Sorry, you need to enable JavaScript to visit this website.
Tuesday , April   13, 2021
Tuesday , April   13, 2021

ലാലൂർ പോരാട്ടത്തെ മറക്കുന്നത് നൈതികമല്ല

കാൽ നൂറ്റാണ്ടു കാലം ലാലൂരിൽ നടന്ന ജനകീയ പോരാട്ടം കേരള രൂപീകരണത്തിനു ശേഷം നാം കണ്ട ഏറ്റവും മൂല്യവത്തായ ഒന്നായിരുന്നു. ആ പോരാട്ടമാണ് അവിടത്തെ ട്രഞ്ചിംഗ് ഗ്രൗണ്ടിനെ സംസ്ഥാനത്തെ ഏറ്റവും വലിയ സ്‌പോർട്‌സ് കോംപ്ലക്‌സാക്കുന്നതിൽ ഏറ്റവും പ്രധാന പങ്കു വഹിച്ചത്. ഇക്കാര്യം തൃശൂർ നിവാസിയായ കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ വിസ്മരിക്കാൻ പാടില്ലായിരുന്നു. 

ലാലൂർ ഒരു കാലത്ത് തൃശൂരിന്റെ മാലിന്യത്തൊട്ടിയായിരുന്നു. മൂക്കു പൊത്തിപ്പിടിച്ചല്ലാതെ ആ പരിസരത്തിലൂടെ നടക്കാൻ പോലും വയ്യാത്ത അവസ്ഥ. സ്വന്തം വീട്ടിലിരുന്ന് ഭക്ഷണം കഴിക്കാൻ പോലും ബുദ്ധിമുട്ടിയ ജനത,  അന്തരീക്ഷത്തിലാകെ  ദുർഗന്ധം, ശുദ്ധജലത്തിന്റെ കുറവ്, അങ്ങനെ അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ലാതെ കഴിഞ്ഞ ആ നാട് ഇന്ന് മുഖം മിനുക്കിയിരിക്കുകയാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെയും തൃശൂർ  കോർപറേഷൻ ഭരണ സമിതിയുടെയും ഇഛാശക്തിയോടു കൂടിയ ഇടപെടലുകളുടെ ഫലമാണ് ലാലൂരിൽ ഒരുങ്ങുന്നത്. ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസമായ ഐ.എം. വിജയന്റെ പേരിലായിരിക്കും ലാലൂർ ഇനി അറിയപ്പെടുന്നത്.
തൃശൂർ നിവാസിയായ കൃഷിമന്ത്രി വി.എസ്. സുനിൽ കുമാറിന്റെ കഴിഞ്ഞ ദിവസത്തെ ഫേസ് ബുക്ക് പോസ്റ്റിന്റെ ഒരു ഭാഗമാണിത്. മാലിന്യത്തൊട്ടിയായിരുന്ന ലാലൂർ സ്‌പോർട്‌സ് കോംപ്ലക്‌സായി മാറുന്നത് വലിയ മാറ്റം തന്നെ. എന്നാൽ അത്തരമൊരു മാറ്റത്തെ തങ്ങളുടെ ഭരണ നേട്ടമായി വ്യാഖ്യാനിക്കുമ്പോൾ മന്ത്രി മറക്കുന്നത് ഇത്തരമൊരു മാറ്റത്തിനായി കാൽ നൂറ്റാണ്ടിലേറെ ജീവന്മരണ പോരാട്ടം നടത്തിയ ഒരു ജനതയെയും അതിനായി ജീവൻ പോലും നഷ്ടപ്പെട്ടവരെയുമാണ്. സ്‌പോർട്‌സ് കൗൺസിലിന് തറക്കല്ലിടിക്കേണ്ടത് അവരെക്കൊണ്ടായിരുന്നു. ആ സമര കാലഘട്ടത്തിലുടനീളം ഏറെക്കുറെ അവർക്കെതിരായിരുന്നു മന്ത്രി പറയുന്ന ഇടതുപക്ഷ മുന്നണിയും വലതുപക്ഷ മുന്നണിയും ഇരുവരും മാറിമാറി ഭരിച്ച കോർപറേഷൻ ഭരണ സമിതികളും. ഐതിഹാസികമായ ഈ സമര കാലത്ത് സമര സമിതി ചെയർമാനെ കൈയേറ്റം ചെയ്ത ഒരു ഇടതുപക്ഷ പ്രാദേശിക നേതാവ് ഇപ്പോഴത്തെ കൗൺസിലറുമാണ്.
