കൊൽക്കത്ത- പശ്ചിമ ബംഗാളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂല്‍ കോണ്‍ഗ്രസിനേയും ബിജെപിയെയും പരാജയപ്പെടുത്തുമെന്ന പ്രഖ്യാപനവുമായി അബ്ബാസ് സിദ്ദീഖിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സെക്യുലർ ഫ്രണ്ട് (ഐഎസ്‌എഫ്).
ധാർഷ്ട്യവും അഹങ്കാരവും തുടരുന്ന മുഖ്യമന്ത്രി മമത ബാനർജിയെ ബംഗാള്‍ ജനത ഒരു പാഠം പഠിപ്പിക്കുമെന്ന് അബ്ബാസ് സിദ്ദീഖി പറഞ്ഞു.
ഇടതുമുന്നണിക്കും സഖ്യകക്ഷികൾക്കും പിന്തുണ പ്രഖ്യാപിച്ച സിദ്ദീഖി തെരഞ്ഞെടുപ്പിൽ ബിജെപിക്കും അവരുടെ ബി ടീമായ മമതാ ബാനർജിക്കും കനത്ത തിരിച്ചടി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
മമതയും ടിഎംസിയും ജനാധിപത്യത്തെ നശിപ്പിക്കുകയും സംസ്ഥാനത്ത് അരാജകത്വം അഴിച്ചുവിടുകയും ചെയ്തു. തെരഞ്ഞെടുപ്പിൽ അവർക്ക് അതിനുള്ള ശിക്ഷ നല്‍കും- ബ്രിഗേഡ് പരേഡ് മൈതാനത്ത് നടന്ന ഇടത്-കോണ്‍ഗ്രസ് റ മെഗാ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സിദ്ദീഖി കൂട്ടിച്ചേർത്തു.
നിയമസഭാ തെരഞ്ഞെടുപ്പിനായി ഐ.എസ്.എഫ് ഇടതുമുന്നണിയുമായി സീറ്റ് പങ്കിടൽ ധാരണയിലെത്തിയിട്ടുണ്ട്. കോൺഗ്രസുമായുള്ള ചർച്ചകൾ തുടരുകയാണ്.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷവും കോൺഗ്രസും മറ്റ് മതേതര ശക്തികളും ഉള്‍ക്കൊള്ളുന്ന സഖ്യം ടിഎംസിയെയും ബിജെപിയെയും പരാജയപ്പെടുത്തുമെന്ന് കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി പറഞ്ഞു.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഇരു കക്ഷികള്‍ തമ്മിലുള്ള മത്സരമായിരിക്കില്ലെന്നാണ് മെഗാ റാലിയില്‍ അണിനിരന്ന ജനക്കൂട്ടം തെളിയിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് പാർട്ടികൾ കൂടാതെ സംസ്ഥാനത്ത് മറ്റൊരു രാഷ്ട്രീയ ശക്തിയും ഉണ്ടാകരുതെന്നാണ് ബിജെപിയും ഭരണകക്ഷിയായ ടിഎംസിയും ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഭാവിയിൽ ബിജെപിയോ ടിഎംസിയോ ഉണ്ടാവില്ല, മഹാസഖ്യം മാത്രമേ നിലനിൽക്കൂ- അദ്ദേഹം പറഞ്ഞു.
പശ്ചിമ ബംഗാളിൽ എട്ട് ഘട്ടമായാണ് വോട്ടെടുപ്പ് .മാർച്ച് 27 ന് ആരംഭിച്ച് ഏപ്രിൽ 29 ന് സമാപിക്കും.മേയ് രണ്ടിനാണ് വോട്ടെണ്ണല്‍.






