അന്ന് നിങ്ങള്‍ അവധിയിലായിരുന്നു; രാഹുലിനെ പരിഹസിച്ച് അമിത് ഷാ

കാരൈക്കല്‍- രണ്ടു വർഷംമുമ്പ് തന്നെ മത്സ്യബന്ധന മന്ത്രാലയമുണ്ടെന്നും ഇക്കാര്യം അറിയാത്ത കോണ്‍ഗ്രസ് നേതാവ് അക്കാലത്ത് അവധിയിലായിരിക്കാമെന്നും കളിയാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

മത്സ്യബന്ധനത്തിന് പ്രത്യേക മന്ത്രാലയം ഇല്ലെന്ന് രാഹുൽ ഗാന്ധി വിമർശിച്ചതിനെ തുടർന്നാണ് അമിത് ഷായുടെ പരിഹാസം.  പ്രധാനമന്ത്രി നരേന്ദ്ര മോഡി രണ്ട് വർഷം മുമ്പാണ് ഇത് സ്ഥാപിച്ചതെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.

 പുതുച്ചേരി തെരഞ്ഞെടുപ്പിനായി പ്രചാരണത്തിനിടെ കാരൈക്കലിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 2019 ൽ എൻ‌ഡി‌എ മത്സ്യബന്ധന മന്ത്രാലയം സ്ഥാപിക്കുമ്പോൾ രാഹുല്‍ ഗാന്ധി അവധിക്കാലത്തായിരുന്നുവെന്ന് അമിത് ഷാ ആരോപിച്ചു.

മത്സ്യബന്ധന വകുപ്പ് ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് ഏതാനും ദിവസം മുമ്പാണ് രാഹുൽ ഗാന്ധി ചോദിച്ചത്.  രണ്ട് വർഷമായി ഫിഷറീസ് വകുപ്പ് നിലവിലുണ്ടെന്ന് അറിയാത്ത ഒരു നേതാവിനെയാണോ ജനങ്ങള്‍ക്ക് വേണ്ടതെന്ന് അമിത് ഷാ ചോദിച്ചു.  .

മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ക്ഷേമത്തിനായി മോഡി സർക്കാർ സ്വീകരിച്ച വിവിധ സംരംഭങ്ങളും അമിത് ഷാ എടുത്തുപറഞ്ഞു. രാജ്യത്തെ മത്സ്യബന്ധന അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ബജറ്റിൽ കേന്ദ്രം 20,000 കോടി രൂപ പ്രഖ്യാപിച്ചതായും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി 17 ന് മത്സ്യത്തൊഴിലാളികളെ അഭിസംബോധന ചെയ്യുന്നതിനിടെ ഗാന്ധി സമുദ്രത്തിലെ കർഷകരെന്നാണ് അഭിസംബോധന ചെയ്തത്. ത്സ്യബന്ധനത്തിന് പ്രത്യേക മന്ത്രാലയം ആവശ്യമാണെന്ന് പറയും ചെയ്തു. എന്നാല്‍ അത്തരമൊരു മന്ത്രാലയം  ഉണ്ടെന്ന് ചൂണ്ടിക്കാട്ടി നിരവധി മന്ത്രിമാരും ബിജെപി നേതാക്കളും രംഗത്തുവന്നിരുന്നു.

15,000 കോടി രൂപയുടെ കേന്ദ്ര ഫണ്ടിൽ നിന്ന് പുതുച്ചേരി മുൻ മുഖ്യമന്ത്രി വി നാരായണസാമി ഗാന്ധി കുടുംബത്തിന് പണം മറിച്ചു നൽകിയെന്ന് അമിത് ഷാ ആരോപിച്ചു.

ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെത്തുടർന്ന് ഈ മാസം ആദ്യം തകർന്ന കോൺഗ്രസ് സർക്കാർ കേന്ദ്ര പദ്ധതികളെച്ചൊല്ലി രാഷ്ട്രീയം കളിക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പുതുച്ചേരിയിൽ മാത്രമല്ല, രാജ്യമെമ്പാടും നിരവധി കോൺഗ്രസ് പ്രവർത്തകർ ബിജെപിയിൽ ചേരുകയാണ്.   പുതുച്ചേരി യുവാക്കളിൽ 75 ശതമാനവും തൊഴിലില്ലാത്തവരാണ്. എൻ‌ഡി‌എ സർക്കാരിന് വോട്ട് ചെയ്താൽ തൊഴിലില്ലായ്മ കുറച്ച്  40 ശതമാനത്തിൽ താഴെ എത്തിക്കുമെന്ന് അദ്ദേഹം വാഗ്ദാനം നല്‍കി.

 

Latest News