Sorry, you need to enable JavaScript to visit this website.

വെളിപ്പെടുന്ന സത്യങ്ങൾ; തകരുന്ന ധാരണകൾ

മുഗൾ രാജവംശത്തിന്റെ തകർച്ചയോടെയാണ് ഇന്ത്യയിൽ സംസ്‌കൃത വിജ്ഞാന മഹിമ ക്ഷയിച്ചു തുടങ്ങിയത്.ഭാഷാ സമന്വയത്തിനു പുറമെ മത സംവാദങ്ങളും മുഗൾ പ്രത്യേകതയായിരുന്നു. അക്ബർ ചക്രവർത്തിയുടെ 'ഇബാദത്ത് ഖാന' (ആരാധനാ സമുച്ചയം) അതിന്റെ പ്രധാന വേദിയായിരുന്നു. ഇന്ത്യയിലെ ഹിന്ദു, മുസ്‌ലിം സങ്കര പാരമ്പര്യത്തെ അധികരിച്ച് ധാരാശുക്കൂർ രചിച്ച 'മജുമൈനിൽ ബഹ്‌റൈൻ '(രണ്ട് മഹാ സമുദ്രങ്ങളുടെ സംഗമം) എടുത്തു പറയേണ്ട ഒന്നാണ്.

ചരിത്ര പഠനവും ഗവേഷണവും വ്യാപകമാകുമ്പോൾ നാം ധരിച്ചുവെച്ച പലതും സത്യമല്ലെന്ന് വെളിപ്പെട്ടുകൊണ്ടിരിക്കുകയാണ്. 1030 ഏപ്രിൽ 30 ന് നിര്യാതനായ മഹമൂദ് ഗസ്‌നി 15 ാം നൂറ്റാണ്ടിൽ സോമനാഥ് ക്ഷേത്രം തകർത്തുവെന്ന പ്രചാരണം എത്രത്തോളം സത്യവിരുദ്ധമാണെന്ന് നാം കണ്ടുകഴിഞ്ഞു. അത് തകർത്തത് പോർച്ചുഗീസുകാരായിരുന്നു. ഇപ്പോൾ മറ്റൊരു സത്യം വെളിപ്പെട്ടിരിക്കുന്നത് ഇന്ത്യയിൽ ബ്രിട്ടീഷ് ആധിപത്യത്തിനു വഴി ഒരുക്കിയത് മുഗൾ ഭരണാധികാരികൾ അല്ലെന്നതാണ്.  സത്യം വെളിപ്പെടുന്നത് ബ്രിട്ടീഷ് രേഖകളിൽനിന്ന് തന്നെയാണ്.  പ്രശസ്ത ബ്രിട്ടീഷ് ചിത്രകാരൻ വില്യം റോത്തൻസ്റ്റയിൻ 1925 ൽ വരച്ച ചുമർ ചിത്രത്തിലാണ് തിളങ്ങുന്ന ഈ സത്യം വെളിപ്പെടുത്തുന്നത്. ലണ്ടനിൽ വെസ്റ്റ്മിനിസ്റ്റർ കൊട്ടാരത്തിലെ സെന്റ് സ്റ്റീഫൻ ഹാളിലാണ് ഈ ചിത്രമുള്ളത്. ബ്രിട്ടീഷ് ചരിത്രത്തിലെ എട്ട് പ്രധാന സംഭവ വികാസങ്ങൾ എട്ട് പ്രശസ്ത ചിത്രകാരമാരെക്കൊണ്ട് വിശാല ചുമർ ചിത്രങ്ങളായി വരപ്പിച്ച പദ്ധതിയുടെ ഭാഗമായാണ് ഇത് തയാറാക്കിയത്. ബ്രിട്ടീഷ് സാമ്രാജ്യത്വ ചരിത്രത്തിലെ പരാജയപ്പെട്ട നയതന്ത്ര ദൗത്യമായാണ് ഇത് വിശദീകരിക്കുന്നത്. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പ്രതിനിധി സർ തോമസ് റോ മുഗൾ ചക്രവർത്തി ജഹാംഗീറിന് രാജധാനിയിൽ വെച്ചു ബ്രിട്ടീഷ് ചക്രവർത്തി ജെയിംസ് ഒന്നാമൻ രാജാവിന്റെ കത്തു കൈമാറുന്നതാണ് ചിത്രം. വിശദാംശങ്ങളിൽ രേഖപ്പെടുത്തിയതനുസരിച്ചു ഈസ്റ്റ് ഇന്ത്യാ കമ്പനിയും മുഗൾ സാമ്രാജ്യവും തമ്മിൽ വ്യാപാര കരാറുണ്ടാക്കാൻ തോമസ് റോ നാല് വർഷം ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. 1615 സെപ്റ്റംബറിൽ ഇന്ത്യയിൽ എത്തിയ അദ്ദേഹം 1619 ൽ നിരാശനായി തിരിച്ചുപോയി.  ഇന്ത്യയിൽ ബ്രിട്ടീഷ് ആധിപത്യത്തിന് വഴി ഒരുക്കിയത് മുഗളർ അല്ലെന്ന് ചുരുക്കം.
