ബംഗാള്‍ യുദ്ധം അതിരൂക്ഷം, മമതയെ അമ്മായിയെന്ന് വിളിച്ച് ബി.ജെ.പി

കൊല്‍ക്കത്ത- ബംഗാളില്‍ തെരഞ്ഞെടുപ്പ് യുദ്ധം കൊടുമ്പിരിക്കൊളളുമെന്ന സൂചന നല്‍കി മമത ബാനര്‍ജിയും ബി.ജെ.പിയും രൂക്ഷമായ വാക്‌പോരില്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തൃണമൂല്‍ പുറത്തിറക്കിയ പോസ്റ്ററും ബി.ജെ.പിയുടെ മറുപടിയുമാണ് പുതിയ വിവാദം.
മമത വീണ്ടും ഭരണത്തില്‍ എത്തണമെന്ന് സൂചിപ്പിച്ച് 'ബംഗാളിന് അതിന്റെ മകളെ ആവശ്യമുണ്ട്' എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് പുറത്തിറക്കിയ പോസ്റ്ററില്‍ പറയുന്നത്. ഇതിന് മറുപടിയായി ബി.ജെ.പി ഇറക്കിയ പോസ്റ്ററില്‍ മമതയെ ബംഗാളി വാക്കായ 'പിഷി' (അമ്മായി) എന്നാണ് വിശേഷിപ്പിക്കുന്നത്. ബംഗാളിന് വേണ്ടത് മകളെയാണ്, അമ്മായിയെ അല്ല എന്നായിരുന്നു പോസ്റ്ററിലെ വാചകം.
മമതയേയും മരുമകനായ അഭിഷേക് ബാനര്‍ജിയേയും സൂചിപ്പിച്ചാണ് ബി.ജെ.പിയുടെ പരിഹാസ പോസ്റ്റര്‍. ബി.ജെ.പി ബംഗാള്‍ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവെച്ച പോസ്റ്ററില്‍ മമതയുടെ ചിത്രത്തിനൊപ്പം രൂപ ഗാംഗുലി, ദേവശ്രീ ചൗധരി, ലോക്കറ്റ് ചാറ്റര്‍ജി തുടങ്ങി ബംഗാളിലെ ഒമ്പത് വനിതാ ബി.ജെ.പി നേതാക്കളുടെ ചിത്രവുമുണ്ട്.
പാര്‍ലമെന്റ് അംഗം കൂടിയായ അഭിഷേക് ബാനര്‍ജിയെ മുഖ്യമന്ത്രി പദത്തിലെത്താനുള്ള രാഷ്ട്രീയ നീക്കങ്ങള്‍ മമതയുടെ ഭാഗത്ത് നിന്നുണ്ടായെന്ന് ബി.ജെ.പി നിരവധി തവണ ആരോപണമുന്നയിച്ചിരുന്നു.

 

Latest News