Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോവിഡ് വാക്സിൻ നയതന്ത്രത്തിൽ ഇന്ത്യ ചൈനയെ മറികടക്കുന്നുവോ? നിഷേധിച്ച് ചൈന

ബീജിങ് - കോവിഡ് വാക്സിൻ നയതന്ത്രത്തിൽ ഇന്ത്യ തങ്ങളെ മറികടക്കുന്നുവെന്ന റിപ്പോർട്ടുകളെ തള്ളി ചൈന. ചൈന നിലവിൽ 53 രാജ്യങ്ങൾക്ക് കോവിഡ് വാക്സിൻ നൽകുന്നുണ്ടെന്ന് ചൈനീസ് വിദേശകാര്യവക്താവ് വാങ് വെൻബിൻ മാധ്യമങ്ങളോട് വ്യക്തമാക്കി. 27 രാജ്യങ്ങളിലേക്ക് വാക്സിൻ വാണിജ്യാടിസ്ഥാനത്തിൽ കയറ്റി അയയ്ക്കുകയും ചെയ്യുന്നുണ്ട്.

ചൈന ചില രാജ്യങ്ങൾക്ക് വാക്സിൻ വാഗ്ദാനം ചെയ്യുകയും എന്നാൽ, ആവശ്യമായ അളവിൽ അവർക്കത് എത്തിക്കാൻ കഴിയാതെ വരികയും ചെയ്തുവെന്ന റിപ്പോർട്ടുകളാണ് ചൈനയുടെ പ്രതികരണത്തിന് കാരണമായത്. അതിർത്തി സംഘർഷത്തിലൂടെ വഷളായ ഇന്ത്യ-ചൈന ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ ഈ റിപ്പോർട്ട് കാര്യമായി ചർച്ച ചെയ്യപ്പെടുകയും കോവിഡ് വാക്സിനുകളുടെ കാര്യത്തിലുള്ള ഇന്ത്യൻ ഇടപെടലുകൾ കുറെക്കൂടി കാര്യക്ഷമമാണെന്ന റിപ്പോർട്ടുകൾ പുറത്തുവരികയും ചെയ്തിരുന്നു.

അതേസമയം ഇന്ത്യയുടെ കോവിഡ് വാക്സിൻ വിതരണം കാര്യക്ഷമമായി പുരോഗമിക്കുന്നുണ്ട്. ലോകരാജ്യങ്ങൾക്കിടയിൽ കോവിഡ് വാക്സിന്റെ വിതരണം സന്തുലിതമാക്കാനായി ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ നടക്കുന്ന കോവാക്സ് ഇനീഷ്യേറ്റീവിൽ ഇന്ത്യ പങ്കാളിയാണ്. ഇന്ത്യയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിർമിക്കുന്ന ആസ്ട്രസെൻക വാക്സിനാണ് വിദേശങ്ങളിലേക്ക് അയയ്ക്കുന്നത്. ഏറ്റവുമൊടുവിൽ ഘാനയിലേക്ക് 504,000 ഡോസ് വാക്സിൻ കയറ്റി അയച്ചു കഴിഞ്ഞു.

ചൈനയെ സംബന്ധിച്ച് അതിന്റെ ജനസംഖ്യാപരമായ വലിപ്പം ചില പരിമിതികളുണ്ടാക്കുന്നുണ്ടെന്ന് വിദേശകാര്യ വക്താവ് സമ്മതിക്കുന്നുണ്ട്. 1.4 ബില്യണാണ് ചൈനീസ് ജനസംഖ്യ. ലോകരാഷ്ട്രങ്ങൾ വാക്സിൻ വിതരണം സംതുലിതമാക്കാൻ നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം സ്വാഗതം ചെയ്യുകയും ചെയ്തു.

 അറുപതോളം ലോകരാജ്യങ്ങളിലേക്ക് വാക്സിനുകളയയ്ക്കുന്ന ഇന്ത്യയുടെ നടപടിയെ ലോകാരോഗ്യ സംഘടനയുടെ തലവൻ തെദ്രോസ് അധാനോം ഗെബ്രിയോസിസ് അഭിനന്ദിച്ചു. മറ്റ് രാജ്യങ്ങളും ഈ പാത പിന്തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഏറ്റവുമൊടുവിൽ ബ്രസീലിലേക്ക് വാക്സിൻ കയറ്റുമതി ചെയ്യാനുള്ള ധാരണയായിട്ടുണ്ട്. ലോകത്തിൽ കോവിഡ് ഏറ്റവും മാരകമായി ബാധിച്ച രാജ്യങ്ങളിലൊന്നാണ് ബ്രസീൽ. ഇപ്പോഴും ആയിരക്കണക്കിനാളുകളാണ് രോഗബാധയിൽ ദിനംപ്രതി മരിച്ചുവീഴുന്നത്.

ഭാരത് ബയോടെക്കിന്റെ കോവാക്സിൻ കൂടി പരീക്ഷണഘട്ടം പൂർത്തിയാക്കി പുറത്തിറങ്ങിയാൽ അതും ലോകരാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കാനാണ് ഇന്ത്യയുടെ പരിപാടി. വാക്സിൻ നയതന്ത്രത്തിൽ ചൈനയെ മറികടക്കുകയെന്ന ലക്ഷ്യത്തോടെ തന്നെയാണ് നീക്കം. ചൈന വാക്സിനുകളിൽ കാര്യമായി ശ്രദ്ധിക്കാതെ കോവിഡിന്റെ വ്യാപനത്തെ തടയുന്നതിലേക്കാണ് ശ്രദ്ധ നൽകിയത്. രാജ്യത്ത് വാക്സിനുകൾ നിർമിക്കാനുള്ള ശേഷി പരിമിതമാണ് എന്നതും ഇതിനൊരു കാരണമായിരിക്കാമെന്നാണ് ചില വിദഗ്ധർ പറയുന്നത്.

Latest News