പാലക്കാട്- വാളയാറിൽ സഹോദരിമാർ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം അട്ടിമറിച്ച പോലീസ് ഓഫിസർമാർക്കെതിരെ നടപടിയെടുക്കാത്ത സംസ്ഥാന സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് കുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്തു. ജനുവരി 26 മുതൽ പാലക്കാട് വഴിയോരത്ത് സത്യഗ്രഹ സമരം നടത്തുകയാണ് കുട്ടികളുടെ അമ്മ.
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പ് പോലീസിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ തൊട്ടടുത്ത ദിവസം തല മുണ്ഡനം ചെയ്ത് കേരളത്തിലെ അമ്മമാർക്ക് മുന്നിലേക്ക് ഇറങ്ങുമെന്ന് ഇവർ നേരത്തെ അറിയിച്ചിരുന്നു. അമ്മയ്ക്ക് പിന്തുണയുമായി സാഹിത്യകാരി ബിന്ദു കമലൻ, സെലീന പ്രക്കാനം എന്നിവരും തല മുണ്ഡനം ചെയ്തു. തന്റെ കുഞ്ഞുങ്ങൾക്കു മരണശേഷവും സർക്കാർ നീതി നിഷേധിക്കുകയാണെന്നും കേരളത്തിലെ മുഴുവൻ അമ്മമാരുടെ മുന്നിലെത്തുമെന്നും അമ്മ അറിയിച്ചു.






