Sorry, you need to enable JavaScript to visit this website.

കോണ്‍ഗ്രസിനു വയനാട്ടില്‍ ഇലപൊഴിയും കാലം; കെ.കെ.വിശ്വനാഥന്‍ പാര്‍ട്ടി വിട്ടു.

കല്‍പറ്റ-എ.ഐ.സി.സി മുന്‍ അധ്യക്ഷനുമായ രാഹുല്‍ഗാന്ധി പ്രതിനിധാനം ചെയ്യുന്ന പാര്‍ലമെന്റ് മണ്ഡലത്തിന്റെ ഭാഗമായ വയനാട്ടില്‍ കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്കു തുടരുന്നു.

ഏറ്റവും ഒടുവില്‍ കെ.പി.സി.സി മെംബറും ഡി.സി.സി മുന്‍ വൈസ് പ്രസിഡന്റുമായ കെ.കെ.വിശ്വനാഥന്‍ പാര്‍ട്ടി വിട്ടു. അന്തരിച്ച മുന്‍ മന്ത്രി കെ.കെ.രാമചന്ദ്രന്റെ അനുജനാണ് കേണിച്ചിറ താഴെമുണ്ട സ്വദേശിയായ വിശ്വനാഥന്‍.

പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമായ ഇദ്ദേഹം തിങ്കളാഴ്ചയാണ് പാര്‍ട്ടിയില്‍നിന്നു രാജിവച്ചത്. 74കാരനായ വിശ്വനാഥന്‍  ഭാവി പരിപാടികള്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും ബി.ജെ.പിയില്‍ ചേരുമെന്നു സൂചനയുണ്ട്.


