Sorry, you need to enable JavaScript to visit this website.

കേരളത്തിൽ വിജയിക്കുമോ അമിത് ഷായുടെ ഓപ്പറേഷൻ താമര?

ബി.ജെ.പിയുടെ ഓരോ നീക്കങ്ങളും ഏറ്റവും കൂടുതൽ ആകുലപ്പെടുത്തുന്നത് കോൺഗ്രസിനെയാണ്. അഞ്ചു വർഷത്തെ ഇടവേളയ്ക്ക് ശേഷം യു.ഡി.എഫ് ഭരണത്തിൽ തിരിച്ചെത്തിയില്ലെങ്കിൽ കോൺഗ്രസ് ദുർബലമാകുകയും പാർട്ടിയിൽനിന്ന് ബി.ജെ.പിയിലേക്ക് നേതാക്കളടക്കമുള്ളവരുടെ കൊഴിഞ്ഞുപോക്കുണ്ടാകുമെന്നും  കോൺഗ്രസ് നേതൃത്വത്തിന് ബോധ്യമുണ്ട്. അതുകൊണ്ട് തന്നെ ഭരണം പിടിക്കുന്നതിൽ കുറഞ്ഞൊന്നും അവർക്ക് ചിന്തിക്കാനാകില്ല.


രാഷ്ട്രീയത്തിൽ തന്ത്രങ്ങളുടെയും കുതന്ത്രങ്ങളുടെയും ആശാനാണ് അമിത് അനിൽ ചന്ദ്ര ഷാ എന്ന അമിത് ഷാ. കേന്ദ്ര ആഭ്യന്തര മന്ത്രി പദവി രാഷ്ട്രീയ അട്ടിമറികൾക്കായി എങ്ങനെ വിദഗ്ധമായി ഉപയോഗിക്കാമെന്ന് രാജ്യത്തിന് കാട്ടിത്തരുന്ന രാഷ്ട്രീയ ചാണക്യൻ. ബി.ജെ.പി ദേശീയ അധ്യക്ഷ പദവി തമാശയെന്നോണം അടുത്തിടെ കൈയൊഴിഞ്ഞെങ്കിലും പാർട്ടിയിലും ഭരണത്തിലും ആരും ചോദ്യം ചെയ്യാനില്ലാത്ത നേതാവ്. ജനാധിപത്യ സർക്കാറുകളെപ്പോലും 'ഓപ്പറേഷൻ താമര'യിലൂടെ മണിക്കൂറുകൾക്കുള്ളിൽ അട്ടിമറിക്കാൻ കെൽപ്പുള്ള തന്ത്രജ്ഞൻ. എന്നാൽ അമിത് ഷായുടെ രാഷ്ട്രീയ തന്ത്രങ്ങളോടും അട്ടിമറികളോടും കടക്ക് പുറത്ത് എന്ന് പറഞ്ഞ സംസ്ഥാനമാണ്  കേരളം. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കേരളത്തിൽ ഇത് വരെ കാര്യമായ നേട്ടമുണ്ടാക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ല.


