Sorry, you need to enable JavaScript to visit this website.

ഓർമയുടെ അടരുകൾ

വഴിയും വഴിപോക്കനും എത്തേണ്ടിടവും എല്ലാം താനായിരുന്നുവെന്ന് വിഷ്ണു നാരായണൻ നമ്പൂതിരിയുടെ കാവ്യഭാവന.  
അദ്ദേഹത്തെ അടുത്തറിയുന്ന ആരോ എഴുതിക്കണ്ടു, കവിതയെക്കാൾ അടുക്കുന്നവരെ ആത്മസ്പർശമായി ബാധിക്കുന്നു കവിയെന്ന സൃഷ്ടി.  ഒരു ഘട്ടത്തിൽ കവിതയും അധ്യാപനവും നിർത്തി അമ്പലത്തിൽ പൂജക്കു പോയതിനെ പുകഴ്ത്തിക്കൊണ്ട് പഴയ ഒരു ശിഷ്യൻ എന്തോ കുറിച്ചപ്പോൾ അദ്ദേഹം പരിഭവം പറഞ്ഞു: 'പറയുന്ന വാക്കെല്ലാം സത്യമാകണം, സത്യമേ ആകാവൂ.' അദ്ദേഹത്തെപ്പറ്റി പറഞ്ഞതെല്ലാം അധികപ്പറ്റാണെന്നായിരുന്നു സൂചന. വിനയത്തിന്റെ മുഖം ദർശിച്ചപ്പോൾ ശിഷ്യനു സമാധാനമായി. 
അദ്ദേഹത്തിൽ കണ്ട ബഹുലതകളുടെ ഏകീഭാവം വേറെ എവിടെയെല്ലാമോ അനുഭവപ്പെട്ട യോഗദർശനമല്ലേ? പതിമൂന്നാം നൂറ്റാണ്ടിലെ ജലാലുദ്ദീൻ റൂമിയെ ഓർത്തു.  ഉറവിടം നിന്നിൽ കുടി കൊള്ളുന്നു.  ഈ ലോകം അതിൽനിന്ന് ഉയിരെടുക്കുന്നു.... കാണാത്ത ലോകത്തിൽ വേരൂന്നിയിരിക്കുന്നു കാണുന്നതെല്ലാം...നിന്നോടെനിക്കുള്ള പ്രേമത്തിൽ ഞാൻ മരിക്കും-- സൂര്യന്റെ വെളിച്ചത്തിൽ മുകിൽത്തുണ്ടുകൾ അലിയും പോലെ.. 


ഞാൻ ഓർമ്മയിൽ തപ്പി നോക്കി. എവിടെ ആദ്യം കണ്ടു? എവിടെ ഒടുവിൽ? 'മുഖമെവിടെ' എന്ന പേരു കേട്ട കവിത ഞാൻ ഒരുക്കിയിരുന്ന ഒരു മാസികയിൽ വീണ്ടും പ്രസിദ്ധീകരിക്കാൻ അനുവാദം തേടിയായിരുന്നു അവസാനത്തെ സന്ദർശനം. അന്നൊന്നും ദീനമുണ്ടായിരുന്നില്ല. ഓർമകളെ വിളക്കിച്ചേർക്കുന്ന സൈനാപ്‌സ് എന്ന രാസയോഗം ചുരണ്ടിപ്പോയിരുന്നില്ല. പക്ഷേ നന്നാക്കിയെടുക്കാൻ പറ്റാത്ത വിധം അതൊക്കെ ഉരഞ്ഞുപോയിത്തുടങ്ങിയിരുന്നു പിന്നെ അദ്ദേഹത്തെപ്പറ്റി സംസാരിക്കാനിടയായപ്പോൾ.
അറുപതു വയസ്സു കഴിഞ്ഞേ ഓർമയിൽ അരിച്ചുകേറുന്ന രോഗം പിടിപെടുകയുള്ളുവെന്നായിരുന്നു ധാരണ.  ഉണ്ണിക്കൃഷ്ണന്റെ ഭാര്യ തിരുത്തി. അറുപതു കഴിഞ്ഞ് ഏറെ ചെല്ലുമ്പോഴേക്കും ഉണ്ണിയുടെ ഓർമ ഉടഞ്ഞുപോയി.  വൈദ്യുതിയെപ്പറ്റി എനിക്കറിയേണ്ട വിവരമെല്ലാം എഞ്ചിനീയർ അല്ലായിരുന്ന ഉണ്ണിയിൽനിന്നു കിട്ടി. ഞങ്ങൾ ഒരുമിച്ചു മദ്യപിക്കുകയും ഒരുമിച്ച് സവാരി പോവുകയും ചെയ്തു. ഒരു നീണ്ട ഇടവേളക്കു ശേഷം എന്തോ വൈദ്യുതപ്രശ്‌നം സംസാരിക്കാൻ വിളിച്ചപ്പോൾ അറിഞ്ഞു, ഉണ്ണിയുടെ തിരിച്ചറിവ് മുറിഞ്ഞ്‌പോയിരിക്കുന്നു. 
വിഷ്ണു നാരായണൻ നമ്പൂതിരിയുടെ സുഹൃത്തും ഡോക്ടറുമായിരുന്ന കെ രാജശേഖരൻ നായർ കവിയെ കാണാൻ പോയ സംഭവം ഓർമിച്ചെടുത്തത് ഇങ്ങനെ: 'എന്റെ കണ്ണിൽ കുറച്ചിട സൂക്ഷിച്ചു നോക്കും. പിന്നെ നോട്ടം വേറെ എവിടേക്കെങ്കിലും പോകും. യൂനിവേഴ്‌സിറ്റി കോളേജ് മുതലുള്ള പരിചയം തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് മനസ്സിലായി. പിന്നെ ഒരു സന്ദർശനം പോലും വേദനയായി.' അതായിരുന്നു ഭാര്യയും ഉണ്ണിയും മാത്രമുണ്ടായിരുന്ന അപാർട്ട്‌മെന്റിലെ സന്ദർശനം.


