Sorry, you need to enable JavaScript to visit this website.

കൊടുങ്ങല്ലൂർ ഭരണി: ആചാരാനുഷ്ഠാനങ്ങൾ നടത്താം, കടുത്ത നിയന്ത്രണം

തൃശൂർ- കൊടുങ്ങല്ലൂർ ഭരണിയുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങൾ നടത്താമെന്ന് ജില്ലാ കലക്ടർ എസ്. ഷാനവാസ്. കോവിഡ് സാഹചര്യത്താൽ വ്യാപന തോത് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഭക്തർക്ക് നിയന്ത്രണം ഉണ്ടായിരിക്കും. കലക്ടറേറ്റ് ചേംബറിൽ ചേർന്ന യോഗത്തിൽ ഭക്തരുടെ പ്രവേശനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മറ്റ് ജില്ലകളിലെ കലക്ടർമാരുടെയും പോലീസ് മേധാവികളുടെയും യോഗം ചേരുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.
നിയന്ത്രണത്തിന്റെ ഭാഗമായി മാർച്ച് 7 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ വടക്കൻ ജില്ലകളിൽനിന്നും സമീപ ജില്ലകളിൽ നിന്നുമുള്ള ഭക്തർക്ക് പ്രവേശനം അനുവദിക്കില്ല. പാലക്കാട് തമിഴ്‌നാട് അതിർത്തിയിലും കർശന നിയന്ത്രണം ഏർപ്പെടുത്തും. കൊടുങ്ങല്ലൂർ ഭരണിയോട് അനുബന്ധിച്ച് നടത്തുന്ന കോഴിക്കല്ല് മൂടൽ, അശ്വതികാവ് തീണ്ടൽ തുടങ്ങിയ ചടങ്ങുകൾ വടകര പ്രദേശത്തെ തച്ചോളി വീട്ടുകാർ, കൊടുങ്ങല്ലൂർ പ്രദേശത്തെ ഭഗവതി വീട്ടുകാർ, കൊടുങ്ങല്ലൂർ പാലക്കവേലൻ തുടങ്ങിയവരുടെ മേൽനോട്ടത്തിൽ നടത്തും.


പ്രദേശവാസികൾ കൂടാൻ സാധ്യതയുള്ളതിനാൽ ക്ഷേത്ര പരിസരത്ത് സ്റ്റാളുകൾ എക്‌സിബിഷൻ തുടങ്ങിയവ അനുവദിക്കില്ല. മാർച്ച് 7 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ ഗുരുവായൂർ, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലായി ലോഡ്ജുകളിൽ ഭക്തജനങ്ങൾക്ക് മുറികൾ അനുവദിക്കുകയില്ല. ഭരണിക്കായി മുൻകൂട്ടി ബുക്ക് ചെയ്ത വാഹനങ്ങളുടെ ബുക്കിംഗ് റദ്ദാക്കും. 
ജില്ലാ അതിർത്തികളിൽ പോലീസിന്റെ മേൽനോട്ടത്തിൽ വാഹനഗതാഗത പരിശോധനകൾ നടത്തുകയും ഭരണി ഉത്സവത്തിനുള്ള പ്രവേശനം തടഞ്ഞ് വാഹനം തിരിച്ച് വിടുകയും ചെയ്യും. റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചും പരിശോധന നടത്തും. നിയമനടപടികൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു.
ആരോഗ്യ വകുപ്പിന്റെ മേൽനോട്ടത്തിൽ ക്ഷേത്രവുമായി നേരിട്ട് ബന്ധപ്പെടുന്നവർക്കും ക്ഷേത്ര ഭാരവാഹികൾക്കും ആർ.ടി.പി.സി.ആർ ടെസ്റ്റുകൾ നടത്തും. തുടർന്ന് രോഗം സ്ഥിരീകരിക്കുന്നവരെ ഭാരവാഹിത്വത്തിൽ നിന്നും ഒഴിവാക്കും.


ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് ഡെപ്യൂട്ടി കലക്ടർ പി.എ. പ്രദീപ്, തൃശൂർ റൂറൽ എസ്.പി ജി. പൂങ്കുഴലി, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ, കൊച്ചിൻ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണർ സുനിൽ കർത്ത, കൊച്ചിൻ ദേവസ്വം ബോർഡ് സ്‌പെഷ്യൽ കമ്മീഷ്ണർ എൻ. ജ്യോതി, കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ എം.ജി. നാരായണൻ, കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറി വി.എ. ഷീജ, കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി യു. പ്രേമൻ, കൊടുങ്ങല്ലൂർ എസ്.എച്ച്.ഒ സോണി മത്തായി തുടങ്ങിയവർ പങ്കെടുത്തു.

 

Latest News