Sorry, you need to enable JavaScript to visit this website.

ആർഎസ്എസ്സും ബിജെപിയും നുഴഞ്ഞുകയറാത്ത ജുഡീഷ്യറി സംവിധാനം ആവശ്യം: രാഹുൽ ഗാന്ധി

ചെന്നൈ - ജുഡീഷ്യൽ സംവിധാനത്തിലേക്ക് നുഴഞ്ഞു കയറുക, മറ്റ് പാർട്ടികളിലെ എംഎൽഎമാരെ ചാക്കിട്ട് പിടിക്കുക തുടങ്ങിയ മാർഗങ്ങളിലൂടെ രാജ്യത്തിന്റെ ഉന്നതമായ സ്ഥാപനങ്ങളുടെ സംതുലനാവസ്ഥ തകർക്കുകയാണ് ബിജെപിയും ആർഎസ്എസ്സുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാർലമെന്റ്, സംസ്ഥാന അസംബ്ലികൾ, പഞ്ചായത്തുകൾ, ജുഡീഷ്യറി, സ്വതന്ത്ര മാധ്യമപ്രവർത്തനം എന്നു തുടങ്ങിയ സംവിധാനങ്ങളെല്ലാം ബിജെപിയുടെയും ആർഎസ്എസ്സിന്റെയും ഭരണത്തിൻകീഴിൽ മൂല്യപരമായി ശോഷിച്ചു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പണാധികാരത്തിന്റെ പിൻബലത്തോടെയാണിതെല്ലാം ചെയ്യുന്നത്. കൊലപാതകങ്ങൾ നടത്തിയും ഭീഷണിപ്പെടുത്തിയും രാജ്യദ്രോഹ നിയമങ്ങൾ ദുരുപയോഗം ചെയ്തുമാണ് ആർഎസ്എസ്സും ബിജെപിയും ഇത് സാധ്യമാക്കുന്നത്.

മാറ്റത്തിന് ഒരു ജനമുന്നേറ്റം തന്നെ ആവശ്യമാണെന്നും രാഹുൽ പറഞ്ഞു. തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിൽ അഭിഭാഷകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ഏപ്രിൽ 6ന് തമിഴ്നാട്ടിലും പുതുച്ചേരിയിലും അസംബ്ലി തെരഞ്ഞെടുപ്പ് നടക്കുന്നത് പ്രമാണിച്ചാണ് ഈ സംവാദം സംഘടിപ്പിക്കപ്പെട്ടത്.

ഉയർന്ന സ്ഥാനങ്ങളിൽ നിയമിക്കപ്പെടുന്നതിനു മുമ്പായി ജഡ്ജിമാർക്ക് ഒരു താൽക്കാലിക വിരാമ സമയം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ പ്രശ്നത്തെ ചൂണ്ടിക്കാട്ടാൻ ശേഷിയുള്ള മാധ്യമസ്ഥാപനങ്ങളും വേണമെന്നും അദ്ദേഹം വ്യക്തമാക്കി.

ആർഎസ്എസ്സും ബിജെപിയും നുഴഞ്ഞുകയറാത്ത ജുഡീഷ്യറി സംവിധാനം രാജ്യത്തിന് ആവശ്യമാണെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. രാജ്യത്തെ കൂറുമാറ്റ നിയമം കൂടുതൽ ശക്തമാക്കേണ്ടതിന്റെ ആവശ്യകയും അദ്ദേഹം ചൂണ്ടിക്കാട്ടി.  ഇലക്ട്രോണിക് വോട്ടിങ് മെഷീൻ സംവിധാനം കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കണമെന്നും രാഹുൽ പറഞ്ഞു.

ഇനി കോൺഗ്രസ് അധികാരത്തിൽ വരുമ്പോഴും നേരിടാനിരിക്കുന്നത് വലിയ വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയെ അനുകൂലിക്കുന്നതു കൊണ്ടു മാത്രം സ്ഥാനമാനങ്ങൾ ലഭിച്ച ജഡ്ജിമാരെയാണ് നേരിടേണ്ടി വരിക. ഒരു വൻ ജനമുന്നേറ്റത്തിലൂടെ മാത്രമേ ഇനിയൊരു മാറ്റം സാധ്യമാകൂ. അതിന്റെ തുടക്കമാണ് ദൽഹി അതിർത്തിയിൽ കാണുന്നതെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

Latest News