Sorry, you need to enable JavaScript to visit this website.

പരസ്യങ്ങളല്ല, നിലപാടുകളാണ് വേണ്ടത്

യു.എ.പി.എ നയമല്ല എന്നു പറഞ്ഞു തന്നെ ചുമത്തുന്നത് പോലെയാണ് ആഴക്കടൽ മത്സ്യബന്ധനം കുത്തകകളെ ഏൽപിക്കൽ നയമല്ല എന്നു പ്രഖ്യാപിച്ച് അതിനായി സർക്കാർ നടത്തിയ നീക്കവും. സർക്കാരിന്റെ പരസ്യത്തിലൂടെ തന്നെയാണ് അതാദ്യം പുറത്തു വന്നതെന്നതാണ് തമാശ. പതിവു പോലെ ആദ്യം നിഷേധിക്കലും പിന്നെ ന്യായീകരിക്കലും പിന്നെ നടപടിയെടുക്കലും തന്നെയാണ് ഇവിടെയും നടന്നത്. അത്രയും നന്ന്. 

തെരഞ്ഞെടുപ്പ് അടുത്തതോടെ മുഖം മിനുക്കനായി കോടിക്കണക്കിനു രൂപ ചെലവഴിച്ചാണ് സർക്കാർ മാധ്യമങ്ങൾക്ക് പരസ്യങ്ങൾ നൽകിയത്. അവയിൽ വലിയൊരു ഭാഗം കിഫ്ബി വഴി നടപ്പാക്കുന്ന വികസന പദ്ധതികളാണ്. തീർച്ചയായും ചില മേഖലകളിൽ കിഫ്ബി വഴി വലിയ വികസന പദ്ധതികൾ നടപ്പാക്കുന്നുണ്ട്. പക്ഷേ അവ പ്രധാനമായും സ്‌കൂൾ കെട്ടിടം, റോഡുകൾ, പാലങ്ങൾ, ആശുപത്രികൾ തുടങ്ങിയവയിൽ ഒതുങ്ങുന്നു എന്നതാണ് വസ്തുത. അവയെല്ലാം ആവശ്യമാണെങ്കിലും ഒരു സമൂഹത്തിന്റെ വികസനത്തെ കുറിച്ച് അവകാശപ്പെടാനുള്ള പ്രഥമ പരിഗണനകൾ ഇവയല്ലല്ലോ. മാത്രമല്ല, ഇതിനായി ചെലവഴിക്കുന്ന കോടികൾ തിരിച്ചടയ്ക്കുക എങ്ങനെ എന്ന ആശങ്ക തുടരുകയാണ്. ഇവയുടെ പരസ്യങ്ങൾക്ക് ചെലവാക്കുന്ന തുകയാകട്ടെ, എത്രയോ പദ്ധതികൾക്ക് ചെലവഴിക്കാവുന്നത്രയുമാണ്. 
അഞ്ചു വർഷത്തെ ഭരണ നേട്ടങ്ങളെ ചിത്രീകരിക്കുന്ന മറ്റനവധി പരസ്യങ്ങളും ദൃശ്യമാധ്യമങ്ങളിൽ കാണുന്നു. മനോഹരമായി ചെയ്ത പരസ്യങ്ങളാണവ. പക്ഷേ അവക്ക് യാഥാർഥ്യവുമായി എന്തു ബന്ധമാണുള്ളത്? ഉദാഹരണമായി എട്ടോ പത്തോ വയസ്സായ പെൺകുട്ടിയൂടെ ആത്മവിശ്വാസം വർധിപ്പിച്ച വർഷങ്ങളെക്കുറിച്ച് പറയുന്നു. പോക്‌സോ കേസുകളടക്കം കുട്ടികൾക്കെതിരായ കടന്നാക്രമണങ്ങൾ ഏറെ വർധിച്ച കാലത്താണ് ഈ പരസ്യം കാണേണ്ടിവരുന്നത്. 
