വാർത്തകൾ നിലയ്ക്കാറില്ല. പക്ഷേ ആകാശവാണിയുടെ കോഴിക്കോട് നിലയത്തിൽനിന്നുള്ള വാർത്തകൾ നിലയ്ക്കുകയാണ്. അതിന്റെ ജോലിക്കാരെ മുഴുവൻ നീക്കിക്കഴിഞ്ഞു. വാർത്തയുടെയും ബന്ധപ്പെട്ട മറ്റുപരിപാടികളുടെയും സമയത്ത് വേറെ എന്തെങ്കിലും പ്രക്ഷേപണം ചെയ്യുമോ അതോ മറ്റൊരിടത്തുനിന്ന് തിരുവനന്തപുരത്തുനിന്ന് ഉത്ഭവിക്കുന്ന വാർത്ത റിലേ ചെയ്യുമോ എന്നൊന്നും ഞാൻ അന്വേഷിച്ചില്ല, ഇതുവരെ. അതെന്തായാലും കോഴിക്കോട് നിലയത്തിലെ വാർത്തകൾ നിർത്തുന്നതിനെതിരെ പ്രതിഷേധം ജോറായി ഉയർന്നിരിക്കുന്നു.
വൈകാരികമായി ഞാൻ നാലുകൊല്ലം ബന്ധപ്പെട്ടിരുന്നതാണ് കോഴിക്കോട്ടെ ആകാശവാണി നിലയവും അവിടന്നുള്ള വാർത്തകളും. എന്റെ കാഴ്ചകളിലും കേൾവിയിലും ശ്വാസത്തിലും അതു ലയിച്ചുചേർന്നിരിക്കുന്നു. എന്റെ യുവത്വത്തെ ഊഷ്മളമാക്കുകയും എന്റെ വിചാരത്തിനു വഴിവിളക്ക് കാട്ടിയതും ആ സ്ഥാപനവും ആ പരിപാടിയും ആയിരുന്നു. അതു നിലയ്ക്കുമ്പോൾ, അനിവാര്യമായ ഏതു നിത്യവിരഹത്തിലുമെന്ന പോലെ, ഞാൻ അസ്വസ്ഥനാകുന്നു.
കംപ്യൂട്ടറും ഇന്റർനെറ്റും കേട്ടുകേൾവി പോലുമല്ലാതിരുന്ന, ടെലിവിഷൻ സ്വപ്‌നം മാത്രമായിരുന്ന എഴുപതുകളുടെ തുടക്കത്തിൽ ഞാൻ കോഴിക്കോട്ടെത്തുമ്പോൾ ആകാശവാണിയിലെ വാർത്തയായിരുന്നു ജനസാമാന്യത്തിന്റെ പ്രാണവായു. ഉച്ചയ്ക്ക് ജയലക്ഷ്മി വായിച്ചുവിട്ടിരുന്ന പ്രാദേശികവാർത്തകൾക്ക് കേരളം മുഴുവൻ കാതോർത്തു. കേൾവിക്കാരുടെ എണ്ണം ലക്ഷക്കണക്കിൽ തന്നെ കൂട്ടണം. വൈകുന്നേരം കോഴിക്കോടും തിരുവനന്തപുരവും പങ്കിട്ടെടുത്തു. പ്രത്യേകം പ്രത്യേകം ബുള്ളറ്റിനുകൾ രണ്ടിടത്തിന്റെയും പരിധിയിൽ വരുന്ന പ്രദേശങ്ങളുടെ സമാചാരം ഉരുക്കഴിച്ചു. കൂട്ടത്തിൽ പറയട്ടെ, സമാചാരം എന്ന വാക്കിന് നല്ല ചെയ്തി എന്ന് അർഥം ഗണിക്കാമെങ്കിൽ, ഈ ഘട്ടത്തിൽ ആ പ്രയോഗം ഒട്ടും ശരിയാവില്ല. നമ്മുടെ സങ്കൽപത്തിലുള്ള വാർത്ത നല്ല ചെയ്തി, സമാചാരം, അല്ല തന്നെ. ആ വാക്ക് തന്നെ ഉപയോഗിക്കണമെങ്കിൽ, ദുരാചാരം എന്നു പറയാം. അന്നന്നത്തെ 'ലോകത്തിന്റെ ചിരിയും ചെറ്റത്തവും' എന്ന് എൻ വി കൃഷ്ണവാരിയർ പത്രങ്ങൾ വിളമ്പുന്ന വാർത്തയെ വിശേഷിപ്പിച്ചത് അതു മനസ്സിൽ കണ്ടിട്ടായിരിക്കാം.
പണ്ടത്തെ വിദേശവ്യാപാരികൾ കോഴിക്കോടിനെ സത്യനഗരം എന്നു വിളിച്ചിരുന്നു. കള്ളവുമില്ല, ചതിയുമില്ല. അവർ വന്നണഞ്ഞിരുന്ന കടപ്പുറത്തിനടുത്ത്, റോഡിനപ്പുറം ആകാശവാണിയുടെ കെട്ടിടമായി. പഴയ കെട്ടിടം രാഷ്ട്രീയമായ ഒരു തുരുത്ത് തന്നെയായിരുന്നുപോലും. ഫ്രഞ്ച് അധീനതയിലായിരുന്നുവത്രേ ആ കെട്ടിടം നിൽക്കുന്ന ഇടം. ചുറ്റും ബ്രിട്ടിഷ് മേൽക്കോയ്മ തലയുയർത്തിനിന്നു. അതിന്റെ പുരാവൃത്തമനുസരിച്ച്, ബ്രിട്ടിഷ് പൊലിസിനെ വെട്ടിക്കാൻ അന്നൊക്കെ ആളുകൾ ചെയ്തിരുന്നത് ആ കെട്ടിടത്തിൽ ഓടിക്കയറുകയാണത്രേ. ഫ്രഞ്ച് അധീനതയിൽ ബ്രിട്ടിഷ് പട്ടാളത്തിന് സ്ഥാനമില്ല.
ആ രണ്ടുനിലക്കെട്ടിടത്തിനും ചരിത്രം പറയാം. ഒരു പാതിരിയായിരുന്നത്രേ അവിടെ താമസം. ഞാൻ വാർത്താവിഭാഗത്തിലെത്തുമ്പോൾ ഫ്രഞ്ച് സാന്നിധ്യം ഉണ്ടായിരുന്നതായി ഓർമ്മയില്ല. പക്ഷേ വിദേശി പാതിരിമാർ ഉണ്ടായിരുന്നു. റവറന്റ് പത്രോനി, റവറന്റ് വെർഗോട്ടിനി തുടങ്ങിയ പേരുകൾ ഇറ്റാലിയൻ ഓർമ്മ പുതുക്കുന്നു. ആകാശവാണി പിന്നീട് സ്വന്തമാക്കിയ കെട്ടിടത്തിൽ കഴിഞ്ഞിരുന്നതാരാണാവോ? എന്തായാലും, ആരായാലും, മൂപ്പർ സുഖിയനായിരുന്നു.
കെട്ടിടത്തിന്റെ വലത്തുവശത്തെ ഞരങ്ങുന്ന കോണിയിലൂടെ ഒന്നാം നിലയിലെത്തി വരാന്തയിലെത്തിയാൽ പൊടിയുടെ മണവും ആണ്ടുകളുടെ പഴമയും പരത്തുന്ന കയറ്റുപായ കാണാം. അതിലൊരിടത്ത് നിലയ മേധാവിയുടെ മുറി. അതിനു മുന്നിൽ തിക്കോടിയനും കക്കാടും കൊടുങ്ങല്ലൂരും പിന്നീട് എന്റെ പാർട്ണർ ആവാനിരുന്ന പെൺകുട്ടിയും മറ്റും ഒതുങ്ങിക്കൂടി. ഇടുങ്ങിയ വരാന്തയിൽ വാർത്താവിഭാഗം വിലസി. ഉച്ചത്തെ ബുള്ളറ്റിൻ കഴിഞ്ഞ് മടി പിടിച്ചിരിക്കുമ്പോൾ മേലോട്ടൊന്നു നോക്കിപ്പോകും. അവിടെയതാ ഒരു ചെറിയ കപ്പി. അതിൽ ചരടിട്ട്, ഞാൻ ഇരിക്കുന്ന ഭാഗത്തിരുന്ന് ഒരാൾ പങ്ക വലിക്കും. അകത്തെ മുറിയിൽ ഉറങ്ങുന്ന പാതിരിക്ക് സുഖമായിരിക്കും. ഞാൻ മനസ്സിൽ പാടിയിരുന്നു: പാവങ്ങൾ തൻ പ്രാണമറുത്തു വേണം പാപപ്രഭുക്കൾക്കിഹ പങ്ക വീശാൻ.. …
കെട്ടിടത്തിന്റെ പിൻ വശത്തെ പുളിമരം ചരിത്രസത്യങ്ങൾക്ക് സാക്ഷിയായി. അതിലൊരു സത്യം, എന്റെ ശ്രീമതിയോ മറ്റോ പച്ചപ്പുളി കടിച്ചുതിന്നുന്നതു കണ്ടാൽ തിക്കോടിയൻ അക്ഷമനായിരുന്നുവെന്നതു തന്നെ. കാന്റീനിൽ ചായ കുടിക്കാനും നേരമ്പോക്ക് പറയാനും എത്തിയിരുന്ന തിക്കോടിയൻ ഒരു കഷ്ണം പുളി വാങ്ങി കൊതി മാറാതെ ചവക്കുമായിരുന്നു. അതൊന്നും ബാധിക്കാതെ തീയുണ്ടകൾക്കും തിരമാലകൾക്കുമിടയിൽ എഴുതിയ വിനയനും ചങ്ങല എഴുതിയ യു എ ഖാദറും കുടുംബാസൂത്രണ പരിപാടികൾ തയ്യാറാക്കിക്കൊണ്ടിരുന്നു.
