Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സംഘം ചേരല്‍ കേരളത്തില്‍ കോവിഡ് വ്യാപനത്തിന് കാരണമായി

ന്യൂദല്‍ഹി- ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ കോവിഡ്19 ബാധിതരുടെ എണ്ണം കഴിഞ്ഞ ദിവസങ്ങളില്‍ വര്‍ധിക്കാനിടയായത് വൈറസിന്റെ പുതിയ വകഭേദം കാരണമല്ലെന്ന് വിദഗ്ധര്‍. കാലക്രമേണ വൈറസിന് ജനിതകവ്യതിയാനം സംഭവിക്കുന്നത് സ്വാഭാവികമാണെന്നും എന്നാല്‍ മഹാരാഷ്ട്ര, പഞ്ചാബ്, കേരളം, ഛത്തീസ്ഗഡ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് സമൂഹവ്യാപനത്തിനിടയാക്കുന്ന ഒത്തുചേരലുകള്‍മൂലമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
ജനങ്ങള്‍ സംഘം ചേരുന്ന പരിപാടികളും ഉറവിടം കണ്ടെത്താനാകാത്ത രോഗികളും രോഗവ്യാപനവുമാണ് കോവിഡ് കേസുകള്‍ വര്‍ധിക്കാനുള്ള കാരണമെന്ന് നിംഹാന്‍സിലെ ന്യൂറോബയോളജി വിഭാഗം മുന്‍ അധ്യാപകനായ ഡോ. വി. രവി പറഞ്ഞു. മഹാരാഷ്ട്രയിലും മറ്റിടങ്ങളിലും കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദം കണ്ടെത്തിയിട്ടുണ്ടെന്നും ഇവയെക്കുറിച്ച് കൂടുതല്‍ പഠനം നടന്നു വരികയാണെന്നും ഡോക്ടര്‍ പറഞ്ഞു. ലോക്ഡൗണിന് ശേഷമുള്ള കാലയളവില്‍ ജനിതക വ്യതിയാനം സംഭവിച്ച വൈറസിന്റെ വ്യാപനമുണ്ടെങ്കിലും അവയുടെ വ്യാപനശേഷി ഉയര്‍ന്ന നിരക്കിലല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് വിതരണം ചെയ്യുന്ന കോവിഡ് വാക്‌സിനുകള്‍ക്ക് വൈറസിന്റെ പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കുമോയെന്ന് ആശങ്കയുണ്ടെങ്കിലും വാക്‌സിനുകള്‍ പുതിയ വൈറസിനെതിരേ ഫലപ്രദമല്ലെന്ന കാര്യത്തില്‍ തെളിവുകളില്ലെന്നും വിദഗ്ധര്‍ പറയുന്നു.
രോഗികളുടെ എണ്ണത്തില്‍ വീണ്ടുമുണ്ടായ വര്‍ധനവ് കണക്കിലെടുത്ത് നിലവിലുള്ള നിയന്ത്രണങ്ങള്‍ മാര്‍ച്ച് 31 വരെ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സജീവരോഗികളുടേയും പുതിയ രോഗികളുടേയും എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും കോവിഡില്‍നിന്ന് പൂര്‍ണമായും മുക്തമാകുന്നതു വരെ നിരീക്ഷണവും മുന്‍കരുതലും നിയന്ത്രണവും തുടരേണ്ട ആവശ്യമുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. കൂടാതെ വാക്‌സിന്‍ വിതരണം ത്വരിതപ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും കേന്ദ്രം നിര്‍ദേശം നല്‍കി.

Latest News