റിയാദ്- വസ്തുതാവിരുദ്ധമായ വാർത്തകളോ പരാതികളോ അടങ്ങിയ ദൃശ്യങ്ങളോ ശബ്ദങ്ങളോ പ്രചരിപ്പിക്കുന്നതിനെതിരെ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
പ്രചരിപ്പിക്കുന്നതിന് മുന്നോടിയായി കൃത്യതയും യാഥാർഥ്യവും സസൂക്ഷ്മം പരിശോധിക്കണം. വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. സിവിൽ അഫയേഴ്‌സ് ഏജൻസിയുടെ ഉദ്ദേശ്യ ലക്ഷ്യത്തിന് വിരുദ്ധമായ രീതിയിൽ വ്യാജ വാർത്തകൾ പ്രചരിക്കപ്പെട്ട പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രാലയം പ്രസ്താവന പുറപ്പെടുവിച്ചത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ മന്ത്രാലയ ശാഖകൾ വഴി യഥാർഥ വസ്തുതകൾ അറിയുന്നതിനും പരാതി ബോധിപ്പിക്കുന്നതിനും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 8004399999 എന്ന ടോൾഫ്രീ നമ്പർ ഉപയോഗിച്ചോ സാമൂഹ്യ മാധ്യമങ്ങളിലെ മന്ത്രാലയ അക്കൗണ്ട് വഴിയോ പരാതി ഉന്നയിക്കാമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.