വാർത്താവിഭാഗത്തിന്റെ ഇടം ഇടുങ്ങിയതായിരുന്നെങ്കിലും വിരുന്നുകാർ ഏറെ ഉണ്ടായിരുന്നു. ഉറൂബും കക്കാടും തിക്കോടിയനും ഘനഗംഭീര സ്വരമുണ്ടായിരുന്ന അഹമ്മദ് കോയയും എപ്പോഴും സൈഗാൾ ഗാനം മൂളിയിരുന്ന നമ്പ്യാരും അവിടെ സൊള്ളാനെത്തി. കെട്ടിടത്തിൽ രണ്ടേ രണ്ടു ഫോണുകളിൽനിന്നേ നേരിട്ടു വിളിക്കാൻ പറ്റിയിരുന്നുള്ളൂ. ഒന്ന് മേധാവിയുടെ മുറിയിൽ, മറ്റേത് വാർത്താവിഭാഗത്തിൽ. തിരക്കിൽ ആരെയെങ്കിലും വിളിക്കാൻ പലരും അവിടെ ഓടിയെത്തും. ഓപ്പറേറ്റർ ശ്രീധരന്റെ മട്ടും മാതിരിയും ഇഷ്ടപ്പെടാത്തവർക്ക് അഭയമായിരുന്നു വാർത്താവിഭാഗം.
തലസ്ഥാനത്തുനിന്നുള്ള വാർത്തകൾ അപ്പോഴപ്പോൾ കോഴിക്കോട്ടെത്തിക്കാൻ ഉപയോഗിച്ചിരുന്നത് ഫോൺ ആയിരുന്നു. എളുപ്പത്തിൽ കിട്ടാവുന്നതും കാത്തിരുന്നു കിട്ടാത്തതുമായ ഫോൺ കോളുകൾ ഉണ്ടായിരുന്നു. മൂന്നു മണിക്കൂർ നേരത്തേ നിശ്ചയിച്ചാൽ ഫിക്‌സഡ് ടൈം കാൾ ഏർപ്പെടുത്താം. പന്ത്രണ്ടരക്കുള്ള ബുള്ളറ്റിനിൽ ഉൾക്കൊള്ളിക്കാൻ പതിനഞ്ചു മിനിറ്റു മുമ്പുവരെ ഫോൺ വിളിക്കാം. മൂന്നു മണിക്കൂർ മുമ്പ് അതേർപ്പെടുത്തിയില്ലെങ്കിൽ ബുള്ളറ്റിൻ കഴിഞ്ഞ് എത്രയോ നേരത്തിനുശേഷമാവും കാൾ കിട്ടുക. എസ് റ്റി ഡി വരാൻ പിന്നെയും സമയമെടുത്തു. പിന്നെ വാർത്താവിനിമയത്തിന്റെ സങ്കേതം വിപ്ലവം സൃഷ്ടിക്കുകയായിരുന്നു. വാർത്തയുടെ റേഡിയോ ഭാഷ എന്നെ പഠിപ്പിച്ച ഡി പ്രതാപചന്ദ്രനായിരുന്നു ആദ്യം എന്റെ മേലധികാരി. ഒരു അർദ്ധവിരാമം കൂട്ടിയോ കുറച്ചോ, ഒരു വാക്യം ഒഴിവാക്കിയോ പുതിയതൊന്ന് എഴുതിച്ചേർത്തോ, വാർത്തയുടെ പാഠത്തെ സംസാരഭാഷയിലാക്കാൻ പ്രതാപന് വലിയ വിരുതുണ്ടായിരുന്നു. പിന്നെ ന്യൂസ് എഡിറ്റർ ആയി കോൺഗ്രസ്സിന്റെ ചരിത്രകാരനായിരുന്ന പെരുന്ന കെ എൻ നായർ വന്നു. ഓർമ്മയും വാങ്മയവും കെ എൻന്റെ സിദ്ധികളായിരുന്നു. എത്രയോ കൊല്ലങ്ങൾക്കുശേഷം അറബ് ന്യൂസും മലയാളം