Sorry, you need to enable JavaScript to visit this website.

മണ്ഡലം രൂപീകരണം മുതൽ ഇടത്തോട്ടു മാത്രം നിൽക്കുന്ന പയ്യന്നൂർ


കണ്ണൂർ- ഇടതു മുന്നണിയുടെ പ്രത്യേകിച്ച് സി.പി.എമ്മിന്റെ ഉറച്ച കോട്ടകളിൽ ഒന്നാണ് കണ്ണൂർ. ഏത് രാഷ്ട്രീയ പ്രതിസന്ധികളിലും മുന്നണിയെ നെഞ്ചോട് ചേർത്തു പിടിച്ച ജില്ല. ഈ ജില്ലയിൽ ഇടതു മുന്നണിക്കു ഉറച്ച മണ്ഡലങ്ങൾ ഏറെയുണ്ട്. അതിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന മണ്ഡലമാണ് പയ്യന്നൂർ. വടക്കെ മലബാറിന്റെ സാംസ്‌കാരിക തലസ്ഥാനമെന്നാണ് പയ്യന്നൂർ അറിയപ്പെടുന്നത.് ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഇടം നെടിയ ഈ മണ്ണ് ചരിത്ര രേഖകളിൽ രണ്ടാം ബർദോളി എന്നാണ് അറിയപ്പെടുന്നത്. മണ്ഡല രൂപീകരണത്തിനു ശേഷം ഇന്നോളം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ഇടതു പക്ഷത്തെ മാത്രം തുണച്ച ജില്ലയിലെ ഏക മണ്ഡലം. അതും ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ. തെരഞ്ഞെടുപ്പിൽ ഏത് തരംഗങ്ങളുണ്ടായാലും പയ്യന്നൂരിനെ അത് ബാധിക്കില്ലെന്നതിന് രാഷ്ട്രീയ ചരിത്രം സാക്ഷി. അതുകൊണ്ട് തന്നെയാണ് ചുവപ്പു കോട്ടയെന്ന് പയ്യന്നൂരിനെ വിശേഷിപ്പിക്കുന്നതും. മണ്ഡല പുനർനിർയത്തിൽ പയ്യന്നൂരിന്റെ പല ഭാഘങ്ങളും മാറി മറ്റു മണ്ഡലങ്ങളിൽ ഉൾപ്പെട്ടുവെങ്കിലും പയ്യന്നൂരിന് ചുവപ്പു കൂടിയിട്ടേയുള്ളൂ. 


കമ്യുണിസ്റ്റു പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇടം നേടിയ കരിവെള്ളൂരടക്കമുള്ള കർഷക പ്രക്ഷോഭങ്ങൾക്കു വേദിയായ മണ്ണാണിത്. അതോടൊപ്പം ദേശീയ പ്രസ്ഥാനത്തിന്റെ പ്രക്ഷോഭങ്ങൾക്കും വേദിയായ ഇടം. ഗാന്ധിജിയുടെ പാദസ്പർശം ഏറ്റു വാങ്ങിയ ഈ മണ്ണിന് രണ്ടാം ബർദോളിയെന്നാണ് ചരിത്രത്തിൽ വിശേഷണം. എന്നാൽ പയ്യന്നൂർ, പിന്നീട് ചുവപ്പിനൊപ്പം മാത്രം നിന്നു. 1965 ലാണ് പയ്യന്നൂർ മണ്ഡലം രൂപീകൃതമാവുന്നത്. കരിവെള്ളൂർ സമര സേനാനിയും സി.പി.എം നേതാവുമായ എ.വി. കുഞ്ഞമ്പുവാണ് ആദ്യമായി പയ്യന്നൂരിൽ നിന്നും നിയമ സഭയിലെത്തുന്നത്. പിന്നീട് സുബ്രഹ്മണ്യ ഷേണായിയും എം.വി.ആറും പിണറായിയും ശ്രീമതി ടീച്ചറും ഉൾപ്പെടെയുള്ളവർ പയ്യന്നൂരിന്റെ പ്രതിനിധികളായി. ഈ പരമ്പര സി. കൃഷ്ണനിലെത്തി നിൽക്കുന്നു. 


പയ്യന്നൂർ നഗരസഭയും ചെറുപുഴ, എരമം-കുറ്റൂർ, കാങ്കോൽ-ആലപ്പടമ്പ്, കരിവെള്ളൂർ-പെരളം, പെരിങ്ങോം-വയക്കര, രാമന്തളി പഞ്ചായത്തുകളും ചേർന്നതാണ് പയ്യന്നൂർ നിയമസഭാ മണ്ഡലം. നഗരസഭയും, എല്ലാ പഞ്ചായത്തുകളും ഭരിക്കുന്നത് സി.പി.എമ്മാണ്. നേരത്തെ പയ്യന്നൂർ മണ്ഡലത്തിൽ ഉൾപ്പെട്ടിരുന്ന കുഞ്ഞിമംഗലം, ചെറുതാഴം, മാടായി, ഏഴോം, കടന്നപ്പള്ളി-പാണപ്പുഴ എന്നീ അഞ്ച് പഞ്ചായത്തുകൾ പുതുതായി രൂപീകരിക്കപ്പെട്ട കല്യാശ്ശേരി മണ്ഡലത്തിന്റെ ഭാഗമായി. എന്നിട്ടും പയ്യന്നൂരിന്റെ ചുവപ്പിനു മങ്ങലേറ്റില്ല. കാരണം മണ്ഡലത്തിന്റെ ഭാഗമായ പല പഞ്ചായത്തുകളിലും ഇപ്പോഴും പ്രതിപക്ഷം പോലുമില്ല. പെരിങ്ങോം-വയക്കര മാത്രമാണ് ഇതിനൊരപവാദം. ഇപ്പോൾ പയ്യന്നൂരിലുൾപ്പെട്ട ചെറുപുഴ, പെരിങ്ങോം-വയക്കര, കാങ്കോൽ-ആലപ്പടമ്പ്, കരിവെള്ളൂർ-പെരളം എന്നീ പഞ്ചായത്തുകൾ നേരത്തെ തൃക്കരിപ്പൂർ മണ്ഡലത്തിന്റെ ഭാഗമായിരുന്നു. 


