പൂഞ്ഞാറിൽ മത്സരിക്കും, ഉമ്മൻ ചാണ്ടി പാരവെച്ചു-പി.സി ജോർജ്

കോട്ടയം- ജനപക്ഷം സെക്കുലറിന്റെ സ്ഥാനാർഥിയായി പൂഞ്ഞാറിൽ വീണ്ടും മത്സരിക്കുമെന്ന് പി.സി ജോർജ് എം.എൽ.എ. യു.ഡി.എഫ് വഞ്ചിച്ചുവെന്നും ഇനി മുന്നണി പ്രവേശത്തിനില്ലെന്നും പി.സി ജോർജ് വ്യക്തമാക്കി. ആർക്കും തന്നെ പിന്തുണക്കാമെന്നും ജോർജ് വ്യക്തമാക്കി. ട്വന്റി 20 അടക്കമുള്ളവരുമായി ചർച്ച നടത്തിയെന്നും ആ മാതൃക വ്യാപിപ്പിക്കുമെന്നും ജോർജ് വ്യക്തമാക്കി. കാഞ്ഞിരപ്പള്ളിയിൽ സ്വതന്ത്രനാക്കുന്നതിനെ കുറിച്ചാണ് യു.ഡി.എഫ് ചർച്ചചെയ്തത്. വീട്ടിൽ നിന്ന് പോയി അയൽപക്കത്തുള്ള പെമ്പിള്ളേരുമായി താമസിച്ചോളാൻ കോൺഗ്രസിന്റെ ഉപദേശമൊന്നും എനിക്ക് ആവശ്യമില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ വി.എസ് പക്ഷക്കാരനായതിന്റെ പേരിൽ പിണറായിക്ക് അത്ര താത്പര്യമുണ്ടാകില്ല.
ഉമ്മൻ ചാണ്ടിയാണ് തന്റെ യുഡിഎഫ് പ്രവേശം തടഞ്ഞത്. രമേശ് ചെന്നിത്തലയ്ക്ക് പാരവയ്ക്കാൻ ഉമ്മൻ ചാണ്ടി ശ്രമിക്കുകയാണ്. ബുധനാഴ്ച നടത്തുന്ന വാർത്താ സമ്മേളനത്തിൽ ഉമ്മൻ ചാണ്ടിക്കെതിരെ കൂടുതൽ വെളിപ്പെടുത്തൽ നടത്തുമെന്നും പി.സി പറഞ്ഞു.
യു.ഡി.എഫിൽ ലീഗ് നല്ല രാഷ്ട്രീയ കക്ഷിയാണ്. പക്ഷേ ജിഹാദികളുടെ കൈയിൽ അമർന്നിരിക്കുകയാണ്. കോൺഗ്രസ് നേതാക്കന്മാർക്ക് പോലും തീരുമാനമെടുക്കാൻ കഴിയാതെ പോകുകയാണ്. ജിഹാദികൾ പിന്തുണക്കുന്ന യു.ഡി.എഫുമായി യാതൊരു സഹകരണവുമില്ലെന്നും പി.സി ജോർജ് വ്യക്തമാക്കി.
 

Latest News