Sorry, you need to enable JavaScript to visit this website.

അതിരപ്പിള്ളി ബ്രാൻഡ്  ഉൽപന്നങ്ങൾ വിപണിയിലേക്ക് 

അതിരപ്പിള്ളി ട്രൈബൽവാലി കാർഷിക പദ്ധതിയുടെ ഭാഗമായ അതിരപ്പിള്ളി ബ്രാൻഡ് ഉൽപന്നങ്ങൾ വിപണിയിലേക്ക്. 
വെള്ള, ചുവപ്പ് കുരുമുളക്, കുരുമുളകുപൊടി, കാപ്പിക്കുരു, റോസ്റ്റഡ് കാപ്പിക്കുരു, കാപ്പിപൊടി, മഞ്ഞക്കൂവ പൊടി, മഞ്ഞൾ പൊടി, കൊക്കോപ്പൊടി, ജാതിപത്രി, കുടംപുളി, ഇഞ്ചി, വൻ തേൻ, കുറും തേൻ, ചെറു തേൻ, തെള്ളി, അടക്ക തുടങ്ങിയ  18 വിവിധ ഉൽപന്നങ്ങൾ ആണ് അതിരപ്പിള്ളി എന്ന ബ്രാൻഡിൽ വിപണിയിലെത്തുന്നത്. റീബിൽഡ് കേരള ഇനിഷ്യേറ്റീവ്, കൃഷി വകുപ്പ്, യു എൻ ഡി പി, പട്ടികവർഗ്ഗ വികസന വകുപ്പ് തുടങ്ങിയവയുടെയും സഹകരണത്തോടെ 10 കോടി രൂപ വിനിയോഗിച്ചാണ്  പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 
ഉൽപന്നങ്ങളുടെ ലോഞ്ചിങ് തൃശൂർ എലൈറ്റ് ഇന്റർനാഷണൽ ഹോട്ടലിൽ കൃഷി മന്ത്രി അഡ്വ. വി എസ് സുനിൽകുമാർ നിർവഹിച്ചു. ചാലക്കുടി എം എൽ എ ബി ഡി ദേവസി അധ്യക്ഷനായി. വിമാനത്താവളങ്ങളിലും, പ്രധാന ഷോപ്പിംഗ് മാളുകളിലും, സൂപ്പർ മാർക്കറ്റുകളിലും ഉൽപന്നങ്ങൾക്ക് പ്രത്യേക കിയോസ്‌കുകൾ ഒരുക്കുമെന്ന് ലോഞ്ചിങ് നിർവഹിക്കവേ മന്ത്രി പറഞ്ഞു. മികച്ച രീതിയിൽ  ഉൽപന്നങ്ങൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിസ്ഥിതി സൗഹാർദ്ദ പാക്കേജിങ് ആണ് നൽകിയിരിക്കുന്നത്. മണ്ണിനെ ആത്മാർഥമായി സ്‌നേഹിക്കുന്ന, പ്രകൃതിക്ക് ഇണങ്ങുന്ന കൃഷിരീതി സ്വീകരിച്ചിരിക്കുന്നവരുടെ  ഉൽപന്നങ്ങൾ വിപണിയിൽ ഏറെ അദ്ഭുതങ്ങൾ സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന അതിരപ്പിള്ളി ട്രൈബൽവാലി  കാർഷിക പദ്ധതി ആദിവാസി വിഭാഗത്തിന്റെ  സമഗ്ര ഉന്നമനത്തിനായുള്ള പദ്ധതിയാണ്. മൂന്നുവർഷം കൊണ്ട് പൂർത്തീകരിക്കാൻ ലക്ഷ്യമിടുന്ന ഈ പദ്ധതിയിൽ കൃഷിയുടെ വ്യാപനം  മുതൽ വിപണനം വരെയുള്ള പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്നു.  ഉത്കൃഷ്ടമായ ഉൽപന്നങ്ങൾ മറ്റുള്ളവർക്ക് സമ്മാനിക്കണം എന്നാഗ്രഹിക്കുന്നവർക്കായി ഇവയുടെ ഗിഫ്റ്റ് ഹാംപറും ഒരുക്കിയിട്ടുണ്ട്. 
അതിരപ്പിള്ളി പഞ്ചായത്തിലെ ജനസംഖ്യയുടെ ഏകദേശം 30 ശതമാനം ആദിവാസികളാണ്. ഈ വിഭാഗത്തിലെ കർഷകർക്കും വനിതകൾക്കും അഭ്യസ്തവിദ്യർക്കും ഈ പദ്ധതി കൊണ്ട് ഏറെ പ്രയോജനം ലഭിക്കും. ഉൽപാദനം പൂർണമായും ജൈവരീതിയിലാണ്. കൂടാതെ പുറമെനിന്നുള്ള ഉൽപാദനോപാധികൾ ഒന്നും ഉപയോഗിക്കുന്നില്ല. ഓരോ ഊരിന്റെയും തനത് സവിശേഷത നിലനിർത്തിക്കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. പൂർണമായും പരമ്പരാഗത വിത്തിനങ്ങളും നടീൽ വസ്തുക്കളും ആണ് കൃഷിക്ക് വ്യാപകമായി ഉപയോഗിക്കുന്നത്. പ്രധാനപ്പെട്ട നാല് കോളനികളിൽ വനിത ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ പരമ്പരാഗത നടീൽ വസ്തുക്കൾ ഉൽപാദിപ്പിക്കുന്ന നഴ്‌സറികൾ  സ്ഥാപിച്ചു. ഇവിടെ ഉൽപാദിപ്പിക്കുന്ന തൈകളാണ് ഓരോ കോളനിയിലും  കൃഷിക്കായി ഉപയോഗിക്കുന്നത്.
എല്ലാ ഉൽപന്നങ്ങളും സംഭരിച്ച് സംസ്‌കരിച്ച് മൂല്യവർധനം നടത്തുന്നതിനായി സെൻട്രൽ  പ്രോസസിംഗ് യൂണിറ്റ് നിർമ്മാണ പ്രവർത്തനം വെറ്റിലപ്പാറയിൽ പുരോഗമിച്ചുവരുന്നു.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ മൊബൈൽ ആപ്പ് ലോഞ്ചിങ് നിർവഹിച്ചു. ട്രൈബൽ വാലി നോഡൽ ഓഫീസർ എസ് എസ് സാലുമോൻ പദ്ധതി വിശദീകരിച്ചു. ചാലക്കുടി ബ്ലോക്ക്  പഞ്ചായത്ത് പ്രസിഡന്റ് വേണു കണഠര് മഠത്തിൽ, അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിജേഷ് കെ.കെ, ഊരു മൂപ്പൻ സന്തോഷ്, കൃഷി വകുപ്പ് ഡയറക്ടർ ഡോ കെ  വാസുകി, പ്രിൻസിപ്പൽ കൃഷി ഓഫീസർ മിനി കെ.എസ്, കൃഷി അഡീഷണൽ ഡയറക്ടർ ശ്രീലത തുടങ്ങിയവർ പങ്കെടുത്തു.

 

Latest News