സൗദിയില്‍ പള്ളികളില്‍ കര്‍ശന പരിശേധന; ഒരാഴ്ചക്കിടെ കണ്ടെത്തിയത് ഇമാമുകളടക്കം 288 ജീവനക്കാരുടെ വീഴ്ച

റിയാദ് - ഒരാഴ്ചക്കിടെ വിവിധ പ്രവിശ്യകളിലെ മസ്ജിദുകളിലും ജുമാമസ്ജിദുകളിലും ഇസ്‌ലാമികകാര്യ മന്ത്രാലയം നടത്തിയ പരിശോധനകളില്‍ ഇമാമുമാരും മുഅദ്ദിനുകളും ഖതീബുമാരും അടക്കം മസ്ജിദ് ജീവനക്കാരായ 288 പേര്‍ മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ പാലിക്കാത്തതായി കണ്ടെത്തി.

1,700 പള്ളികളില്‍ മുന്‍കരുതല്‍ നടപടികള്‍ ബാധകമാക്കുന്നില്ലെന്നും പരിശോധനകളില്‍ ശ്രദ്ധയില്‍ പെട്ടു. കഴിഞ്ഞയാഴ്ച രാജ്യത്തെ മസ്ജിദുകളില്‍ 21,905 ഫീല്‍ഡ് സന്ദര്‍ശനങ്ങളാണ് മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയത്.
മക്ക പ്രവിശ്യയില്‍ 1,947 ഉം മദീനയില്‍ 1,629 ഉം റിയാദില്‍ 3,786 ഉം കിഴക്കന്‍ പ്രവിശ്യയില്‍ 1,044 ഉം അല്‍ഖസീമില്‍ 2,455 ഉം തബൂക്കില്‍ 845 ഉം ഹായിലില്‍ 1,303 ഉം ഉത്തര അതിര്‍ത്തി പ്രവിശ്യയില്‍ 738 ഉം അല്‍ജൗഫില്‍ 1,575 ഉം ജിസാനില്‍ 2,430 ഉം അസീറില്‍ 1,743 ഉം അല്‍ബാഹയില്‍ 1,354 ഉം നജ്‌റാനില്‍ 10,56 ഉം ഫീല്‍ഡ് സന്ദര്‍ശനങ്ങളാണ് കഴിഞ്ഞയാഴ്ച ഇസ്‌ലാമികകാര്യ മന്ത്രാലയം നടത്തിയത്. നാലാഴ്ചക്കിടെ മസ്ജിദുകളില്‍ 80,201 ഫീല്‍ഡ് പരിശോധനകള്‍ മന്ത്രാലയം നടത്തിയിട്ടുണ്ട്.

ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സുരക്ഷാ വകുപ്പുകള്‍ ഒരാഴ്ചക്കിടെ നടത്തിയ പരിശോധകളില്‍ മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ പാലിക്കാത്തതുമായി ബന്ധപ്പെട്ട 43,428 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ഫെബ്രുവരി 21 മുതല്‍ 27 വരെയുള്ള ദിവസങ്ങളില്‍ നടത്തിയ പരിശോധനകളിലാണ് ഇത്രയും നിയമ ലംഘകര്‍ കുടുങ്ങിയത്. ഇവര്‍ക്ക് പിഴകള്‍ ചുമത്തി. ഒരാഴ്ചക്കിടെ ഏറ്റവും കൂടുതല്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത് റിയാദ് പ്രവിശ്യയിലാണ്. ഇവിടെ 17,789 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. മക്ക പ്രവിശ്യയില്‍ 10,388 ഉം കിഴക്കന്‍ പ്രവിശ്യയില്‍ 4,819 ഉം അല്‍ഖസീമില്‍ 2,513 ഉം മദീനയില്‍ 1,748 ഉം തബൂക്കില്‍ 1,402 ഉം അല്‍ജൗഫില്‍ 1,332 ഉം അല്‍ബാഹയില്‍ 888 ഉം ഹായിലില്‍ 852 ഉം അസീറില്‍ 739 ഉം ഉത്തര അതിര്‍ത്തി പ്രവിശ്യയില്‍ 488 ഉം ജിസാനില്‍ 315 ഉം നജ്‌റാനില്‍ 155 ഉം നിയമ ലംഘനങ്ങള്‍ ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകള്‍ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം വെൡപ്പെടുത്തി.

 

Latest News