നിരന്തര അവഗണന; വയനാട് ഡി.സി.സി സെക്രട്ടറി എല്‍.ജെ.ഡിയില്‍ ചേര്‍ന്നു

കല്‍പറ്റ-നിയമസഭാ തെരഞ്ഞെടുപ്പിനു തിയതി കുറിച്ചിരിക്കെ വയനാട് ഡി.സി.സി സെക്രട്ടറിയും ഐ.എന്‍.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പി.കെ.അനില്‍കുമാര്‍ ലോക് താന്ത്രിക് ജനതാദളില്‍(എല്‍.ജെ.ഡി) ചേര്‍ന്നു. ശനിയാഴ്ച രാവിലെ വാര്‍ത്താസമ്മേളനത്തിലാണ് കോണ്‍ഗ്രസില്‍നിന്നും ഐ.എന്‍.ടി.യു.സിയില്‍നിന്നും രാജിവച്ച് എല്‍.ജെ.ഡിയില്‍ ചേരുന്നതായി അനില്‍കുമാര്‍ അറിയിച്ചത്.

ഡി.സി.സി പ്രസിഡന്റ് ഐ.സി.ബാലകൃഷ്ണനെ അദ്ദേഹത്തിന്റെ ഓഫീസില്‍ ചെന്നുകണ്ട് പാര്‍ട്ടി വിടാനുള്ള സാഹചര്യങ്ങള്‍ വിശദീകരിച്ച അനില്‍കുമാര്‍ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റിനെയും രാജിക്കാര്യം അറിയിച്ചു. ഇതിനുശേഷമായിരുന്നു വാര്‍ത്താസമ്മേളനം. പിന്നീടു  പുളിയാര്‍മലയില്‍ എല്‍.ജെ.ഡി അധ്യക്ഷന്‍ എം.വി.ശ്രേയാംസ്‌കുമാറില്‍നിന്നു പാര്‍ട്ടി അംഗത്വം സ്വീകരിച്ചു.


കോണ്‍ഗ്രസ്-ഐ.എന്‍.ടി.യു.സി നേതാവ് പരേതനായ പി.കെ.ഗോപാലന്റെ മകനാണ് അനില്‍കുമാര്‍. വൈത്തിരി താലൂക്കിലെ ചായത്തോട്ടം തൊഴിലാളികള്‍ക്കിടിയില്‍ സ്വാധീനമുള്ള ഇദ്ദേഹം കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.


 രണ്ടുവര്‍ഷമായി കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഒരു വിഭാഗം നിരന്തരം അവഗണിക്കുന്നതില്‍ മനംനൊന്താണ് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചതെന്നു അനില്‍കുമാര്‍ പറഞ്ഞു. ഏറ്റവും ഒടുവില്‍ രാഹുല്‍ഗാന്ധി എം.പി മാണ്ടാടുനിന്നു മുട്ടിലിലേക്കു  നടത്തിയ ട്രാക്ടര്‍ യാത്രയുമായി ബന്ധപ്പെട്ടും തിക്താനുഭവമുണ്ടായി. പ്രദേശവാസിയായ ഡി.സി.സി സെക്രട്ടറിയായിട്ടും ട്രാക്ടര്‍ യാത്ര സംബന്ധിച്ചു താനുമായി കൂടിയാലോചന നടത്താന്‍ ഉത്തരവാദപ്പെട്ടവര്‍ കൂട്ടാക്കിയില്ല.


കോണ്‍ഗ്രസില്‍ വീര്‍പ്പുമുട്ടുന്നതു മനസിലാക്കിയ എം.വി.ശ്രേയാംസ്‌കുമാര്‍ ക്ഷണിച്ചതനുസരിച്ചാണ് എല്‍.ജെ.ഡിയില്‍ ചേര്‍ന്നത്. ശ്രേയാംസ്‌കുമാറുമായി വര്‍ഷങ്ങളുടെ സൗഹൃദമുണ്ട്. ശ്രേയാംസ്‌കുമാറിന്റെ പിതാവും തന്റെ പിതാവും ഒരേ കാലയളവില്‍ ജില്ലയില്‍ രാഷ്ട്രീയ,  ട്രേഡ് യൂണിയന്‍ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചവരാണ്.


കല്‍പറ്റ മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ഥിയാകണമെന്ന മോഹത്തോടെയാണ് എല്‍.ജെ.ഡിയില്‍ ചേര്‍ന്നതെന്ന പ്രചാരണത്തില്‍ കഴമ്പില്ല.  സ്ഥാനമാനങ്ങള്‍ കിട്ടാത്തതുകൊണ്ടല്ല കോണ്‍ഗ്രസ് വിട്ടത്.  രാഷ്ട്രീയം തന്റെ ഉപജീവനമാര്‍ഗമല്ല. അതുകൊണ്ടുതന്നെ അമിത മോഹങ്ങളുമില്ല. കല്‍പറ്റ മണ്ഡലം ഇടതുമുന്നണി എല്‍.ജെ.ഡിക്കു നല്‍കുമോ എന്നതില്‍ ഇനിയും വ്യക്തതയില്ല. സീറ്റ് പാര്‍ട്ടിക്കു ലഭിക്കുകയും നേതൃത്വം സ്ഥാനാര്‍ഥിത്വം നല്‍കുകയും ചെയ്താല്‍ നിരസിക്കില്ലെന്നും അനില്‍കുമാര്‍ പറഞ്ഞു.

Latest News