നഗര മാലിന്യങ്ങൾ അശാസ്ത്രീയമായും ജനവിരുദ്ധമായും സംസ്‌കരിക്കുന്നതിനെതിരെ ആരംഭിച്ച ആദ്യത്തെ സമരമായിരുന്നു ലാലൂരിലേത്. നഗരത്തിലെ മാലിന്യങ്ങൾ യാതൊരുവിധ സംസ്‌കരണവും കൂടാതെ തൊട്ടടുത്ത അയ്യന്തോൾ പഞ്ചായത്തിലെ ലാലൂരിലെ വിശാലമായ ഗ്രൗണ്ടിൽ കൊണ്ടുതട്ടുന്നതിനെതിരെയായിരുന്നു സമരം. 1942 മുതൽ മലമടക്കമുള്ള മാലിന്യങ്ങൾ ഇവിടെയായിരുന്നു തട്ടിയിരുന്നത്.  1988 ഒക്ടോബർ രണ്ടിനാണ് ലാലൂർ മലിനീകരണ വിരുദ്ധ സമിതി രൂപവത്കരിച്ചത്. ആദ്യകാല കമ്യൂണിസ്റ്റ് നേതാവും പിന്നീട് ബോൾഷെവിക് പാർട്ടി നേതാവുമായ എം.വി. ആര്യന്റെയും ആദ്യകാല നക്‌സലൈറ്റ് പ്രവർത്തകനും പിന്നീട് പൗരാവകാശ പ്രവർത്തകനുമായ ടി.കെ. വാസുവിന്റേയും നേതൃത്വത്തിലായിരുന്നു സമര സമിതി പ്രവർത്തിച്ചത്. രൂപവത്കരണ ദിനത്തിൽ അയ്യന്തോൾ പഞ്ചായത്ത് ഓഫീസിന് മുന്നിൽ റിലേ നിരാഹാരത്തോടെ സമരം തുടങ്ങി. ഡോ. സുകുമാർ അഴീക്കോടായിരുന്നു ഉദ്ഘാടകൻ. 
അലക്ഷ്യമായ മാലിന്യ നിക്ഷേപം വഴി റോഡിൽ പോലും ദുർഗന്ധം നിറഞ്ഞ അവസ്ഥയായിരുന്നു അന്ന് ലാലൂരിൽ. ട്രഞ്ചിങ് ഗ്രൗണ്ടിന് ചുറ്റും മതിലില്ലാത്തതു മൂലം സമീപത്തെ വീടുകളിലേക്കും മാലിന്യമെത്തിയിരുന്നു. സമരം ശക്തമായതോടെ അധികൃതരുടെ ഭാഗത്തുനിന്ന് അടിച്ചമർത്തൽ നീക്കങ്ങൾ തുടങ്ങി. 35 ൽപരം ക്രിമിനൽ കേസുകളാണ് സമര പ്രവർത്തകരുടെ പേരിൽ പോലീസ് ചുമത്തിയത്. 1992 ൽ മൂന്നു യുവാക്കളുടെ മരണത്തോടെ സമരം ആളിക്കത്തി. കിണർ ശുചീകരിക്കാൻ ഇറങ്ങിയ മൂന്നു യുവാക്കളും ദുഷിച്ച വായു ശ്വസിച്ച് കിണറ്റിൽ കുടുങ്ങി മരിക്കുകയായിരുന്നു. മരിച്ച ഒരാളുടെ ഭാര്യ ആനി നൽകിയ പരാതിയെ തുടർന്ന് ലാലൂരിൽ ഇനി ഒരു തരി മാലിന്യം നിക്ഷേപിക്കരുതെന്ന് ആർ.ഡി.ഒ ഉത്തരവായി.  ഉത്തരവ് ഏറെ ശ്ലാഘിക്കപ്പെട്ടെങ്കിലും 97 ൽ കോടതിയെ സമീപിച്ച നഗരസഭ സ്റ്റേ വാങ്ങി. '96ൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ പഠനമനുസരിച്ച് ലാലൂരിലെ പത്തു കിണറുകൾ ഉപയോഗ ശൂന്യമായതായി കണ്ട് സീൽ ചെയ്തിതുന്നു. 2008 ൽ ഇത് നാൽപതും പിന്നീട് 85 ആയും ഉയർന്നു. 