ഞങ്ങൾ കയറിച്ചെന്നപ്പോൾ ഭാര്യ വെറുതേ ചോദിച്ചു: 'കണ്ടോ, ഇതാരാണെന്നറിയുമോ....?' കണ്ടതു വാസ്തവം.  പക്ഷേ കണ്ടതുകൊണ്ട് അറിവായി എന്നില്ലല്ലോ. കാഴ്ചയെ അറിവാക്കി മാറ്റുന്ന എന്തോ ഒന്ന് ഉണ്ണിയുടെ തലച്ചോറിൽ കെട്ടുപോയിരിക്കുന്നു.  ഇരുപതടി നീളവും പത്തടി വീതിയുമുള്ള ഒരു മുറിയിൽ വേണ്ടാത്ത അത്ര വേഗത്തിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്നു ഉണ്ണി. രണ്ടു മൂന്നു ചാൽ നടത്തത്തിനു ശേഷം അടുത്തുവന്ന് എന്റേയും ഭാര്യയുടെയും കണ്ണിൽ സൂക്ഷിച്ചുനോക്കും. പിന്നെ എന്തോ ഉറച്ച മട്ടിൽ മുഖം തിരിച്ച് നടത്തം തുടങ്ങും. ഉണ്ണി എന്തു മനസ്സിലാക്കി, അല്ലെങ്കിൽ, മനസ്സിലാക്കിയില്ല, എന്നു മനസ്സിലാക്കാൻ എന്തെങ്കിലും യന്ത്രമോ തന്ത്രമോ ശാസ്ത്രം ഇനിയും കണ്ടുപിടിച്ചിട്ടില്ല.
ഓരോ രോഗിക്കും ഓരോ വ്യക്തിത്വം  ആണെന്നുണ്ടോ? എന്തു മറക്കുന്നു, എന്ത് ഓർമിക്കുന്നു എന്നു തിരിച്ചറിയാൻ വയ്യാത്തതാണ് വലിയ ദുരിതം. അതിവേഗത്തിലുള്ള നടത്തമോ സന്ദർശകന്റെ കണ്ണിൽ സൂക്ഷിച്ചുനോക്കലോ ഇല്ലാത്തതായിരുന്നു ഒരു ബന്ധുവിന്റെ രോഗം. മറന്നു മറന്ന് അവർ പത്തുകൊല്ലം കഴിച്ചുകൂട്ടി. നാടകീയമായ ഫലമൊന്നും ഉണ്ടാവില്ലെന്നും വലിയ വിലയാണെന്നും മുന്നറിയിപ്പ് നൽകിക്കൊണ്ട് ഒരു ഡോക്ടർ ചില അവകാശവാദങ്ങളോടെ ഒരു കമ്പനി പുറത്തിറക്കിയിരുന്ന ഗുളിക കുറിച്ചു തന്നു. കവിഞ്ഞാൽ രോഗത്തിന്റെ രൂക്ഷത കുറയ്ക്കുകയും കാലപരിധി കൂട്ടുകയും ചെയ്യുമായിരുന്നു. ഒരു കൊല്ലത്തെ സേവക്കു ശേഷം അത് വേണ്ടെന്നുവെച്ചു.


