Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ  ഇരട്ടവോട്ട് തള്ളുന്നില്ലെന്ന് പരാതി

കണ്ണൂർ- മുഖ്യമന്ത്രിയുടെ നിയോജക മണ്ഡലമായ ധർമ്മടത്ത് ഇരട്ട വോട്ടു തള്ളുന്നതിനു നൽകിയ പരാതിയിൽ ഉദ്യോഗസ്ഥർ നടപടിയെടുക്കാൻ തയാറാകുന്നില്ലെന്നും, ഇതിനെതിരെ തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നൽകിയതായും യു.ഡി.എഫ് നിയോജക മണ്ഡലം ഭാരവാഹികൾ പറഞ്ഞു. നടപടിയില്ലെങ്കിൽ അടുത്ത ദിവസം നിയമ നടപടികൾ സ്വീകരിക്കുെമന്നും ഇവർ കൂട്ടിച്ചേർത്തു. കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നേതാക്കൾ. 


ധർമ്മടം നിയോജക മണ്ഡലത്തിൽ 7000 ത്തോളം ഇരട്ട വോട്ടുകളുണ്ടെന്നാണ് പരിശോധനയിൽ വ്യക്തമായത്. മണ്ഡലത്തിൽ താമസമില്ലാത്തവരും, മരണമടഞ്ഞവരും, മറ്റു മണ്ഡലങ്ങളിൽ വോട്ടുകളുള്ളവരുമാണ് ഇവർ. ഇവരുടെ പേരുകൾ വോട്ടർ പട്ടികയിൽനിന്നും നീക്കം ചെയ്യുന്നതിനു ഫോറം 7 ൽ പരാതി നൽകിയിരുന്നുവെങ്കിലും തുടർ നടപടികൾ സ്വീകരിക്കാൻ ബി.എസ്.ഒ മാരോ, ഇലക്ഷൻ ചുമതലയുള്ള തഹസിൽദാരോ തയാറാകുന്നില്ല. കലക്ടറുടെ അനുമതി ലഭിച്ച ശേഷം മാത്രമേ നടപടിയെടുക്കാനാവൂ എന്നാണിവർ പറയുന്നത്. എന്നാൽ ഇരട്ട വോട്ടുകൾ പരിശോധിച്ച് തുടർ നടപടിയെടുക്കുന്നതിനു കലക്ടറടെ അനുമതി ആവശ്യമില്ലെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷൻ വ്യക്തമാക്കിയത്. കണ്ണൂരിലെ ബി.എൽ.ഒ മാരിൽ 90 ശതമാനവും ഇടതുപക്ഷ സംഘടനയുടെ പ്രവർത്തകരാണ്. ഇടതു സർക്കാരിനനുകൂലമായി നടപടിയെടുക്കുന്നവരാണിവർ. സി.പി.എമ്മിനു വോട്ടു വർദ്ധിപ്പിച്ചു കൊടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടിയെടുക്കാത്തത്. ഇതിനു പിന്നിൽ ഉന്നത സി.പി.എം നേതാക്കളുടെ നിർദേശവുമുണ്ട്. -നേതാക്കൾ പറഞ്ഞു. 


വേങ്ങാട് പഞ്ചായത്തിലെ പറമ്പായി 70 നമ്പർ ബൂത്തിൽ 120 ഇരട്ട വോട്ടുകൾ കണ്ടെത്തി തള്ളുന്നതിനു പരാതി നൽകി. എന്നാൽ ബന്ധപ്പെട്ടവർക്കു നോട്ടീസ് നൽകുന്നതിനു പോലും ബി.എൽ.ഒ മാർ തയാറായില്ല. പിണറായി പഞ്ചായത്തിലെ 143 നമ്പർ ബൂത്തിൽ 100 ലധികം ഇരട്ട വോട്ടുകൾ തള്ളുന്നതിനുപരാതി നൽകിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. ഇത്തരത്തിൽ ഈ മണ്ഡലത്തിൽ മാത്രം 7000 ത്തോളം ഇരട്ട വോട്ടുകളുണ്ട്. ഇതിനു പുറമെ, ധർമ്മടം നിയോജക മണ്ഡലത്തിൽ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച ശേഷം 10,000 ത്തോളം വോട്ടുകൾ പുതുതായി ചേർക്കാനുള്ള അപേക്ഷകളും നൽകിയിട്ടുണ്ട്. മറ്റു മ ണ്ഡലങ്ങളിൽ വോട്ടുള്ളവരാണ് സി.പി.എം നിർദേശ പ്രകാരം വ്യാപകമായി ഇത്തരത്തിൽ അപേക്ഷ നൽകിയിരിക്കുന്നത്. അന്തിമ വോട്ടർ പട്ടിക തയാറായാൽ ഇവരെ ഒഴിവാക്കാനാവില്ല. കള്ളവോട്ടിലൂടെയും ഇരട്ട വോട്ടിലൂടെയും ജനാധിപത്യം അട്ടിമറിക്കാനുള്ള രാഷ്ട്രീയ നീക്കത്തിനു ഉദ്യോഗസ്ഥർ കൂട്ടു നിൽക്കുകയാണ്. 
ഇതിനു പുറമെ, ഓപൺ വോട്ട് ഉപയോഗിച്ചും ജനാധിപത്യം അട്ടിമറിക്കാൻ ശ്രമിക്കാറുണ്ട്. ഓപൺ വോട്ടു ചെയ്യുന്നതിനു മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന അപേക്ഷയും തെരഞ്ഞെടുപ്പു കമ്മീഷനു നൽകിയിട്ടുണ്ട്. 
തെരഞ്ഞെടുപ്പു കമ്മീഷനിൽനിന്നും നീതി ലഭിച്ചില്ലെങ്കിൽ അടുത്ത ദിവസം തന്നെ കേരള ഹൈക്കോടതിയെ സമീപിക്കുമെന്നും നേതാക്കൾ അറിയിച്ചു. 
ധർമ്മടം മണ്ഡലം കമ്മിറ്റി ചെയർമാൻ കെ.പി. ജയാനന്ദൻ, ഡി.സി.സി സെക്രട്ടറിമാരായ സി. രഘുനാഥ്, എൻ. രാമകൃഷ്ണൻ, എൻ.പി. താഹിർ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു. 

 

Latest News