മമതക്ക് പിന്തുണയുമായി തേജസ്വി എത്തി

കൊല്‍ക്കത്ത- ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് കൂടിക്കാഴ്ച നടത്തി. ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണു കൂടിക്കാഴ്ച. മമതയുടെ നബന്നയിലെ ഓഫിസില്‍ വച്ചു നടന്ന കൂടിക്കാഴ്ചയില്‍ സീറ്റ് പങ്കിടല്‍ ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ട്.
ഇടതുപക്ഷവും കോണ്‍ഗ്രസുമായുള്ള സഖ്യം ബിഹാറില്‍ മാത്രമാണ്. മമത ദീദിയെ ശക്തിപ്പെടുത്തി ബി.ജെ.പിയോട് പോരാടേണ്ടത് ഞങ്ങളുടെ കടമയാണ്. പിതാവ് ലാലു പ്രസാദ് യാദവിന്റെ തീരുമാനമാണ് മമതാ ബാനര്‍ജിയെ പൂര്‍ണമായും പിന്തുണയ്ക്കുകയെന്നത്. ഞങ്ങള്‍ എല്ലായ്‌പ്പോഴും ദീദിയെ ബഹുമാനിക്കുന്നു, ഞങ്ങള്‍ക്ക് നല്ല ബന്ധമുണ്ട്.
ഞങ്ങള്‍ മമതാജിയോടൊപ്പം നില്‍ക്കുകയും രാഷ്ട്രത്തെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന സാമുദായിക ശക്തികള്‍ക്കെതിരെ നിലകൊള്ളുകയും ചെയ്യും. ബി.ജെ.പി ഇവിടെ അധികാരത്തില്‍ വരാമെന്ന് സ്വപ്‌നം കാണുന്നുണ്ടെങ്കിലും അത് നടക്കില്ല- കൂടിക്കാഴ്ചക്കു ശേഷം തേജസ്വി യാദവ് മാധ്യമങ്ങളോട് പറഞ്ഞു.
ബിഹാരി ജനസംഖ്യ കൂടുതലുള്ള സീറ്റുകളില്‍ തേജസ്വി യാദവ് തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചാരണം നടത്തും. മാര്‍ച്ച് 27 മുതല്‍ 8 ഘട്ടമായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ്.

 

Latest News