ഇടക്കൊരു കാലത്ത് എന്റെ അച്ഛന്റെ ഹംസമായിരുന്ന ഗോവിന്ദൻ ചെട്ടിയാർ മറവിരോഗത്തിനിരയായപ്പോൾ ആ വില കൂടിയ മരുന്നും എത്തിയിരുന്നില്ല. ഏതു ജോലിയും ചിരിയോടെ ചെയ്തിരുന്ന ഗോവിന്ദൻ ചെട്ടിയാർ ആർക്കും ഒന്നിനും ഒരു ഉപദ്രവവും ചെയ്യാത്ത ആളായിരുന്നു. അധ്വാനിച്ചും തമാശ പൊട്ടിച്ചും ജീവിച്ചിരുന്ന ആ മനുഷ്യന്റെ ഓർമ ഉടഞ്ഞുപോകാൻ ഏതാനും മാസമെടുത്തു.  പിന്നെ അവസാനം കാത്തുള്ള കിടപ്പു തന്നെ. അൾഷിമറിന്റെയോ വേറെ ആരുടെയെങ്കിലുമോ പേരു ചേർത്തുള്ള രോഗം പോലും ആ ഗ്രാമത്തിനകത്ത് അറിയപ്പെട്ടിരുന്നില്ല. കപ്പൽശാലയിൽ എഞ്ചിനീയറായിരുന്ന ഒരാൾ സ്വയം രൂപകൽപന ചെയ്തു പണിത വീട്ടിൽ കുളിമുറി എവിടെ  കിടപ്പുമുറി എവിടെ എന്നു തിരിച്ചറിയാതെ കഷ്ടപ്പെട്ടു. അദ്ദേഹത്തെ കൊണ്ടുവിട്ടിരുന്ന പകൽവീട്ടിലെ ശുശ്രൂഷകർക്ക് വിഷമം നിറഞ്ഞ കൗതുകമായിരുന്നു. എന്തോ പ്രകോപനത്തിന്റെ പേരിൽ അദ്ദേഹം അവരിലൊരാളെ തല്ലാൻ കയ്യോങ്ങും. അയാൾ ഒഴിഞ്ഞുകൊടുക്കും. അപ്പോഴേക്കും എന്തിനു കൈ പൊക്കി എന്നോർമിക്കാതെ രോഗി നടത്തം തുടരും.


ക്ലൈവ് വെയറിങ് എന്ന ബ്രിട്ടിഷ് സംഗീതവിദഗ്ധന്റെ ഓർമയുടെ ദൈർഘ്യം രണ്ടു സെക്കന്റ് ആയിരുന്നു. നാൽപതുകളിലെത്തിയ ക്ലൈവ് സംഗീതത്തിന്റെ ദുരൂഹമേഖലകളെപ്പറ്റി ഗവേഷണം  നടത്തിക്കൊണ്ടിരിക്കേ മസ്തിഷ്‌കത്തിലെ അണുബാധക്ക് ചികിത്സയിലായി. അണുബാധ നിയന്ത്രണത്തിലായെങ്കിലും ഓർമ്മ തകർന്നു പോയി. രണ്ടേ രണ്ടു കാര്യം ഓർമ്മയിൽ ഒരു വിധം തങ്ങിനിന്നു: തന്റെ സംഗീതവും ഭാര്യ ഡെബോറയും. ഒരിക്കൽ സഹികെട്ട ഡെബോറ ക്ലൈവിനെ ഒരു സാനിട്ടോറിയത്തിലാക്കി. വേറൊരു ജീവിതപങ്കാളിയെ കണ്ടെത്തുകയും ചെയ്തു. പക്ഷേ ഓരോ സന്ദർശനവും കഴിഞ്ഞ് ഡെബോറ വീട്ടിലെത്തുമ്പോൾ സാനിട്ടോറിയത്തിൽനിന്ന് ഫോൺ വന്നിരിക്കും. ക്ലൈവിനെ അടിയന്തരമായി കാണണം.  ഒടുവിൽ പുതിയ പങ്കാളിയോട് വിട പറഞ്ഞ് ഡെബോറ നിശ്ചയിച്ചു: തന്റെ ജീവിതം ക്ലൈവിന്റെ ഭഗ്നജീവിതവുമായി മുറിക്കാൻ വയ്യാത്തവിധം ബന്ധപ്പെട്ടിരിക്കുന്നു. ആ അനുഭവത്തിന്റെ കഥയാണ് 'എന്നും എന്നും ഇന്ന്.' (ഫോർ എവർ ടുഡേ).
ആരെ എങ്ങനെ എപ്പോൾ ബാധിക്കുന്നതാണ് മറവി രോഗം? ഇഷ്ടപ്പെട്ട പെണ്ണിനെ തിരിച്ചറിയാൻ കഴിയാതിരുന്നതാണ് ദുഷ്യന്തന്റെ ആദ്യദുരന്തം. അനുഗ്രഹമായി കിട്ടിയ ആയുധം വേണ്ട നേരത്ത് തോന്നാതിരുന്ന കഥാപാത്രത്തിന്റെ ദൈന്യം നോക്കൂ. അധികാരം അലസനു പോലും ഊർജസ്വലത നൽകും എന്നൊക്കെ കേൾക്കുന്നുണ്ടെങ്കിലും വാജ്‌പേയിക്കും ഫെർണാണ്ടസിനും റീഗനും ഉണ്ടായ ദുർഗതി നമ്മൾ കണ്ടറിഞ്ഞതാണല്ലോ.  


