട്ടി. 


കോവിഡ് മഹാമാരിമൂലം തൊഴിൽ രഹിതരാകുകയും വരുമാനം നിലക്കുകയും ചെയ്ത വലിയൊരു വിഭാഗത്തിന് കിറ്റ് ആശ്വാസമായി. അതേസമയം സാമ്പത്തിക പ്രതിസന്ധി ബാധിക്കാത്ത വിഭാഗങ്ങൾക്കും ഉയർന്ന സാമ്പത്തിക ശേഷിയുള്ളവർക്കുമെല്ലാം ഭക്ഷ്യകിറ്റ് വിതരണം ചെയ്യുന്നതിനെതിരെ വിമർശനങ്ങൾ വരികയും ചെയ്തു. എന്നാൽ ഇതിന്റെ ഗുണഭോക്താക്കളായ വോട്ടർമാർ എതിരാകുമോ എന്ന ആശങ്കമൂലം ഇതിനെ തുറന്നെതിർക്കാൻ കഴിയാത്ത അവസ്ഥ പ്രതിപക്ഷത്തിനുണ്ട്. എങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ അനുഭവം മുൻനിർത്തി ഇക്കുറി പ്രതിപക്ഷം മറുതന്ത്രം പയറ്റാനുള്ള ഒരുക്കത്തിലാണ്. 

 

Latest News