മൂന്ന് പതിറ്റാണ്ടിലധികം സി.പി.എം ഭരിച്ച ബംഗാളിലും, സംശുദ്ധ ഭരണത്തിന് പേരു കേട്ടിരുന്ന മണിക് സർക്കാറിന്റെ ത്രിപുരയിലും യു.പി യിലും കർണാടകയിലും മധ്യപ്രദേശിലും തുടങ്ങി ഏറ്റവും ഒടുവിൽ പുതുച്ചേരിയിലടക്കം ബി.ജെ.പി ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ജനാധിപത്യ സർക്കാറുകളെ അട്ടിമറിക്കുകയോ നിർണ്ണായക രാഷ്ട്രീയ ശക്തിയായി മാറുകയോ ചെയ്തതിന് പിന്നിൽ അമിത് ഷായുടെ കരങ്ങളാണുണ്ടായിരുന്നത്. സ്വയം സേവകനിൽ നിന്ന് അഹമ്മദാബാദ് മുൻസിപ്പാലിറ്റിയിലെ നരൻപുര വാർഡിലെ തെരഞ്ഞെടുപ്പിൽ പോളിംഗ് ഏജന്റായിക്കൊണ്ട് ബി.ജെ.പി രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവെച്ചത് മുതൽ അട്ടിമറികളുടെയും വിവാദങ്ങളുടെയും ചരിത്രമാണ് അമിത് ഷായുടെ അക്കൗണ്ടിലുള്ളത്.
കേരളത്തിൽ മറ്റൊരു തെരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങുമ്പോൾ ഇടതു മുന്നണി ഭരണം നിലനിർത്തുമോ അല്ലെങ്കിൽ യു.ഡി.എഫ് അധികാരത്തിലേറുമോ എന്നതിനെക്കാൾ എല്ലാവരും ഉറ്റുനോക്കുന്നത് ബി.ജെ.പിയെയാണ്. അമിത് ഷായുടെ ചാണക്യ സൂത്രങ്ങൾ ഇത്തവണ കേരളത്തിൽ ഏത് രീതിയിൽ പ്രതിഫലിക്കുമെന്നതിലാണ് ആകാംക്ഷ. കേരളത്തിൽ ഭരണത്തിലേറുകയെന്നത് മലർപ്പൊടിക്കാരന്റെ സ്വപ്‌നം മാത്രമായി അവശേഷിക്കാനാണ് സാധ്യതയെങ്കിലും കേരളം ആര് ഭരിക്കണമെന്നതിൽ നിർണ്ണായക സ്വാധീനം ചെലുത്താൻ ബി.ജെ.പി ക്ക് കഴിയും. സി.പി.എമ്മിനും കോൺഗ്രസിനുമെല്ലാം ഇപ്പോഴേ മുട്ടിടിപ്പ് തുടങ്ങിയതും അതുകൊണ്ടാണ്. 


കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ ബി.ജെ.പിക്ക് മുന്നോട്ട് പോകാനുള്ള രാഷ്ട്രീയ സാഹചര്യം കേരളത്തിൽ ഇപ്പോൾ നിലനിൽക്കുന്നുണ്ടെന്നത് തള്ളിക്കളയാവുന്നതല്ല. അത് അവർ ഏത് രീതിയിൽ മുതലെടുക്കുമെന്നതാണ് ഇപ്പോഴത്തെ ചോദ്യം. അമിത് ഷാ ഉൾപ്പെടെയുള്ള ഉന്നത നേതാക്കളും പ്രധാന മന്ത്രി നരേന്ദ്ര മോഡിയുമടക്കം എല്ലാവരും അതിനായി അരയും തലയും മുറുക്കി വരും ദിവസങ്ങളിൽ മുന്നിട്ടിറങ്ങും. കേരളത്തിൽ ബി.ജെ.പിക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ 15 നും 17 നുമിടയിൽ വോട്ട് ഷെയറാണ് അവകാശപ്പെടാൻ കഴിയുക. എൽ.ഡി.എഫും, യു.ഡി.എഫും തമ്മിലുള്ള ആകെ വോട്ട് വ്യത്യാസം സാധാരണയായി അഞ്ച് ശതമാനത്തിൽ താഴെയാണെന്ന കണക്കുകൾ മനസിലാക്കുമ്പോഴാണ്  ബി.ജെ.പിക്കും, എൻ.ഡി.എ മുന്നണിക്ക് പൊതുവിലും ഉണ്ടാകുന്ന ചെറിയ വളർച്ച പോലും മറ്റ് രണ്ടു മുന്നണികളെയും ഒരു പോലെ ഭയപ്പെടുത്തുന്നത്. 


