Sorry, you need to enable JavaScript to visit this website.

രണ്ടാംഘട്ടം വാക്സിനേഷൻ: മുതിർന്ന പൗരൻമാർക്കും ഈ രോഗങ്ങളുള്ളവർക്കും മുൻഗണന

ന്യൂദല്‍ഹി- മാർച്ച് 1ന് ആരംഭിക്കുന്ന കോവിഡ് വാക്സിനേഷന്റെ രണ്ടാംഘട്ടത്തിൽ മുതിർന്ന പൌരന്മാർക്കാണ് മുൻഗണന നൽകുന്നത്. 50 വയസ്സിനു മുകളിലുള്ളവർക്ക് പൊതുവിലും 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് പ്രത്യേകമായും പരിഗണന നൽകും. അതെസമയം, ഈ വാക്സിനേഷൻ ഡ്രൈവിൽ മറ്റ് ചില മുൻഗണനകൾ കൂടിയുണ്ട്. ഇരുപതോളം വരുന്ന ആ മുൻഗണനാ പട്ടിക കേന്ദ്ര സർക്കാർ പുറത്തു വിട്ടു.

പുതിയ ഉത്തരവ് പ്രകാരം 45 വയസ്സിനു മേൽ പ്രായമുള്ള, ഇരുപതോളം മറ്റ് രോഗാവസ്ഥകളുള്ളവർക്കാണ് മുൻഗണന ലഭിക്കുക. ഹൃദയാഘാതം മൂലം ഒരു വർഷത്തോളമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളവർക്ക് ഈ പരിഗണന കിട്ടും. ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞവർക്കും കോവിഡ് വാക്സിനേഷനിൽ മുൻഗണനയുണ്ട്. ഹൃദയാഘാതം മൂലം ഒരു വർഷത്തോളമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള രോഗികൾ, ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞവർ, ലെഫ്റ്റ് വെൻട്രിക്കിൾ പ്രവർത്തനക്ഷമത കുറഞ്ഞ രോഗികൾ, ഹൃദയധമനീ രോഗങ്ങളുള്ളവർ, കിഡ്നി, ലിവർ മാറ്റിവെക്കലിന് വിധേയരായവർ, ഗുരുതരമായ പ്രമേഹരോഗങ്ങളുള്ളവർ, അവസാന ഘട്ടത്തിലുള്ള കിഡ്നി രോഗങ്ങളുള്ളവഡ്, കടുത്ത ശ്വാസകോശ രോഗങ്ങളുളവർ, ലിംഫോമ/ലുക്കീമിയ/മീലോമ രോഗികൾ, കടുത്ത കാൻസർ രോഗത്തിന് വിധേയരായവർ, ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർ, ശ്വാസകോശത്തെ ബാധിക്കുംവിധം ആസിഡ് ആക്രമണത്തിന് വിധേയരായവർ, ബധിരതയും അന്ധതയും പോലെ വിവിധ വെല്ലുവിളികളെ ഒരുമിച്ച് നേരിടുന്നവർ തുടങ്ങിയ ഇരുപതോളം രോഗാവസ്ഥകളുള്ളവർക്കാണ് പ്രത്യേക മുൻഗണന ലഭിക്കുക.

രാജ്യത്ത് വാക്സിനേഷൻ പരിപാടികൾ ദ്രുതഗതിയിൽ മുമ്പോട്ടു പോകുകയാണ്. നിലവിൽ ആരോഗ്യപ്രവർത്തകർ അടക്കമുള്ള മുൻനിര പ്രവർത്തകർക്കാണ് വാക്സിനേഷൻ ലഭിക്കുന്നത്. ഇതിനു ശേഷമേ പൊതുജനങ്ങളിലേക്ക് ഇറങ്ങുകയുള്ളൂ.

കോവിഷീൽഡ്, കോവാക്സിൻ എന്നീ രണ്ട് വാക്സിനുകളാണ് രാജ്യത്തെ സർക്കാരിന്റെ അംഗീകാരം നേടി നിലവിൽ വിതരണത്തിലുള്ളത്. റഷ്യയുടെ സ്പുട്നിക് വാക്സിൻ അംഗീകാരത്തിനായി ശ്രമം നടത്തി വരുന്നുണ്ട്. ഇന്ത്യയുടെ ഭാരത് ബയോടെക് നിർമിച്ചെടുത്ത കോവാക്സിൻ ബ്രസീൽ അടക്കമുള്ള വിദേശരാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നുണ്ട്.കോവിഡ് പടർച്ച അതീവഗുരുതരമായി തുടരുന്ന ബ്രസീലിന് അടിയന്തിരാവശ്യമെന്ന നിലയിലാണ് വാക്സിനുകൾ അയയ്ക്കുന്നത്. ഇതുകൂടാതെ വാക്സിൻ ലഭ്യത കുറവായ ദരിദ്രരാജ്യങ്ങളിലേക്ക് ഐക്യരാഷ്ട്രസഭയുമായി ചേർന്ന് ഇന്ത്യ വാക്സിനുകൾ അയയ്ക്കുന്നുണ്ട്.

Latest News