Sorry, you need to enable JavaScript to visit this website.

കരടിക്കൂട്ടത്തിന്റെ  താണ്ഡവം നിക്ഷേപകരെ  സമ്മർദത്തിലാക്കി

ഓഹരി വിപണിയിൽ നുഴഞ്ഞ് കയറിയ കരടികൂട്ടം വാരാന്ത്യം നടത്തിയ താണ്ഡവം നിക്ഷേപകരെ സമ്മർദ്ദത്തിലാക്കി. ബുൾ ഇടപാടുകാരെ രംഗത്തുനിന്ന് പൂർണ്ണമായി തുരത്തികൊണ്ട് അവർ നടത്തിയ ആക്രമണത്തിൽ ഹെവിവെയിറ്റ് ഓഹരികൾ പലതും ഒന്നിന് പുറകേ ഒന്നായി മുട്ടുമടക്കി. എന്നാൽ പ്രതിസന്ധികൾക്ക് മുന്നിൽ തളരില്ലന്ന നിലപാടിൽ ഈവാരം വർധിച്ചവീര്യവുമായി ബുൾ ഇടപാടുകാർ തിരിച്ചടിക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശിക നിക്ഷേപകർ. സെൻസെക്‌സ് 1790 പോയിന്റും നിഫ്റ്റി 452 പോയിന്റും പ്രതിവാര നഷ്ടത്തിലാണ്.
ആഗോള ഓഹരി വിപണിക്ക് മുന്നിൽ പുതിയ കടമ്പകൾ ഉയരുന്നു. സിറിയ്ക്ക് നേരെയുണ്ടായ യുഎസ് ആക്രമണം പാശ്ചാത്യ വിപണികളെ വാരാന്ത്യം പ്രകമ്പനം കൊള്ളിച്ചു. യുഎസ് ഡോളർ സൂചിക തളർച്ചയെ മറികടന്നതും അമേരിക്കൻ കടപത്രങ്ങൾക്ക് പ്രിയമേറിയതും രാജ്യാന്തര ഫണ്ടുകളെ എമർജിങ് വിപണികളിൽ നിന്ന് പിൻതിരിപ്പിക്കാം. സെൻസെക്‌സിന് 50,000 പോയിന്റിലെ നിർണായക താങ്ങ് നഷ്ടപ്പെട്ടു. ഓപ്പണിങ് വേളയിൽ 50,889 ൽ നിന്ന് 51,386 വരെ സെൻസെക്‌സ് കയറിയെങ്കിലും പിന്നീട് സൂചിക ദുർബലമായി 48,890 ലേയ്ക്ക് ഇടിഞ്ഞശേഷം ക്ലോസിങിൽ 49,099 പോയിന്റിലാണ്. ഈവാരം 50,693 ലേയ്ക്ക് തിരിച്ചുപോക്കിനുള്ള ശ്രമം പരായജപ്പെട്ടാൽ സൂചിക 48,197 ലേയ്ക്കും മാസമധ്യം 47,295 ലേയ്ക്കും തളരാം. 
ഏതാനും ആഴ്ച്ചകളായി പുതിയ ഉയരങ്ങൾ കീഴടക്കിയ നിഫ്റ്റി സൂചികയ്ക്ക്  പിന്നിട്ട വാരം റെക്കോർഡ് പുതുക്കാനായില്ല. 14,981 ൽ നിന്ന് 15,176 വരെ ഉയർന്നതിനിടയിൽ വിൽപ്പനക്കാർ വിപണിയിൽ പിടിമുറുക്കി. ഡെറിവേറ്റീവ് മാർക്കറ്റിലെ ഫെബ്രുവരി സെറ്റിൽമെന്റും വൻ ചാഞ്ചാട്ടം സൃഷ്ടിച്ചു. വെളളിയാഴ്ച്ച 14,467 പോയിന്റിലേയ്ക്ക് ഇടിഞ്ഞ നിഫ്റ്റി ക്ലോസിങിൽ 14,529 ലാണ്. മുൻവാരം സൂചിപ്പിച്ച സെക്കൻഡ് സപ്പോർട്ടായ 14,570 ന് മുകളിൽ പിടിച്ചുനിൽക്കാനാവാഞ്ഞത് വിപണിയെ കൂടുതൽ ദുർബലാമാക്കാം. അതുകൊണ്ട് തന്നെ ഈവാരം 14,272 പോയിന്റ് നിർണായകമാവും. ഈ സപ്പോർട്ട് നിലനിർത്തിയാൽ സൂചിക 14,981 ലേയ്ക്ക് ഉയരാം, എന്നാൽ 14,272 ലെ താങ്ങ് നഷ്ടപ്പെട്ടാൽ തിരുത്തൽ 14,015 വരെതുടരാം. 
ഫെബ്രുവരിയിലെ ഓട്ടോമൊബൈൽ വിൽപ്പനയുടെ പുതിയ കണക്കുകൾ ഈ വാരം പുറത്തുവരും. പെട്രോളിയം ഉൽപന്നങ്ങളുടെ വിലക്കയറ്റത്തെ വിപണി ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. രാജ്യാന്തര വിലയിൽ നേരിയ കുറവ് ദൃശ്യമായെങ്കിലും ബുള്ളിഷ് ട്രന്റ് തുടരുന്നത് ആഭ്യന്തര മാർക്കറ്റിനെ ബാധിക്കാം.
വിദേശ ഫണ്ടുകൾ വാരമധ്യം 28,739 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ഈ വർഷം ആദ്യമായാണ് ഇത്ര കനത്ത നിക്ഷേപം. എന്നാൽ വെളളിയാഴ്ച്ച അവർ 8300 കോടി രൂപയുടെ ഓഹരി വിൽപ്പന നടത്തിയത് ഇന്ത്യൻ മാർക്കറ്റിനെ പിരിമുറുക്കത്തിലാക്കി. ആഭ്യന്തര ഫണ്ടുകൾ പിന്നിട്ടവാരം 1667 കോടി രൂപയുടെ ഓഹരി വിറ്റു. 
നീണ്ട ഇടവേളയ്ക്ക് ശേഷം വിനിമയ വിപണിയിൽ രൂപയ്ക്ക് കനത്ത തിരിച്ചടി. അഞ്ച് ദിവസംകൊണ്ട് രൂപയുടെ മൂല്യം135 പൈസ ഇടിഞ്ഞു. രൂപ 72.56 ൽനിന്ന് 73.91 ലേയ്ക്ക് കുറഞ്ഞു. രൂപയുടെ ചലനങ്ങൾ സാങ്കേതികമായി വിലയിരുത്തിയാൽ ഈ വാരം മൂല്യം മെച്ചപ്പെടാം. ക്രൂഡ് ഓയിൽ വില ബാരലിന് 58.93 ൽ നിന്ന് 63.72 ഡോളർ വരെകയറിയശേഷം വാരാന്ത്യം 61.53 ഡോളറിലാണ്.  

 

Latest News