കേരളത്തിലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി പയറ്റാൻ പോകുന്ന തന്ത്രങ്ങളെക്കുറിച്ച് വിലയിരുത്തുമ്പോൾ ആദ്യം മനസിലാക്കേണ്ടത് അവരുടെ പുതിയ നീക്കങ്ങളാണ്. മറ്റ് പാർട്ടികളിൽ നിന്ന് പ്രവർത്തകരെ വലവീശിപ്പിടിക്കുന്നതിന് പകരം സ്വാധീനമുള്ള നേതാക്കളെയും നിഷ്പക്ഷരായി നിൽക്കുന്ന, സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്താൻ കഴിയുന്നവരെയും ബി.ജെ.പിയിലേക്ക് കൊണ്ടു വരികയെന്ന ദൗത്യമാണ് പാർട്ടി ദേശീയ -സംസ്ഥാന നേതൃത്വങ്ങൾ ഏറ്റെടുത്തിട്ടുള്ളത്. അത് വഴി മറ്റ് പാർട്ടികളിൽനിന്ന് പ്രവർത്തകർ സ്വാഭാവികമായി ബി.ജെ.പിയിലെത്തുമെന്ന് അവർ കണക്ക് കൂട്ടുന്നു. ഓപ്പറേഷൻ താമരയിലൂടെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഈ തന്ത്രം പയറ്റിക്കൊണ്ടിരിക്കുന്നതായി കാണാം. കേരളത്തിൽ ഇതിന് പ്രതീക്ഷിച്ച ഫലം കിട്ടിയില്ലെങ്കിലും മെട്രോമാൻ ഇ.ശ്രീധരനടക്കമുള്ള ഉന്നതരായ ചില വ്യക്തികളെ പാർട്ടിയിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞുവെന്നത് ചെറിയ കാര്യമായി തള്ളിക്കളയേണ്ടതില്ല. അത് കേരളത്തിലെ ഓപ്പറേഷൻ താമരയുടെ തുടക്കമായി തന്നെ വായിച്ചെടുക്കേണ്ടതുണ്ട്. 
കോൺഗ്രസിൽ നിന്നടക്കം പല പാർട്ടികളിൽ നിന്നും നേതാക്കൾക്കായി വല വിരിച്ച് കാത്തിരിക്കുകയാണ് ബി.ജെ.പി. അത് തൽക്കാലത്തേക്ക് നടന്നെന്ന് വരില്ലായിരിക്കാം. പക്ഷേ നിയമസഭാ തെരഞ്ഞെടുപ്പിനുമപ്പുറം ലോകസഭയും കൂടി ഉന്നംവെച്ചുകൊണ്ടുള്ള സമർത്ഥമായ നീക്കങ്ങളാണ് ബി.ജെ.പി നടത്തുന്നത്.


നിയമസഭാ തെരഞ്ഞെടുപ്പിൽ ശബരിമല സ്ത്രീ പ്രവേശന വിഷയം കത്തിച്ചു നിർത്തുകയെന്നതാണ് ഏറ്റവും മുഖ്യ അജണ്ട. ഈ വിഷയവുമായി ബന്ധപ്പെട്ട് കേരളത്തിൽ എത്രത്തോളം വർഗീയ ധ്രുവീകരണം ഉണ്ടാക്കുന്നോ അത്രത്തോളം വോട്ട് തങ്ങളുടെ പെട്ടിയിൽ വീഴ്ത്താൻ കഴിയുമെന്ന് ബി.ജെ.പി കരുതുന്നുണ്ട്. സംസ്ഥാനത്തെ ഏഴോ എട്ടോ നിയമസഭാ മണ്ഡലങ്ങളിൽ ആഞ്ഞുപിടിച്ചാൽ വിജയ സാധ്യതയോ രണ്ടാം സ്ഥാനമോ ലഭിക്കുമെന്നാണ് അവരുടെ കണക്കു കൂട്ടൽ. ഇതിൽ അഞ്ച് മണ്ഡലങ്ങളിൽ വലിയ പ്രതീക്ഷ അവർ അർപ്പിക്കുന്നുണ്ട്. അതിനുമപ്പുറം കേരളത്തിലെ പകുതിയോളം മണ്ഡലങ്ങളിൽ നിർണ്ണായക ശക്തിയായി മാറാമെന്നും കണക്ക് കൂട്ടുന്നു. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ അഞ്ച് സീറ്റുകളിൽ ജയിക്കാനായാൽ തൂക്ക് ഭരണത്തിലേക്ക് കാര്യങ്ങൾ നീങ്ങുകയും അതിലൂടെ ഭരണത്തിൽ നിയന്ത്രണം  കൈയ്യാളാനാകുമെന്നുമാണ് ബി.ജെ.പി യുടെ കണക്ക് കൂട്ടൽ.