ഏകദേശം 30 വർഷത്തോളം തൃശൂർ നഗരസഭയും രാഷ്ട്രീയ - സാംസ്‌കാരിക നേതൃത്വങ്ങളും ചർച്ച ചെയ്ത  പ്രധാന വിഷയമായിരുന്നു നഗരത്തിലെ മാലിന്യ സംസ്‌കരണവും ലാലൂർ നിവാസികളുടെ ദുരിതങ്ങളും. ഇക്കാലയളവിൽ നഗരത്തിൽ ഏറ്റവുമധികം സമരങ്ങൾ നടന്നതും ലാലൂരിനെ കേന്ദ്രീകരിച്ചു തന്നെ. ദുരിതങ്ങൾ രൂക്ഷമാകുമ്പോൾ ലാലൂരുകാർ സമരത്തിന് ഇറങ്ങും. നിരാഹാരവും മറ്റുമായി സമരം മുറുകും. ഒപ്പം കുറെ കേസുകളും  വരും. നഗരത്തിലെ ഹർത്താൽ വരെയെത്തി ആ സമരം. സമരം ശക്തമാകുമ്പോൾ  വീണ്ടും ചർച്ച നടത്തി വലിയ പാക്കേജൊക്കെ എഴുതി തയാറാക്കിക്കൊണ്ടുവരും. സമരം താൽക്കാലികമായി നിർത്തിവെക്കും.  ലാലൂരിൽ തന്നെ സംസ്‌കരണം തുടരും. ഇതു നിരവധി തവണ ആവർത്തിച്ചു. 2003 ൽ കൊട്ടിഘോഷിച്ച് മാലിന്യത്തിൽ നിന്ന് വളമുണ്ടാക്കാനുളള പദ്ധതി നടപ്പാക്കിയെങ്കിലും വൻ പരാജയമായി.
സംഘടിത രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം സമരത്തിന് എതിരായിരുന്നു. സമരത്തിന്റെ അവസാന ഘട്ടത്തിൽ സി.പി.എം സമാന്തര സമര സമിതി ഉണ്ടാക്കി രംഗത്തിറങ്ങിയിരുന്നു. അതാകട്ടെ, യു.ഡി.എഫ് ഭരിക്കുമ്പോൾ മാത്രം. എന്നാൽ കേരളത്തിലങ്ങോളമിങ്ങോളമുള്ള പരിസ്ഥിതി സംഘടനകളും നിരവധി ജനകീയ സംഘടനകളും സമരത്തിൽ അണിനിരന്നു. തികച്ചും ഗാന്ധിയൻ രീതിയിലായിരുന്നു സമരമെങ്കിലും ഇടക്ക് മാലിന്യം കൊണ്ടുവന്ന ലോറികൾക്കെതിരെ ആക്രമണങ്ങൾ നടന്നു. ട്രഞ്ചിംഗ് ഗ്രൗണ്ടിൽ നിന്ന് മാലിന്യങ്ങൾ നഗരസഭാ യോഗത്തിലും നഗരവീഥികളിലും മേയർമാരുടെ വസതികളിലും പോയി തട്ടുന്ന രീതിയിലുള്ള സമരങ്ങളും നടന്നു. നഗരം വളർന്നതോടെ മാലിന്യങ്ങളും വർധിച്ചു.  മുനിസിപ്പാലിറ്റിയും പിന്നീട് കോർപറേഷനും ഭരിച്ച ഇരുമുന്നണികളിൽ നിന്നും പ്രശ്‌നപരിഹാരത്തിന് ഉത്തരവാദിത്തപൂർവമായ ശ്രമങ്ങൾ ഉണ്ടായില്ല. ഹൈക്കോടതിയടക്കം ഇടപെട്ടിട്ടും ഗുണമുണ്ടായില്ല.  സമര സമിതി സംഘടിപ്പിച്ച നിരന്തര സമരങ്ങളിൽ തൃശൂരിൽ നിന്ന് മാത്രമല്ല, കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സാംസ്‌കാരിക സാമൂഹ്യ പ്രവർത്തകർ പങ്കെടുത്തു. യേശുദാസും സുഗതകുമാരിയും വി.ആർ. കൃഷ്ണയ്യരുമെല്ലാം ഇതിലുൾപ്പെടുന്നു. തൃശൂരിൽനിന്ന് സുകുമാർ അഴീക്കോടും കോവിലനും കെ.ജി. ശങ്കരപിള്ളയും വയലാ വാസുദേവപിള്ളയും  സാറാ ജോസഫും പവനനുമെല്ലാം നിരന്തര സാന്നിധ്യമായിരുന്നു. 
