Sorry, you need to enable JavaScript to visit this website.

റിയാദിന് നേരെയുള്ള ഹൂത്തികളുടെ ആക്രമണം; ശക്തിയായി പ്രതിഷേധിച്ച് അമേരിക്ക

റിയാദ്- സൗദി അറേബ്യയിലെ ജനവാസ കേന്ദ്രങ്ങളും തന്ത്രപ്രധാന കെട്ടിടങ്ങളും ലക്ഷ്യമാക്കി ഹൂത്തി ഭീകരർ നടത്തിയ ആക്രമണത്തെ അമേരിക്ക ശക്തിയായി അപലപിച്ചു. നിരപരാധികളായ സാധാരണക്കാരെ മാത്രമല്ല, യെമനിന്റെ പുരോഗതിക്കും സ്ഥിരതക്കും ഈ ആക്രമണം ഭീഷണിയാണെന്ന് അമേരിക്ക വ്യക്തമാക്കി. ഇത്തരം ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും മുഴുവൻ സമാധാന ചർച്ചകൾക്കും ഇത് തടസമാണെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി. റിയാദിന് നേർക്ക് ഹൂത്തി ഭീകരർ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ ലക്ഷ്യം നേടുന്നതിന് മുമ്പേ സൗദി തകർക്കുകയായിരുന്നു. ഇതിന് പുറമെ, ദക്ഷിണ അതിർത്തി മേഖല, ജിസാൻ, ഖമീസ് മുഷൈത്ത് എന്നിവിടങ്ങളിലേക്ക് സ്‌ഫോടക വസ്തുക്കളുമായി ഹൂത്തികൾ അയച്ച ആറ് ഡ്രോണുകളെയും പ്രതിരോധിക്കുന്നതിൽ സഖ്യസേന വിജയിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. 
ശനിയാഴ്ച വൈകീട്ടും ഇന്നലെ രാവിലെയുമായിരുന്നു ആക്രമണശ്രമങ്ങൾ. സിവിലിയന്മാരെ ലക്ഷ്യമാക്കി ഹൂത്തികൾ തുടർച്ചയായി നടത്തുന്ന ഇത്തരം ആക്രമണങ്ങൾ അന്തരാഷ്ട്ര മാനദണ്ഡങ്ങളുടെ ലംഘനവും ഭീകരപ്രവർത്തനവുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 
സൗദി റോയൽ വ്യോമ പ്രതിരോധ സേനക്കും സൗദി റോയൽ എയർഫോഴ്‌സിനും ഇത്തരം വെല്ലുവിളി തകർക്കാൻ പരിപൂർണശേഷിയുണ്ടെന്നും രാജ്യാതിർത്തി കടന്നുള്ള ഏതൊരു ആക്രമണങ്ങളെയും സൈന്യം സദാനിരീക്ഷിക്കുന്നതായും അദ്ദേഹം വിശദമാക്കി. സാധാരണ ജനങ്ങളെയും അവരുടെ വസ്തുവകകളെയും സംരക്ഷിക്കുന്നതിന് സഖ്യസേന ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ബ്രിഗേ.ജനറൽ തുർക്കി അൽമാലിക്കി വ്യക്തമാക്കി. അന്താരാഷ്ട്ര മനുഷ്യാവകാശങ്ങളും പരസ്പര ധാരണകളും തകിടംമറിച്ചുള്ള ഹൂത്തി അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, തലസ്ഥാന നഗരിയെ ലക്ഷ്യമാക്കി ഹൂത്തി ഭീകരർ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്ടങ്ങൾ റിയാദിലെ വിവിധ ജനവാസ കേന്ദ്രങ്ങളിൽ പതിച്ചതായി സിവിൽ ഡിഫൻസ് അതോറിറ്റി അറിയിച്ചു. മിസൈലിന്റെ അവശിഷ്ടം പതിച്ച് ഒരു സ്വദേശിയുടെ വീടിന്റെ മേൽക്കൂര തകരുകയും ചില്ലറ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഇതൊഴിച്ചാൽ ആളുകൾക്ക് പരിക്കേൽക്കുകയോ മരണമോ സംഭവിച്ചിട്ടില്ലെന്ന് സിവിൽ ഡിഫൻസ് അതോറിറ്റി വെളുപ്പെടുത്തി.

Latest News