മോഡിയെ കുത്തിവെച്ച സംഘത്തില്‍ മലയാളി നഴ്‌സും

ന്യൂദല്‍ഹി- അറുപതിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് രാജ്യവ്യാപകമായി പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ച ദിവസം തന്നെ പ്രധാനമന്ത്രി നരേന്ദ്രമോഡി ദല്‍ഹി എയിംസ് ആശുപത്രിയിലെത്തി വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ചു. പൂര്‍ണമായും ഇന്ത്യന്‍ നിര്‍മ്മിതമായ കൊവാക്‌സിന്‍ ആണ് മോഡി സ്വീകരിച്ചത്. വാക്‌സിന്‍ സ്വീകരിച്ച ശേഷം അരമണിക്കൂറോളം നിരീക്ഷണത്തില്‍ ഇരുന്ന ശേഷമാണ് മോഡി ആശുപത്രി വിട്ടത്. പിന്നാലെ അര്‍ഹരായ എല്ലാ പൗരന്മാരും വാക്‌സിന്‍ കുത്തിവെപ്പെടുക്കണമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

എയിംസ് ആശുപത്രിയില്‍ പ്രധാനമന്ത്രിക്ക് വാക്‌സിന്‍ നല്‍കിയ നഴ്‌സുമാരുടെ ടീമില്‍ മലയാളിയായ റോസമ്മ അനിലും പുതുച്ചേരി സ്വദേശി നിവേദിതയുമാണ് ഉണ്ടായിരുന്നത്. ഇതില്‍ നിവേദിതയാണ് മോഡിക്ക് കുത്തിവയ്പ് നടത്തിയത്. റോസമ്മ അനില്‍ സഹായിയായി. വാക്‌സിന്‍ കുത്തിവച്ചതിന് ശേഷം "ഇതിനകം കഴിഞ്ഞോ,? അറിഞ്ഞതേയില്ല( ലഗാ ഭി ദിയാ,? പതാ നഹിം ചലാ)?  എന്ന് പ്രധാനമന്ത്രി പറഞ്ഞതായും നിവേദിത മാധ്യമങ്ങളോട് പറഞ്ഞു.
പ്രധാനമന്ത്രിയെ കണ്ടതില്‍ വളരെ സന്തോഷമുണ്ടെന്ന് റോസമ്മ അനിലും പറഞ്ഞു. പിന്നാലെ നഴ്‌സുമാരുടെ സ്വന്തം സ്ഥലത്തെക്കുറിച്ചും കുശലാന്വേഷണം നടത്തി.

വാക്‌സിന്‍ നല്‍കാന്‍ വന്ന നിവേദിതയോട് മൃഗങ്ങള്‍ക്കുള്ള സൂചിയാണോ കുത്തിവെപ്പിനുപയോഗിക്കുന്നതെന്നാണ് മോഡി ആദ്യം ചോദിച്ചതത്രെ.  ചോദ്യത്തിലെ തമാശ മനസാലാകാതിരുന്ന നഴ്‌സ് ഇല്ല എന്നാണ് ഉത്തരം പറഞ്ഞത്. എന്നാല്‍ മോഡി രണ്ടാമത് ചോദ്യം വിശദീകരിക്കുകയായിരുന്നു. രാഷ്ട്രീയനേതാക്കള്‍ പൊതുവെ തൊലിക്കട്ടിക്ക് പേരുകേട്ടവരാണ്. അതിനാല്‍ പ്രത്യേകം സൂചിയാണോ ഉപയോഗിക്കുന്നതെന്നാണ് ഉദ്ദേശിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
വാക്‌സിന്‍ എടുത്തശേഷം അരമണിക്കൂര്‍ വിശ്രമിച്ചതിന് ശേഷമാണ് പ്രധാനമന്ത്രി ആശുപത്രി വിട്ടത്. 28 ദിവസത്തിനുള്ളില്‍ രണ്ടാമത്തെ ഡോസും അദ്ദേഹം സ്വീകരിക്കും

മൂന്ന് വര്‍ഷമായി എംയിസില്‍ പ്രവര്‍ത്തിക്കുന്ന നിവേദിതയെ ഇപ്പോള്‍ വാക്‌സിന്‍ സെന്ററിലേക്ക് നിയമിക്കുകയായിരുന്നു.

 

Latest News