ന്യൂസുമായി ബന്ധപ്പെട്ട പക്കർകോയ ആകാശവാണിയുടെ കോഴിക്കോട്ടെ സംഭാവനയായിരുന്നു. കോയയും മാങ്കാവു കോവിലകത്തെ രാജയും ആയിരുന്നു ഒരു കാലത്ത് സബ് എഡിറ്റർമാർ. ആകാശവാണിക്കു മുമ്പിൽ പ്രവേശനം തടസ്സപ്പെടുത്തുന്ന വിധത്തിൽ സമരം നടക്കുമ്പോൾ, തലേന്നു രാത്രി തന്നെ നിലയത്തിൽ താമസമാക്കാൻ നിയോഗിക്കപ്പെട്ടിരുന്ന ആളായിരുന്നു രാജ. വേറെ ആർക്കും കടക്കാൻ പറ്റിയില്ലെങ്കിലും, അകത്തു കേറിയിരുന്ന രാജ തനിയേ ബുള്ളറ്റിൻ തട്ടിക്കൂട്ടി. ചിലപ്പോൾ കെട്ടിടത്തിന്റെ പിന്നിലെ മതിൽ ചാടിക്കടന്ന് ഞങ്ങൾ സമരക്കാരെ വെട്ടിച്ചു. അന്ന് പ്രാദേശിക വാർത്തകൾ കേൾക്കാൻ ആളുകൾ കാതോർത്തു.
ഇപ്പോൾ അങ്ങനെ കാതോർക്കുന്നവർ അധികമില്ലെന്നായിരിക്കും. വാർത്ത അറിയാൻ റേഡിയോ വേണമെന്നില്ല. വാർത്ത കാണുകയും കേൾക്കുകയും ചെയ്യാം ടെലിവിഷനിലൂടെ. ടെലിവിഷൻ വേണ്ട, കീശയിൽ ഒതുക്കാവുന്ന ഫോണിലൂടെയും പൊള്ളുന്നതും പൊട്ടുന്നതുമായ വാർത്ത നിരന്തരം അറിഞ്ഞുകൊണ്ടിരിക്കാം. ഉടനടി വാർത്ത വിതരണം ചെയ്തിരുന്ന റേഡിയോ ഒറ്റയടിക്ക് പഴഞ്ചനും പതുക്കെ പ്രവർത്തിക്കുന്നതുമായിരിക്കുന്നു. നിന്നിടത്തു നിൽക്കണമെങ്കിൽ ഓടിക്കൊണ്ടിരിക്കണം എന്നു പറയാറുള്ളതുപോലെ, സാങ്കേതികസിദ്ധികളുടെ വേഗം നമ്മുടെ ജീവിതത്തിന്റെ ഗതിയും ഭാവവും മാറ്റിയിരിക്കുന്നു. വാർത്തക്കുവേണ്ടി റേഡിയോ പ്രക്ഷേപണം വേണമെന്നോ അത് ഇന്ന ഇടത്തുനിന്നു വേണമെന്നോ ഇല്ലാതായിരിക്കുന്നു. പ്രഭവത്തിന്റെയും പ്രസരണമാർഗത്തിന്റെയും പവിത്രത പൊയ്‌പ്പോയിരിക്കുന്നു. പ്രതിഷേധിക്കാം എന്നേയുള്ളു. ഈ പരിവർത്തനം അനിവാര്യമാകുന്നു, ഒട്ടൊക്കെ ആവശ്യവും. പഴയ നിലയവും പ്രക്ഷേപണവും നിലയ്ക്കുമ്പോൾ പറഞ്ഞറിയിക്കാൻ വയ്യാത്ത ഒരസ്വസ്ഥത തോന്നും. അതുമായി പൊരുത്തപ്പെടുകയും ഇനിയും പുതിയ സാങ്കേതികവിദ്യക്കായി കാത്തിരിക്കുകയുമാകും നല്ലത്.