Sorry, you need to enable JavaScript to visit this website.

കായംകുളം എൻ.ടി.പി.സിയിൽനിന്ന് ഇനി ലഭിക്കുക സോളാർ വൈദ്യുതി


കായംകുളം എൻ.ടി.പി.സി പവർ പ്ലാന്റിൽനിന്ന് ഇനി ലഭിക്കുക സോളാർ വൈദ്യുതിയായിരിക്കും. നാഫ്ത ഉപയോഗിച്ചായിരുന്നു ഇതുവരെ വൈദ്യുതി ഉൽപാദനം. നാഫ്തയുടെ ഉപയോഗം നിർത്തി പകരം സോളാർ പാനലുകളുടെ സഹായത്തോടെയായിരിക്കും വൈദ്യുതി ഉൽപാദനം. ഇതിനായി ഫ്‌ളോട്ടിംഗ് സോളാർ പാനലുകളുടെ നിർമാണം അവസാനഘട്ടത്തിലാണ്. 70, 22 മെഗാവാട്ടിന്റെ രണ്ടു ഘട്ടങ്ങളിലായി 92 മെഗാവാട്ട് സോളാർ വൈദ്യുതി ആയിരിക്കും ഇവിടെ ഉൽപാദിപ്പിക്കുന്നത്. നാഫ്താ ഉപയോഗിച്ചുള്ള വൈദ്യുത ഉൽപാദനത്തിന് ചിലവ് കൂടുതലായതിനാൽ ഏറെക്കാലമായി എൻ ടി പി സി യിൽ  വൈദ്യുതി ഉൽപാദനം നടക്കുന്നില്ല. എന്നാൽ സോളാർ വൈദ്യുതി യൂണിറ്റിന് 3 രൂപ 16 പൈസക്ക് 25 വർഷത്തേക്ക്  കെഎസ്ഇബിക്ക് നൽകാം എന്നുള്ളതാണ് വ്യവസ്ഥ. അതേസമയം തന്നെ  കെഎസ്ഇബിയുമായി നിലവിൽ 2025 വരെ  പഴയ കരാർ നിലനിൽക്കും.
70 മെഗാവാട്ട് സോളാർ പ്ലാന്റിന്റെ നിർമ്മാണപ്രവർത്തനങ്ങൾ 2019 സെപ്റ്റംബറിലാണ് ആരംഭിച്ചത്. ടാറ്റാ കമ്പനിക്കാണ് നിർമാണച്ചുമതല. 310 ഏക്കർ സ്ഥലത്താണ് ഫ്‌ളോട്ടിംഗ്  സോളാർ പാനലുകൾ സ്ഥാപിക്കുന്നത്. 2021 ഒക്‌ടോബറിൽ നിർമ്മാണം പൂർത്തിയാകും. അതോടൊപ്പം തന്നെ 22 മെഗാവാട്ടിന്റെ മറ്റൊരു പദ്ധതി നിർമാണവും നടന്നുവരികയാണ്  ബി എച്ച് ഇ എൽ ബാംഗ്ലൂരിനാണ് നിർമാണച്ചുമതല. ഇതിന് 170 ഏക്കർ സ്ഥലത്താണ് ഫ്‌ളോട്ടിംഗ്  സോളാർ പാനലുകൾ സ്ഥാപിക്കുന്നത്. ഏപ്രിൽ 23 ഓടുകൂടി 5 മെഗാവാട്ട് വൈദ്യുതി ഉൽപാദനം ആരംഭിക്കാൻ കഴിയുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. 
പ്ലാന്റുമായി ബന്ധപ്പെട്ട് സ്ഥാപിച്ചിട്ടുള്ള കേന്ദ്രീയ വിദ്യാലയത്തിന് എൻടിപിസി നൽകിവരുന്ന സാമ്പത്തിക സഹായം അടുത്ത അധ്യയന വർഷത്തോടെ അവസാനിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു. ഏകദേശം നാലു കോടി രൂപയോളമാണ് ഇപ്പോൾ എല്ലാ വർഷവും എൻ ടി പിസി കേന്ദ്ര വിദ്യാലയത്തിനു നൽകിവരുന്നത്. പ്ലാന്റ്  നഷ്ടത്തിൽ ആയതിനാൽ ഈ തുക തുടർന്നും നൽകാനാകില്ലെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ സ്‌കൂളിന് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും കെട്ടിടം, കറണ്ട്, വെള്ളം എന്നിവ നൽകാൻ എൻടിപിസി സന്നദ്ധമാണെന്നും ജനറൽ മാനേജർ ബി വി കൃഷ്ണ, ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ് വിഭാഗം മേധാവി വി വി കുര്യൻ, എച്ച് ആർ ജി എം ബാല സുന്ദരം എന്നിവർ അറിയിച്ചു.

 

Latest News