സംസ്ഥാനത്ത് എത്രയോ ഭാഗങ്ങളിൽ കുടങ്ങളുമായി പൈപ്പുകൾക്കു  മുന്നിലോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വെള്ളം വിതരണം ചെയ്യുന്ന വണ്ടികൾക്കു മുന്നിലോ സ്ത്രീകൾ ക്യൂ നിൽക്കുമ്പോഴാണ്, കുടങ്ങൾ കൊണ്ട് ഇനിയൊരു കാര്യവുമില്ല എന്നു പറഞ്ഞ് അവ വലിച്ചെറിയുന്ന പരസ്യവും കാണുന്നത്. കേരളത്തിലെമ്പാടും കാർഷിക യോഗ്യമായ എത്രയോ ഭൂമി തരിശായി കിടക്കുമ്പോഴാണ് തരിശുഭൂമി കാണാനായി യാത്ര ചെയ്യുന്നയാളെ കാണിക്കുന്നത്. ദിനംപ്രതി എത്രയോ തവണ പവർ പോകുമ്പോഴാണ് പവർ കട്ടില്ലാത്ത അഞ്ചു വർഷത്തിന്റെ പരസ്യവും സംപ്രേഷണം ചെയ്യുന്നത്. ഇതേക്കുറിച്ചെല്ലാം ദൈനംദിന അനുഭവങ്ങളിലൂടെ അറിയുന്നവർക്കു മുന്നിൽ എന്തിനാണ് കോടികൾ ചെലവഴിച്ച് പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നത് എന്നതാണ് മനസ്സിലാകാത്തത്.
അതിനിടയിൽ രണ്ടു ചാനലുകൾ നടത്തിയ സർവേഫലം സർക്കാരിന് ആശ്വാസം നൽകുന്നു എങ്കിലും ആഹ്ലാദം നൽകുന്നില്ല. വളരെ നേരിയ ന്യൂനപക്ഷമാണ് ഇരു ചാനലുകളും പ്രവചിക്കുന്നത് എന്നതാണതിനു കാരണം. അത് നഷ്ടപ്പെടാൻ ഇനിയുള്ള ദിവസങ്ങൾ ധാരാളമാണെന്ന് എല്ലാ നേതാക്കൾക്കും അറിയാം. മാത്രമല്ല, വളരെ ഗുരുതരമായ ആരോപണങ്ങളും സമരങ്ങളുമാണ് ഈ അവസാന കാലത്ത് സർക്കാർ നേരിടുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കാര്യമായി ആരും പിന്തുണക്കുന്നില്ലെങ്കിലും പ്രതിപക്ഷ നേതാവെന്ന രീതിയിൽ രമേശ് ചെന്നിത്തല അവസാന കാലത്ത്  സർക്കാരിനുണ്ടാക്കിയ തലവേദനകൾ ചെറുതല്ല. കഴിഞ്ഞ ദിവസം സംസ്ഥാനത്തെത്തിയ രാഹുൽ ഗാന്ധിയാകട്ടെ, പതിവുശൈലി വിട്ട് സർക്കാരിനെതിരെ ആഞ്ഞടിച്ചു. സർക്കാർ നേരിടുന്ന പ്രശ്‌നങ്ങൾക്കു മറുപടി പറയാനായി നടത്തിയ പ്രചാരണ ജാഥകൾ ഉദ്ദേശിച്ച ഫലം ചെയ്തില്ല എന്നാണ് പൊതുവിലയിരുത്തൽ. 
രാഷ്ട്രീയമായി ശരിയല്ല എന്നു പറയാമെങ്കിലും മറ്റു സർക്കാരുകളെ പോലെ ഈ സർക്കാരും അവസാന കാലത്ത് നിരവധി ഉദ്ഘാടനങ്ങളും പ്രഖ്യാപനങ്ങളും നടത്തിയിട്ടുണ്ട്. സർക്കാർ ജീവനക്കാരുടെ വേതന വർധനയും അതിൽ പെടുന്നു. ജനത്തിനിതെല്ലാം മനസ്സിലാകുമെന്നും അതിന്റെ പേരിലൊന്നും വോട്ട് കൂടാൻ പോകുന്നില്ല എന്നും എന്താണാവോ നമ്മുടെ നേതാക്കൾ മനസ്സിലാക്കാത്തത്? അതേസമയം ചില വിഷയങ്ങൾ പരാമർശിക്കാതെ വയ്യ. അതിലൊന്നാണ് ശബരിമല വിഷയത്തിലും സി.എ.