പരിചിതമല്ലാത്ത വഴിയേ നടന്നാൽ മടിപിടിച്ചു കിടക്കുന്ന മസ്തിഷ്‌കകോശങ്ങൾ ഉണർന്നെണീക്കും എന്നു ചിലർ വിശ്വസിക്കുന്നു. അതിൻപടി വ്യായാമക്രമങ്ങൾ ശീലിപ്പിക്കാം. എന്തിനും ഔഷധം ആകാം എന്നു നമ്മൾ ഘോഷിക്കുന്ന മഞ്ഞൾ ചേർന്ന ആഹാരം പതിവായി കഴിക്കുന്നതുകൊണ്ടത്രേ ഏഷ്യക്കാരിൽ, ഇന്ത്യക്കാരിൽ, മറവിരോഗം ഇതിൽ കൂടുതലാകാതിരുന്നത്. മഞ്ഞളിലെ കുർകുമിൻ കൊണ്ട് കാണിക്കാൻ വയ്യാത്ത അത്ഭുതമില്ലെന്നു വരാം. എന്തൊക്കെയായാലും ജനിതകപരിവർത്തനം വന്നാലേ പരിഹാരമുണ്ടാകൂ എന്നു വിശ്വസിക്കുന്നു മറ്റു ചിലർ.  പ്രകൃതിയിൽനിന്നു മനുഷ്യൻ അങ്ങനെയൊരു വരം നേടുന്നതു വരെ മറവിയിൽ പെട്ട് ഉഴലുന്നവരെ പരിചരിക്കുന്ന ആളുകൾ സൂക്ഷിക്കണം. അവരുടെ ക്ഷമയും ശ്രദ്ധയുമാണ് പരിശോധനക്കു വിഷയം. പരിചാരകരെ എങ്ങനെയൊക്കെ പരിചരിക്കണം എന്നു ചൂണ്ടിക്കാണിക്കുന്നു മനോരോഗവിദഗ്ധനായ ആർ. കെ രവീന്ദ്രൻ നായർ.
മറവിയുടെ ഭാവവും പ്രഭവവും തേടിയുള്ള യാത്ര ഇന്നും ഇന്നലെയും തുടങ്ങിയതല്ല. വാസുദേവ കൃഷ്ണൻ പണ്ടേ പറഞ്ഞുവെച്ചിരുന്നു. വിഷയസുഖങ്ങളിൽ മുഴുകിയാൽ സംഗം ഉണ്ടാകും, സംഗത്തിൽനിന്ന് കാമം പിറക്കും, കാമത്തിൽനിന്ന് ക്രോധം, ക്രോധത്തിൽനിന്ന് സമ്മോഹം, സമ്മോഹത്തിൽനിന്ന് സ്മൃതിവിഭ്രമം, സ്മൃതിഭ്രംശംകൊണ്ട് ബുദ്ധിനാശം. ബുദ്ധിനാശാദ് പ്രണശ്യതി.
അപ്പോൾ ചോദ്യം പഴയതു തന്നെ. വിഷയസുഖത്തിൽ പെട്ടു പോകാതിരിക്കലാണോ സ്മൃതിഭ്രംശത്തിൽനിന്നും ബുദ്ധിനാശത്തിൽനിന്നും സർവനാശത്തിൽനിന്നും രക്ഷപ്പെടാനുള്ള വഴി?
 

Latest News