പയ്യന്നൂർ മണ്ഡലത്തിന്റെ വികസനം തന്നെയാവും ഈ തെരഞ്ഞെടുപ്പിൽ പ്രധാനമായും ചർച്ച ചെയ്യപ്പെടുക. എന്നാൽ നിർഭാഗ്യവശാൽ, തോൽക്കുന്ന മണ്ഡലമെന്ന നിലയിൽ, കരുത്തരായ സ്ഥാനാർഥികളെയൊന്നും യു.ഡി.എഫ് രംഗത്തിറക്കാറില്ല. താരതമ്യേന പുതുമുഖങ്ങളേയും മൂന്നാം നിരക്കാരേയുമാണ് സാധാരണ പരിഗണിക്കാറുള്ളത്. അതുകൊണ്ടു തന്നെ ശക്തമായ മത്സരം പയ്യന്നൂരിനു എന്നും അന്യമാണ്. നാമനിർദേശ പത്രിക നൽകുമ്പോൾ തന്നെ വിജയിയായി കണക്കാക്കുമെന്നാണ് അവസ്ഥ. പയ്യന്നൂരിന്റെ വികസനം തെരഞ്ഞെടുപ്പകളിൽ പോലും ചർച്ച ചെയ്യപ്പെടാതിരിക്കാൻ ഇതും ഒരു കാരണമാണ്. വിദ്യാഭ്യാസം ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ ഈ തെരഞ്ഞെടുപ്പിൽ സജീവ ചർച്ചയാവും. 


2011 ലെ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണി സ്ഥാനാർഥി സി. കൃഷ്ണൻ, 32,124 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പയ്യന്നൂരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസിലെ സാജിദ് മൗവ്വലായിരുന്നു എതിർ സ്ഥാനാർഥി. മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷങ്ങളിലൊന്നാണിത്. 2006 ൽ പി.കെ. ശ്രീമതി നേടിയ 36,112 വോട്ടുകളുടെ ഭൂരിപക്ഷമാണ് പയ്യന്നൂരിന്റെ റെക്കോർഡ്. 2006 ൽ യുവ കോൺഗ്രസ് നേതാവ് അഡ്വ.ബ്രിജേഷ് കുമാറായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി. ബി.ജെ.പി സ്ഥാനാർഥിയായിരുന്ന സി.കെ. രമേശൻ, 5019 വോട്ടുകൾ നേടിയിരുന്നു. 2016 ലും സി. കൃഷ്ണൻ തന്നെ രണ്ടാമൂഴത്തിനിറങ്ങുകയും വൻ വിജയം നേടുകയും ചെയ്തു. വർഷങ്ങൾക്കു ശേഷം പാർലമെന്ററി രംഗത്തേക്കു തിരിച്ചു വരാനൊരുങ്ങിയ പിണറായി വിജയൻ കഴിഞ്ഞ തവണ ആദ്യം പരിഗണിച്ച മണ്ഡലമാണ് പയ്യന്നൂർ. പിന്നീടദ്ദേഹം ധർമ്മടം തെരഞ്ഞെടുക്കുകയായിരുന്നു.

ഇത്തവണ സി.പി.എം പല പ്രഗൽഭരുടെയും പേരുകൾ പറഞ്ഞു കേൾക്കുന്നുണ്ട്. പി. ജയരാജൻ, പി.കെ. ശ്രീമതി, ടി.െഎ. മധുസൂതനൻ എന്നിവരുടെ പേരുകൾക്കാണ് മുൻ തൂക്കം. മണ്ഡലം മാറേണ്ടി വന്നാൽ കെ.കെ. ശൈലജയേയും പയ്യന്നൂരിൽ പരിഗണിച്ചേക്കാം. യു.ഡി.എഫിൽ ശക്തനായ സ്ഥാനാർഥിയെ ഇത്തവണ നിർത്താനാണ് തീരുമാനം. കഴിഞ്ഞ ലോക സഭാ തെരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽ രാജ് മോഹൻ ഉണ്ണിത്താന്റെ മഹാ വിജയം കോൺഗ്രസ് നേതൃത്വത്തെ ഇരുത്തി ചിന്തിപ്പിക്കുന്നുവെന്നു വേണം കരുതാൻ. 2011 ലെ തെരഞ്ഞെടുപ്പിൽ 15,341 വോട്ടുകൾ നേടുകയും തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ഷെയർ ഉയർത്തുകയും ചെയ്ത ബി.ജെ.പി, അടുത്തിടെ പാർട്ടിയിലെത്തിയ മുൻ കോൺഗ്രസ് നേതാവ് അഡ്വ. സി.കെ. ശ്രീധരനെ രംഗത്തിറക്കുമെന്നാണ് സൂചന. എന്നാൽ ഏത് തരംഗത്തേയും അതിജീവിക്കാനുള്ള സവിശേഷമായ കരുത്ത് ഇടതു മുന്നണിക്കുണ്ടെന്നതാണ് പയ്യന്നൂർ മണ്ഡലത്തിന്റെ പൂർവകാല ചരിത്രം നൽകുന്ന പാഠം. 

Latest News