Sorry, you need to enable JavaScript to visit this website.

5-ജി നെറ്റ്‌വർക്ക്: 10,000 ടവറുകൾ സ്ഥാപിച്ചു

റിയാദ് - സൗദിയിൽ 5-ജി നെറ്റ്‌വർക്കിന് ശക്തിപകരുന്നതിന് രാജ്യത്തെ വിവിധ പ്രവിശ്യകളിൽ ഇതിനകം 10,000 മൊബൈൽ ടവറുകൾ സ്ഥാപിച്ചതായി കമ്മ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം പറഞ്ഞു. 5-ജി സാങ്കേതികവിദ്യയുടെ പ്രാദേശികവൽക്കരണം എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച ശിൽപശാലയിലാണ് 5-ജി നെറ്റ്‌വർക്കിന് ശക്തിപകരുന്നതിന് രാജ്യത്ത് ഇതിനകം സ്ഥാപിച്ച മൊബൈൽ ടവറുകളുടെ കണക്കുകൾ മന്ത്രാലയം വെളിപ്പെടുത്തിയത്. 
വ്യവസായ, ഊർജ മേഖലകളിൽ ഉൽപാദനശേഷി ഉയർത്താൻ ലക്ഷ്യമിട്ട്, 5-ജി സാങ്കേതികവിദ്യയുടെ പ്രാദേശികവൽക്കരണവുമായി ബന്ധപ്പെട്ട നിക്ഷേപാവസരങ്ങൾ, ഡിജിറ്റൽ പരിവർത്തനം വേഗത്തിലാക്കുന്നതിന് 5-ജി ആപ്ലിക്കേഷനുകൾ നൽകുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തൽ എന്നിവ അടക്കമുള്ള കാര്യങ്ങൾ ശിൽപശാല വിശകലനം ചെയ്തു. 
സൗദി അറേബ്യയുടെ ഡിജിറ്റൽ പരിവർത്തന പ്രോഗ്രാമിൽ വലിയ കുതിച്ചുചാട്ടമുണ്ടെന്ന് കമ്മ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയ അണ്ടർ സെക്രട്ടറി എൻജിനീയർ ബസ്സാം ബിൻ അബ്ദുല്ല അൽബസ്സാം പറഞ്ഞു. സ്മാർട്ട് സിറ്റികൾ, ഓൺലൈൻ ടാക്‌സികൾ, ഇന്റർനെറ്റ് ഓഫ് തിംഗ്‌സ് അവലംബിച്ചുള്ള ആപ്പുകൾ തുടങ്ങിയ നവീന ആപ്പുകളെല്ലാം സാധ്യമാക്കുന്ന പ്രധാന ഘടകമാണ് 5-ജി സാങ്കേതികവിദ്യ. 5-ജി സാങ്കേതികവിദ്യ ശക്തിപ്പെടുത്തുന്നതിന് പതിനായിരം ടവറുകൾ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. 
വളർച്ചയും ഡിജിറ്റൽ പരിവർത്തനവും സാക്ഷാൽക്കരിക്കാൻ സഹായിക്കുന്ന നിലക്ക് രാജ്യത്ത് 5-ജി സാങ്കേതികവിദ്യ വ്യാപകമാക്കുന്നതിന് നേരിടുന്ന പ്രതിബന്ധങ്ങൾ നിർണയിക്കുകയും വ്യത്യസ്ത വകുപ്പുകളുമായി സഹകരിച്ച് ഈ സാങ്കേതികവിദ്യയുടെ പ്രാദേശിക അനുഭവങ്ങൾ വികസിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും എൻജിനീയർ ബസ്സാം ബിൻ അബ്ദുല്ല അൽബസ്സാം പറഞ്ഞു. പ്രാദേശികവൽക്കരിക്കുന്ന പക്ഷം 5-ജി സാങ്കേതികവിദ്യ സാമ്പത്തിക മേഖലയിൽ വലിയ സ്വാധീനങ്ങളുണ്ടാക്കുമെന്ന് കമ്മ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിലെ മാർക്കറ്റ് ഇക്കണോമിക്‌സ് വിഭാഗം മേധാവി മൻസൂർ ബിൻ അബ്ദുറഹ്മാൻ അൽറബ്ദി പറഞ്ഞു. 

 

Tags

Latest News