ഇതേപോലെയാണ് ഇന്ത്യയുടെ സംസ്‌കൃത പാരമ്പര്യത്തെ കുറിച്ചുള്ള സങ്കൽപം.  അത് ബ്രാഹ്മണ പാരമ്പര്യമാണെന്ന് പൊതുവെ കരുതപ്പെട്ടിരുന്നു. എന്നാൽ മുഗൾ ഭരണാധികാരികളുടെ സംരക്ഷണയിൽ ജൈന സന്ന്യാസിമാരാണ് സംസ്‌കൃതത്തിന്റെ  വികാസത്തിന്ന് അടിത്തറ പാകിയതെന്നു വിശദീകരിക്കുന്ന ഒരു ഗവേഷണ ഗ്രന്ഥം അടുത്ത കാലത്ത് പുറത്ത് വരികയുണ്ടായി. പ്രൊഫ. ഔഡ്രെ ട്രസ്ഖീ 2016 ൽ കൊളമ്പിയ സർവകലാശാലയിൽ നടത്തിയ ഗവേഷണത്തെ അധികരിച്ച് തയാറാക്കിയതാണ് (മുഗൾ കൊട്ടാരത്തിലെ സാംസ്‌കാരിക വിനിമയം) (Culture of Encounters at Mugal Court) ഈ ഗ്രന്ഥം. ഇന്ത്യയുടെ ഏകശിലാത്മക സ്വത്വമായി ഹിന്ദുത്വത്തെ ഉയർത്തിക്കാണിക്കുന്നതിന്റെ പൊള്ളത്തരം ഇവിടെ അനാവരണം ചെയ്യപ്പെടുകയാണ്. 1582 മുതൽ 1912 വരെ ഇന്ത്യയുടെ ഔദ്യോഗിക ഭാഷ പേർഷ്യൻ ആയിരുന്നു. രാജാറാം മോഹൻ റോയിയുടെ പ്രസിദ്ധ ഗ്രന്ഥങ്ങൾ പേർഷ്യൻ ഭാഷയിൽ രചിക്കപ്പെട്ടവയാണ്.  സംസ്‌കൃതം ഉൾപ്പെടെയുള്ള എല്ലാ ഭാരതീയ ഭാഷകൾക്കും സംസ്‌കൃതിക്കും മുഗളർ പ്രാധാന്യം നൽകിയിരുന്നു. മുഗൾ കൊട്ടാരം ഏഷ്യയിലുടനീളമുള്ള ചിന്തകരുടെയും കലാകാരന്മാരുടെയും കവികളുടെയും സാഹിത്യകാരൻമാരുടെയും വിഹാര കേന്ദ്രമായിരുന്നു.  സംസ്‌കൃതത്തിനും  അതിന്റെ വൈജ്ഞാനിക മേഖലക്കും ബൗദ്ധികതക്കും സാഹിത്യത്തിനും രാഷ്ട്രീയത്തിനു പോലും മുഗൾ കൊട്ടാരത്തിൽ വലിയതായ സ്ഥാനമുണ്ടായിരുന്നു. പേർഷ്യൻ, സംസ്‌കൃത സാംസ്‌കാരിക വിനിമയം വളരെ ശക്തമായിരുന്നു. ജൈന പണ്ഡിതന്മാരും ബ്രാഹ്മണരും അതിൽ ഒരുപോലെ പങ്കാളികളായിരുന്നു.  ഇന്ത്യയുടെ ബഹുസ്വര പാരമ്പര്യത്തെ മുഗൾ രാജാക്കന്മാർ ആദരിച്ചിരുന്നു.  