33 വര്‍ഷം അരിമുള എ.യു.പി സ്‌കൂള്‍ അധ്യാപകനായിരുന്നു വിശ്വനാഥന്‍.പ്രധാനാധ്യാപകനായിരിക്കെയാണ് വിരമിച്ചത്. 20 വര്‍ഷം പൂതാടി പഞ്ചായത്ത് ഭരണസമിതിയംഗമായിരുന്ന ഇദ്ദേഹം ഏഴു വര്‍ഷം പ്രസിഡന്റും അഞ്ചുവര്‍ഷം വൈസ് പ്രസിഡന്റുമായിരുന്നു. ടീ ബോര്‍ഡ് മെംബര്‍,സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടര്‍,സംസ്ഥാന സര്‍ക്കിള്‍ സഹകരണ യൂനിയന്‍ ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ പൂതാടി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റും ചെറുകിട കാപ്പി കര്‍ഷക സംഘം അധ്യക്ഷനുമാണ്.
ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ഒറ്റുകാരുടെ പിടിയിലാണെന്നാണ് രാജിക്കു പിന്നാലെ ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരോടു വിശ്വനാഥന്‍ പ്രതികരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തിലെ അമ്പലവയല്‍ ഡിവിഷനില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച വിശ്വനാഥന്‍ സി.പി.എമ്മിലെ സുരേഷ് താളൂരിനോടു പരാജയപ്പെട്ടിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിനു മുന്‍പു തുടങ്ങിയതാണ് കോണ്‍ഗ്രസ് ജില്ലാ ഘടകത്തില്‍നിന്നു പ്രമുഖരുടെ കൊഴിഞ്ഞുപോക്ക്. പാര്‍ട്ടി മീനങ്ങാടി ബ്ലോക്ക് പ്രസിഡന്റ് കെ.എന്‍.രമേശനാണ് ആദ്യം പാര്‍ട്ടിവിട്ടത്. കോണ്‍ഗ്രസ് ജില്ലാ നേതൃത്വവുമായി ഒരു തരത്തിലും പൊരുത്തപ്പെട്ടുപോകാന്‍ കഴിയുന്നില്ലെന്നായിരുന്നു രമേശന്‍ രാജിക്കു പറഞ്ഞ ന്യായം.
ജില്ലയില്‍ ഈഴവ-തിയ്യ വിഭാഗത്തില്‍നിന്നുള്ള ഏക കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റായിരുന്ന ഇദ്ദേഹംനിലവില്‍ സി.പി.എമ്മിലാണ്. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അംബിക കേളുവാണ് തദ്ദേശ തെരഞ്ഞടുപ്പിനു മുമ്പ് കോണ്‍ഗ്രസ് വിട്ട മറ്റൊരു നേതാവ്. ബി.ജെ.പിയില്‍ ചേര്‍ന്ന ഇവര്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മീനങ്ങാടി ഡിവിഷനില്‍ ജനവിധി തേടുകയുമുണ്ടായി. അംബിക കേളുവിനു പിന്നാലെ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും കേരള കെട്ടിട നിര്‍മാണ തൊഴിലാളി കോണ്‍ഗ്രസ്(ഐ.എന്‍.ടി.യു.സി) ജില്ലാ വൈസ് പ്രസിഡന്റുമായ സുജയ വേണുഗോപാല്‍ കോണ്‍ഗ്രസില്‍നിന്നു രാജിവച്ചു. ഇവര്‍ കഴിഞ്ഞ ദിവസം സി.പി.എമ്മില്‍ ചേര്‍ന്നു. ഡി.സി.സി സെക്രട്ടറിയും ഐ.എന്‍.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പി.കെ.അനില്‍കുമാറാണ് കോണ്‍ഗ്രസിനു നഷ്ടമായ മറ്റൊരു നേതാവ്. കഴിഞ്ഞ ശനിയാഴ്ച പാര്‍ട്ടിയില്‍നിന്നു രാജിവച്ച അനില്‍കുമാര്‍ എല്‍.ജെ.ഡിയിലാണ് ചേക്കേറിയത്. കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ നിരന്തര അവഗണനയില്‍ മനംനൊന്താണ് പാര്‍ട്ടി വിട്ടതെന്നാണ് അനില്‍കുമാര്‍ മാധ്യമങ്ങളെ അറിയിച്ചത്. അനില്‍കുമാറിന്റെ നിലപാട് പാര്‍ട്ടിയില്‍ സജീവമായി ചര്‍ച്ചചെയ്യപ്പെടുന്നതിനിടെയാണ് കെ.കെ.വിശ്വനാഥന്റെ   രാജി.
ജില്ലയില്‍ ബത്തേരിയിലും മാനന്തവാടിയിലും മണ്ഡലം നേതാക്കളടക്കം ചിലര്‍ അടുത്ത ദിവസം കോണ്‍ഗ്രസില്‍നിന്നു രാജിവയ്ക്കുമെന്നു സൂചനയുണ്ട്. ബത്തേരി ബീനാച്ചി സ്വദേശിയായ കെ.പി.സി.സി സെക്രട്ടറി എം.എസ്്.വിശ്വനാഥന്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബത്തേരി പട്ടികവര്‍ഗ സംവരണമണ്ഡലത്തില്‍ സീറ്റു വേണമെന്ന വാശിയിലാണ് കുറുമ സമുദായാംഗമായ വിശ്വനാഥന്‍. ഡി.സി.സി. പ്രസിഡന്റുമായ ഐ.സി.ബാലകൃഷ്ണനാണ് ബത്തേരി സിറ്റിംഗ് എം.എല്‍.എ. മണ്ഡലത്തില്‍ തുടര്‍ച്ചയായ മൂന്നാം തവണയും ജനവിധി തേടാന്‍ ബാലകൃഷ്ണനെ പാര്‍ട്ടി നേതൃത്വം നിയോഗിക്കുമെന്നു വ്യക്തമായിരിക്കെ വിശ്വനാഥന്‍ നിലപാടു കടുപ്പിച്ചിരിക്കയാണ്. വിശ്വനാഥന്‍ കോണ്‍ഗ്രസ് വിടാനും മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാകാനും സാധ്യത കല്‍പിക്കുന്നവര്‍ ജില്ലയില്‍ നിരവധിയാണ്. എല്‍.ഡി.എഫ് നേതാക്കള്‍ വിശ്വനാഥനുമായി ബന്ധപ്പെട്ടുവരികയാണെന്നു വിവരമുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുന്നതിനു ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തകരെ സജ്ജമാക്കുന്നതിനു നേതാക്കളില്‍ ചിലര്‍ പരിശ്രമിച്ചുവരുന്നതിനിടെയാണ് കോണ്‍ഗ്രസിലെ പുതിയ പ്രശ്‌നങ്ങള്‍. കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.സി.റോസക്കുട്ടി, ജനറല്‍ സെക്രട്ടറി പി.കെ.ജയലക്ഷ്മി, സെക്രട്ടറിമാരായ കെ.കെ.അബ്രഹാം, എം.എസ്.വിശ്വനാഥന്‍, അഡ്വ.എന്‍.കെ.വര്‍ഗീസ്, അഡ്വ.ടി.ജെ.ഐസക് എന്നിവര്‍ വയനാട്ടുകാരാണ്. എന്നിരിക്കെയാണ് പാര്‍ട്ടി ജില്ലാ ഘടകത്തില്‍ തെരഞ്ഞെടുപ്പുകാലത്തു കോലാഹലം.

Latest News