എ വിഷയത്തിലും നടന്ന സമരങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാനുള്ള തീരുമാനം. വോട്ടല്ല ഇതിന്റെ ലക്ഷ്യമെന്ന് ഒരാളും പറയില്ല എന്നുറപ്പ്. എന്നാൽ കടകവിരുദ്ധമായ ആശയങ്ങൾ ഉയർത്തിപ്പിടിച്ച് നടന്ന രണ്ടു സമരങ്ങളെ സമീകരിച്ച് ഇത്തരം തീരുമാനമെടുക്കുന്നത് താൽക്കാലിക നേട്ടമുണ്ടാക്കാമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ അപകടകരമാണെന്നാണ് ജനാധിപത്യ - മതേതരവാദികൾ തിരിച്ചറിയേണ്ടത്. ഒന്ന് ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യ - മതേതര മൂല്യങ്ങളും തകർക്കാനുള്ള സമരമായിരുന്നെങ്കിൽ രണ്ടാമത്തേത് അവ സംരക്ഷിക്കാനുള്ള സമരമായിരുന്നു. ഒന്ന് ലിംഗനീതിക്കെതിരായിരുന്നു എങ്കിൽ രണ്ടാമത്തേത് സാമൂഹ്യ നീതിക്കു വേണ്ടിയായിരുന്നു. എങ്ങനെയാണ് ഇവ രണ്ടും ഒരുപോലെ കണ്ട് ഇത്തരമൊരു തീരുമാനമെടുക്കാൻ കഴിയുന്നത്? അല്ലെങ്കിൽ അതും കൈയടിച്ചു സ്വീകരിക്കുന്ന രാഷ്ട്രീയ ബോധമേ മലയാളികൾക്കുള്ളൂ എന്ന് സർക്കാർ കരുതിയിരിക്കാം.
കഴിഞ്ഞ ദിവസം സർക്കാരെടുത്ത മറ്റൊരു തീരുമാനം നോക്കുക. ഈ ഭരണ കാലത്ത് വ്യാജ ഏറ്റുമുട്ടൽ കൊലകളിലൂടെ എട്ടുപേരെ കൊന്നുകളഞ്ഞാണ് 50 വർഷം മുമ്പ് അത്തരത്തിൽ കൊല്ലപ്പെട്ട നക്‌സൽ നേതാവ് എ. വർഗീസിന്റെ കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരം നൽകിയിരിക്കുന്നത്. വർഗീസ് കൊലക്കു ശേഷം ഇത്തരത്തിലുള്ള കൊലകൾ നടക്കുന്നത് ഈ സർക്കാരിന്റെ കാലത്താണ്. മാത്രമല്ല, അടുത്ത കാലത്ത് പോലീസ് അതിക്രമങ്ങളെ കുറിച്ച് കൂടുതൽ പരാതികളുയർന്നതും ഇക്കാലഘട്ടത്തിൽ തന്നെ. തങ്ങളുടെ നയമല്ല എന്നു പ്രഖ്യാപിച്ചുകൊണ്ടു തന്നെ എത്രയോ പേർക്കെതിരെ യു.എ.പി.എ ചുമത്തുന്നു. പോലീസിനെ നിയന്ത്രിക്കാനുള്ള ഒരു നടപടിയും സർക്കാർ സ്വീകരിച്ചിട്ടുമില്ല. ഈ 50 ലക്ഷത്തിലൂടെ ഇതെല്ലാം ജനം മറക്കുമെന്നാണോ സർക്കാർ കരുതുന്നത്?
യു.എ.പി.എ നയമല്ല എന്നു പറഞ്ഞു തന്നെ ചുമത്തുന്നത് പോലെയാണ് ആഴക്കടൽ മത്സ്യബന്ധനം കുത്തകകളെ ഏൽപിക്കൽ നയമല്ല എന്നു പ്രഖ്യാപിച്ച് അതിനായി സർക്കാർ നടത്തിയ നീക്കവും. സർക്കാരിന്റെ പരസ്യത്തിലൂടെ തന്നെയാണ് അതാദ്യം പുറത്തു വന്നതെന്നതാണ് തമാശ. പതിവു പോലെ ആദ്യം നിഷേധിക്കലും പിന്നെ ന്യായീകരിക്കലും പിന്നെ നടപടിയെടുക്കലും തന്നെയാണ് ഇവിടെയും നടന്നത്. അത്രയും നന്ന്. എന്നാൽ വിവാദ കമ്പനിക്ക് സ്ഥലം നൽകിയ നടപടി ഇനിയും റദ്ദാക്കിയിട്ടില്ല. കേരളത്തിലെ അടിസ്ഥാന ജനവിഭാഗങ്ങളായ മത്സ്യത്തൊഴിലാളികൾ, ദളിതർ, ആദിവാസികൾ, തോട്ടം തൊഴിലാളികൾ തുടങ്ങിയ വിഭാഗങ്ങൾക്കൊപ്പം നിൽക്കാൻ ഇന്നോളം ഒരു സർക്കാരും തയാറായിട്ടില്ല എന്നതാണ് വസ്തുത. മറുവശത്ത് തൊഴിലിനായുള്ള യുവജനങ്ങളുടെ പോരാട്ടം തുടരുകയാണ്. അതുമായി ബന്ധപ്പെട്ട് സർക്കാരിനും  പരിമിതികൾ ഉണ്ടാകാം. പക്ഷേ ഒരു ജനാധിപത്യ സമൂഹത്തിൽ സമാധാനപരമായി സമരം ചെയ്യുന്നവരുമായി മാന്യമായ ചർച്ചക്ക്  മന്ത്രിമാർ തയാറായില്ല എന്നതാണ് പ്രധാനം. മാത്രമല്ല, പല മന്ത്രിമാരും സമരക്കാരെ അധിക്ഷേപിക്കുകയാണ്. ഒരു കാരണവശാലും ശരിയായ തീരുമാനമല്ല ഇത്. തെരഞ്ഞെടുപ്പിൽ ഇതിന്റെ അലയൊലികൾ ഉണ്ടാകുമെന്ന് സർക്കാർ കാണാത്തതെന്തുകൊണ്ടാണാവോ? 
ഇവിടെ ഉന്നയിക്കാനുദ്ദേശിക്കുന്ന മറ്റൊരു ഗുരുതരമായ വിഷയം കോവിഡിന്റേതാണ്. ലോകത്തിനു മാതൃക എന്നൊക്കെ കൊട്ടിഘോഷിച്ച കേരളത്തിന്റെ കോവിഡ് പ്രതിരോധം ഇന്നെവിടെ എത്തിനിൽക്കുന്നു എന്നു പറയേണ്ടതില്ലല്ലോ. മറ്റു സംസ്ഥാനങ്ങൾ നമുക്ക് ഉപരോധം ഏർപ്പെടുത്തുന്നതു വരെയെത്തിയിരിക്കുന്നു കാര്യങ്ങൾ. എന്നിട്ടും എന്തൊക്കെയോ കണക്കുകളും ചില സംസ്ഥാനങ്ങളുമായുള്ള താരതമ്യങ്ങളും ഉദ്ധരിച്ച് സ്വയം ന്യായീകരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. പറ്റിയ വീഴ്ചകൾ പരിശോധിച്ച് തിരുത്താനുള്ള നടപടികൾ കാര്യമായി കാണുന്നില്ല. ദിവസം ഒരു ലക്ഷം ടെസ്റ്റുകളെങ്കിലും നടത്താനോ അവ ഭൂരിഭാഗവും ആർടിപിസിആർ ആക്കാനോ പോലും നമുക്കാവുന്നില്ല. ഈ അവസ്ഥയിലാണ് ഒരു നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.  എന്താണ് സംഭവിക്കുക എന്ന ആശങ്ക സ്വാഭാവികമാണ്. 
ചുരുക്കത്തിൽ ഭരണത്തുടർച്ചയെ കുറിച്ചുള്ള ചർച്ചകൾ സൃഷ്ടിച്ചും ഒരുപാട് അവകാശവാദങ്ങൾ ഉന്നയിച്ചുമാണ് സർക്കാർ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ പോകുന്നതെന്ന് വ്യക്തം. കിറ്റിനെ കുറിച്ചും ലൈഫിനെ കുറിച്ചും കാര്യമായി കേൾക്കാനില്ല. 
എന്നാൽ ഏറ്റവും ഗുരുതരമായ വിഷയങ്ങളിൽ കർക്കശമായ നിലപാടെടുക്കാനോ നടപടികളെടുക്കാനോ സർക്കാരിനു കഴിയുന്നില്ല എന്നതാണ് വസ്തുത. ഈ വൈകിയ വേളയിലെങ്കിലും ഒരു പുനഃപരിശോധനക്ക് ശ്രമിക്കുകയാണ് സർക്കാർ ഇപ്പോൾ ചെയ്യേണ്ടത്. അതാണ് ജനാധിപത്യ വിശ്വാസികൾ ആഗ്രഹിക്കുന്നത്. ചാനൽ സർവേ ഫലങ്ങൾ യാഥാർത്ഥ്യമാകാനും അതാണ് വേണ്ടത്. 


 

Latest News