തലശ്ശേരി- കണ്ണൂരിലെ കൂത്തുപറമ്പ് മണ്ഡലത്തിൽ പൊട്ടങ്കണ്ടി അബ്ദുല്ല തന്നെ ലീഗ് സ്ഥാനാർഥിയെന്ന് റിപ്പോർട്ട്. പാർട്ടിയിലെ പൊട്ടിത്തെറിക്ക് വേഗമേറുന്നു. കൂത്തുപറമ്പ് നിയമസഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി കുപ്പായം പൊട്ടങ്കണ്ടി അബ്ദുല്ല തന്നെ കൈക്കലാക്കിയെന്ന വിവരം പുറത്ത് വന്നതോടെ വലിയൊരു വിഭാഗം പ്രവർത്തകരും നേതാക്കളും നിരാശയിലാണ്. നേരത്തെ പാനൂർ നഗരസഭാ ചെയർപേഴ്‌സണായിരുന്ന കെ.വി റംല ടീച്ചറെ സ്ഥാനാർഥിയാക്കണമെന്ന് ഭൂരിഭാഗം പ്രവർത്തകരും ആവശ്യപ്പെട്ടെങ്കിലും ഇതിനെയൊക്കെ തട്ടിമാറ്റി സംസ്ഥാന കമ്മിറ്റിയിൽ സമ്മർദം ചെലുത്തി പൊട്ടങ്കണ്ടി അബ്ദുല്ല മത്സരത്തിന് തയാറാവുകയായിരുന്നു. ഗ്രൂപ്പ് പോര് രൂക്ഷമായ കൂത്തുപറമ്പ് മണ്ഡലം മുസ്‌ലിം ലീഗിലെ ഒരു ഗ്രൂപ്പിന് നേതൃത്വം കൊടുക്കുന്ന പൊട്ടങ്കണ്ടി അബ്ദുല്ല തന്നെ സ്ഥാനാർഥിയായി എത്തുമെന്നറിഞ്ഞതോടെ സജീവ പ്രവർത്തകരിൽ പോലും നിരാശ പടർത്തിയിരിക്കുകയാണ്. പാനൂർ ഉൾപ്പെടുന്ന മണ്ഡലത്തിലെ മുസ്‌ലിം ലീഗിൽ ഏറെക്കാലമായി ഉടലെടുത്ത ചേരിപ്പോരിനെ ആളിക്കത്തിക്കാൻ മാത്രമേ പൊട്ടൻകണ്ടിയുടെ സ്ഥാനാർഥിത്വത്തിലൂടെ സാധിക്കുകയുള്ളൂവെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
ഒരു ഗ്രൂപ്പ് നേതാവിനെയും സ്ഥാനാർഥിയായി ഉൾക്കൊള്ളാൻ മണ്ഡലത്തിലെ ഭൂരിഭാഗം മുസ്‌ലിം ലീഗ് അണികളും ഇപ്പോഴും തയാറല്ല. പാർട്ടിയിൽ ഉടലെടുത്ത ചേരിപ്പോര് ഇപ്പോൾ അതിന്റെ പാരമ്യത്തിലെത്തി നിൽക്കുകയാണ്. അതിനിടെ ഒരു വിഭാഗത്തിന്റെ നേതാവിനെ തന്നെ കളത്തിലിറക്കി തെരഞ്ഞെടുപ്പിനെ നേരിടുകയെന്നത് പലർക്കും ഉൾക്കൊള്ളാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. മണ്ഡലം പ്രസിഡണ്ടായി പൊട്ടൻകണ്ടി പ്രവർത്തിച്ച കാലത്ത് എതിർ പാർട്ടിക്കാരനോട് പോലും കാണിക്കാത്ത അസഹിഷ്ണുതയാണ് വെച്ച് പുലർത്തിയതെന്നും അതിനാൽ ഇങ്ങനെയുള്ളയൊരാളെ സ്ഥാനാർഥിയാക്കിയത് ഉചിതമല്ലെന്നുമാണ് ഭൂരിഭാഗത്തിന്റെയും അഭിപ്രായം. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിക്കാനുള്ള തയാറെടുപ്പിലാണ് മണ്ഡലത്തിലെ പ്രബലമായ ഒരു വിഭാഗം.
മണ്ഡലം പ്രസിഡന്റായി പൊട്ടൻകണ്ടി അബ്ദുല്ല കടന്നുവന്നത് തന്നെ വിഭാഗീയതയുടെ വക്താവായാണെന്ന് വലിയൊരു വിഭാഗം അണികളും ചൂണ്ടിക്കാട്ടുന്നു. മണ്ഡലത്തിലെ രാഷ്ട്രീയ ചാണക്യനായിരുന്ന കെ.എം സൂപ്പിയെ സംഘടനാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ കുതന്ത്രങ്ങൾ തന്നെ പയറ്റി ഈ ഗ്രൂപ്പ് നേതാവ് പ്രസിഡണ്ട് പദത്തിൽ എത്തുകയായിരുന്നു. 1991 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കെ.എം സൂപ്പി എന്ന ജനകീയൻ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. 91-96 കാലഘട്ടത്തിൽ മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ സൂപ്പിയുടെ ഗ്രാഫ് പിന്നെയും ഉയർത്തി. പൊതുകാര്യ സമ്മതനായ സൂപ്പി സാഹിബിന്റേതല്ലാതെ മറ്റൊരു പേര് 96 ലെ തെരഞ്ഞെടുപ്പിലും മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിക്ക് മുന്നിലെത്തിയില്ല. മണ്ഡലത്തിൽ നിന്ന് വീണ്ടും ജനവിധി തേടാൻ കെ.എം സൂപ്പിയെന്ന ജനകീയ നേതാവിനെ നിയോഗിച്ചതോടെ പൊട്ടൻകണ്ടി ഒളിഞ്ഞും തെളിഞ്ഞും രാഷ്ട്രീയ എതിരാളികൾക്ക് വേണ്ടി വിടുപണി ചെയ്യുകയായിരുന്നെന്ന് സംസ്ഥാന കമ്മിറ്റിക്ക് മുന്നിലും പരാതി എത്തുകയായിരുന്നു. ഏറെ വിജയ സാധ്യതയുള്ള സൂപ്പി 16,000 ത്തിലേറെ വോട്ടുകൾക്ക് പരാജയപ്പെടാൻ കാരണം ഈ ഗ്രൂപ്പ് നേതാവ് തന്നെയെന്ന് സൂപ്പിയും സംസ്ഥാന കമ്മിറ്റിക്ക് വിശദമായ പരാതി നൽകിയിരുന്നു. മണ്ഡലത്തിലെ പരാജയം വിലയിരുത്താൻ അന്വേഷണ കമ്മീഷനെയും നിയോഗിച്ചിരുന്നു. കമ്മീഷൻ റിപ്പോർട്ട് വെളിച്ചം കണ്ടില്ലെങ്കിലും അന്വേഷണ കമ്മീഷൻ കണ്ടെത്തിയ പരാജയ കാരണങ്ങൾ പൊട്ടൻകണ്ടിയുടെ കറുത്ത കരങ്ങളിൽ തന്നെയായിരുന്നുവെന്ന് നാട്ടിൽ പാട്ടായിരുന്നു.