മൂന്നു മുഖ്യമന്ത്രിമാരായിരുന്നു സമരത്തിൽ ഇടപെട്ടത്. എ.കെ. ആന്റണി ഇടപെട്ടുണ്ടാക്കിയ ഒത്തുതീർപ്പുകളൊന്നും പാലിക്കപ്പെട്ടില്ല. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി തന്നെ മുൻകൈയെടുത്ത് ഘഅങജട എന്ന  വികേന്ദ്രീകൃത സംസ്—കരണ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചു.  പക്ഷേ, കോർപറേഷൻ ഭരിച്ചിരുന്ന ഇടതുമുന്നണി തന്നെ നടപ്പിലാക്കിയില്ല. പിന്നീട് ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിൽ വന്നതിനെ തുടർന്ന് മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയുമെല്ലാം ലാലൂർ സന്ദർശിക്കുകയും പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് യോഗം വിളിക്കുകയും ചെയ്തു. അവിടെയും കുറെ തീരുമാനങ്ങളെടുത്തെങ്കിലും നടപ്പായില്ല. തുടർന്നാണ് മുൻ നക്‌സൽ നേതാവും ചിന്തകനും സ്ഥലം നിവാസിയുമായ കെ. വേണു നിരാഹാര സമരമാരംഭിച്ചത്.  
2012 ഫെബ്രുവരി 15 ന് എഴുത്തുകാരൻ സക്കറിയയാണ് സമരം ഉദ്ഘാടനം ചെയ്തത്. സമരം നഗരത്തിൽ ആളിക്കത്തി. കേരളമെമ്പാടും പ്രതിധ്വനികളുണ്ടാക്കി.  സംസ്ഥാന തലത്തിൽ വളർന്ന സമ്മർദത്തിനു മുന്നിൽ സർക്കാർ മുട്ടുകുത്തി. അങ്ങനെയാണ് ലാലൂരിലേക്കുള്ള മാലിന്യ നീക്കം എന്നന്നേക്കുമായി അവസാനിച്ചത്. കേരളത്തിലെ മിക്കവാറും എല്ലാ നഗരങ്ങളിലും ഇതിനകം സമാന പ്രക്ഷോഭങ്ങൾ ആരംഭിച്ചിരുന്നു. തിരുവനന്തപുരം വിളപ്പിൽശാലയിലെ സമരമൊക്കെ ഏറെ ശ്രദ്ധേയമായിരുന്നല്ലോ.
കാൽ നൂറ്റാണ്ടു കാലം ലാലൂരിൽ നടന്ന ജനകീയ പോരാട്ടം കേരള രൂപീകരണത്തിനു ശേഷം നാം കണ്ട ഏറ്റവും മൂല്യവത്തായ ഒന്നായിരുന്നു. ആ പോരാട്ടമാണ് അവിടത്തെ ട്രഞ്ചിംഗ് ഗ്രൗണ്ടിനെ സംസ്ഥാനത്തെ ഏറ്റവും വലിയ സ്‌പോർട്‌സ് കോംപ്ലക്‌സാക്കുന്നതിൽ ഏറ്റവും പ്രധാന പങ്കുവഹിച്ചത്. തൃശൂർക്കാരനായ മന്ത്രിക്ക് ഇതറിയാത്തതല്ല. അദ്ദേഹത്തിന്റെ പാർട്ടിയുടെ പ്രാദേശിക പ്രവർത്തകർ സമരത്തിൽ സജീവമായിരുന്നുതാനും. പക്ഷേ എന്നിട്ടും ഇത്തരമൊരു നിർണായക വേളയിൽ അതേക്കുറിച്ച് അദ്ദേഹം പാലിക്കുന്ന മൗനം രാഷ്ട്രീയമായി ശരിയല്ല, നൈതികവുമല്ല എന്നു പറയാതിരിക്കാനാവില്ല.
 

Latest News