അക്ബർ, ഷാജഹാൻ ചക്രവർത്തിമാരുടെ കാലത്ത് രാമായണവും മഹാഭാരതവും ഉൾപ്പെടെയുള്ള നിരവധി സംസ്‌കൃത ഗ്രന്ഥങ്ങൾ പേർഷ്യൻ ഭാഷയിലേക്ക് പരിഭാഷ ചെയ്യപ്പെട്ടു. ഷാജഹാൻ ചക്രവർത്തിയുടെ മൂത്ത പുത്രൻ ധാരാശുക്കൂർ (ഔറംഗസീബിന്റെ ജ്യേഷ്ഠൻ ) മുഗൾ കാലഘട്ടത്തിന് അലങ്കാരമായി ശോഭിച്ച പണ്ഡിതനായിരുന്നു. ഉപനിഷത്തുകൾ ഉൾപ്പെടെ നിരവധി സംസ്‌കൃത കൃതികൾ അദ്ദേഹം പേർഷ്യൻ ഭാഷയിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്.  ജൈന സന്ന്യാസിമാർ മുഗൾ ഭരണത്തെ കുറിച്ച് സംസ്‌കൃതത്തിൽ എഴുതിയ കാവ്യങ്ങൾ പ്രസിദ്ധമാണ്. ആ കാലത്തു രചിക്കപ്പെട്ട പേർഷ്യൻ ഭാഷയുടെ നിരവധി സംസ്‌കൃത വ്യാകരണങ്ങൾ മുഗൾ കൊട്ടാരത്തിലെ ബ്രാഹ്മണ പണ്ഡിതരുടെ സംഭാവനകളായിരുന്നു.  വിഹാരി കൃഷ്ണദാസൻ രചിച്ച 'പാരസി പ്രകാശം' (പേർഷ്യയുടെ പ്രകാശം) ഇക്കൂട്ടത്തിൽ ശ്രദ്ധേയമാണ്. ഇന്ത്യാ മഹാരാജ്യത്തെ ഭരിക്കാൻ തങ്ങൾ പ്രാപ്തരാണെന്ന് ചരിത്രത്തിൽ രേഖപ്പെടുത്താൻ ഈ സംസ്‌കൃത ബന്ധം മുഗളർക്ക് അവസരം നൽകിയതായി ഔദ്ര വിലയിരുത്തുന്നതും ശ്രദ്ധേയമാണ്.  മുഗൾ രാജവംശത്തിന്റെ തകർച്ചയോടെയാണ് ഇന്ത്യയിൽ സംസ്‌കൃത വിജ്ഞാന മഹിമ ക്ഷയിച്ചു തുടങ്ങിയത്.
ഭാഷാ സമന്വയത്തിനു പുറമെ മതസംവാദങ്ങളും മുഗൾ പ്രത്യേകതയായിരിന്നു. അക്ബർ ചക്രവർത്തിയുടെ 'ഇബാദത്ത് ഖാന' (ആരാധനാ സമുച്ചയം) അതിന്റെ പ്രധാന വേദിയായിരുന്നു. ഇന്ത്യയിലെ ഹിന്ദു, മുസ്‌ലിം സങ്കര പാരമ്പര്യത്തെ അധികരിച്ച് ധാരാശുക്കൂർ രചിച്ച 'മജുമൈനിൽ ബഹ്‌റൈൻ ' (രണ്ട് മഹാസമുദ്രങ്ങളുടെ സംഗമം ) എടുത്തു പറയേണ്ട ഒന്നാണ്. 

Latest News