ശബരിമല വിഷയത്തിൽ ഹൈന്ദവ വികാരം വലിയ തോതിൽ ഇളക്കാനായാൽ ബി.ജെ.പി യുടെ കണക്ക് കൂട്ടലുകൾ ഒരു പരിധി വരെ ഫലം കണ്ടേക്കാമെന്ന ആശങ്ക എൽ.ഡി.എഫിനും യു.ഡി.എഫിനുമുണ്ട്. ഈ ആശങ്ക തെരഞ്ഞെടുപ്പ് ദിനം വരെ നിലനിർത്തുകയെന്നതാണ് ബി.ജെ.പിയുടെ തന്ത്രം. ഹിന്ദു വികാരം ഉയർത്തുന്നതോടൊപ്പം തന്നെ കേരളത്തിൽ ക്രിസ്ത്യാനികളിൽ ഒരു വിഭാഗത്തിന്റെ പിന്തുണ നേടിയെടുക്കാനുള്ള ശ്രമം ദേശീയ തലത്തിൽ നേരത്തെ ആരംംഭിച്ചു കഴിഞ്ഞിട്ടുണ്ട്. അതിന്റെ ഭാഗമായാണ് ക്രിസ്ത്യൻ പള്ളി തർക്ക വിഷയത്തിൽ പ്രധാന മന്ത്രിയും ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റും മിസോറാം ഗവർണ്ണറുമായ പി.എസ്. ശ്രീധരൻ പിള്ളയുമെല്ലാം ഇടപെടൽ നടത്തിക്കൊണ്ടിരിക്കുന്നത്. എൻ. എസ്. എസിനെയും എസ്.എൻ.ഡി.പി യെയും പ്രീണിപ്പിച്ചുകൊണ്ട് വലിയൊരു വിഭാഗം സാമുദായിക വോട്ടുകൾ നേടാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇതിനായി വരും ദിവസങ്ങളിൽ ബി.ജെ.പി ദേശീയ നേതൃത്വം നേരിട്ട് രംഗത്തിറങ്ങിയേക്കും. ഹിന്ദുക്കൾക്കിടയിൽ മുസ്‌ലിം വിരോധം ഉയർത്തിക്കൊണ്ടു വന്ന് ന്യൂനപക്ഷ വിരുദ്ധ വോട്ടുകൾ ഏകീകരിക്കുന്നതിനുള്ള നീക്കങ്ങളും ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ലൗജിഹാദിനെതിരെ നിയമനിർമ്മാണം പ്രകടന പത്രികയിലെ പ്രധാന അജണ്ടയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പ്രഖ്യാപിച്ചു കഴിഞ്ഞു. കാര്യങ്ങൾ എങ്ങോട്ടാണ് കൊണ്ടു പോകുന്നതെന്ന് ഇതിലൂടെ വ്യക്തമാണ്. തെരഞ്ഞെടുപ്പിന് മുൻപ് തന്നെ കൂടുതൽ ദളിത് നേതാക്കളെ പാർട്ടിയിലെത്തിക്കുകയെന്നതാണ്  മറ്റൊരു തന്ത്രം.


ബി.ജെ.പിയുടെ ഓരോ നീക്കങ്ങളും ഏറ്റവും കൂടുതൽ ആകുലപ്പെടുത്തുന്നത് കോൺഗ്രസിനെയാണ്. അഞ്ചു വർഷത്തെ ഇടവേളയ്ക്ക് ശേഷം യു.ഡി.എഫ് ഭരണത്തിൽ തിരിച്ചെത്തിയില്ലെങ്കിൽ കോൺഗ്രസ് ദുർബലമാകുകയും പാർട്ടിയിൽനിന്ന് ബി.ജെ.പിയിലേക്ക് നേതാക്കളടക്കമുള്ളവരുടെ കൊഴിഞ്ഞുപോക്കുണ്ടാകുമെന്നും  കോൺഗ്രസ് നേതൃത്വത്തിന് ബോധ്യമുണ്ട്. അതുകൊണ്ട് തന്നെ ഭരണം പിടിക്കുന്നതിൽ കുറഞ്ഞൊന്നും അവർക്ക് ചിന്തിക്കാനാകില്ല. മറുവശത്ത് സി.പി.എമ്മും ആശയക്കുഴപ്പത്തിലാണ്. ഒരു 'ത്രിപുര മോഡലിന്' ബി.ജെ.പി കേരളത്തിലും ശ്രമം നടത്തും. അതിനെ ഏത് രീതിയിൽ ചെറുക്കുമെന്നതാണ് സി.പി.എമ്മിനെ അലട്ടുന്ന പ്രശ്‌നം.

Latest News