ആലപ്പുഴ - തെരഞ്ഞെടുപ്പടുത്ത സന്ദർഭത്തിൽ സംഘ്പരിവാർ കേരളത്തിൽ ആസൂത്രിതമായി അക്രമങ്ങളുണ്ടാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതായും അതിന്റെ ഫലമാണ് വയലാറിൽ ഉണ്ടായ അക്രമവും അതേത്തുടർന്ന് ഒരാൾ കൊല ചെയ്യപ്പെട്ട സംഭവവും എന്ന് വെൽഫെയർ പാർട്ടി ആലപ്പുഴ ജില്ലാ കമ്മിറ്റി.
എസ്.ഡിപി.ഐ നടത്തിയ വാഹന പ്രചാരണ ജാഥയിൽ വാക്കേറ്റമുണ്ടാക്കി സംഘർഷ അന്തരീക്ഷം സൃഷ്ടിച്ചത് സംഘ്പരിവാറാണ്.
പിന്നീട് വീണ്ടും പ്രകോപനമുണ്ടാക്കിയതിനെ തുടർന്നുള്ള സംഘർഷങ്ങളാണ് പരസ്പരമുള്ള അക്രമത്തിലും കൊലപാതകത്തിലും കലാശിച്ചത്. പ്രകോപനങ്ങൾ സൃഷ്ടിച്ച് സംഘർഷമുണ്ടാക്കുക എന്ന ആർ.എസ്.എസിന്റെ സ്ഥിരം രീതിയാണ് ഇവിടെയുമുണ്ടായിരിക്കുന്നത്. സംഘ്പരിവാർ നേതൃത്വത്തിൽ നടക്കുന്ന അക്രമങ്ങളുടെ നേരെ കേരളത്തിൽ പോലീസ് നടപടിയെടുക്കാത്തതും ഇത്തരം പ്രവണതകൾ ആവർത്തിക്കാനിടയാക്കുന്നു. കഴിഞ്ഞയാഴ്ച പറവൂരിൽ സേവാ ഭാരതിയുടെ ആംബുലൻസിൽ തോക്കുമായി വന്ന സംഘ്പരിവാർ പ്രവർത്തകരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ഇതൊക്കെ സംഘ്പരിവാറിന് ആക്രമണങ്ങൾ നടത്താൻ പ്രേരണ നൽകുന്ന ഘടകങ്ങളാണ്. സംഘർഷാത്മക അന്തരീക്ഷം മാത്രമാണ് സംഘ്പരിവാറിന് പ്രവർത്തിക്കാൻ വളം നൽകുന്നത്. ഇത് തിരിച്ചറിഞ്ഞ് സംയമനത്തോടെ കാര്യങ്ങളെ അഭിമുഖീകരിക്കാൻ മതേതര ജനാധിപത്യ വിശ്വാസികൾ സന്നദ്ധമാകണം. വയലാറിൽ നടന്ന അക്രമ സംഭവങ്ങളിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും സംഭവത്തിലെ മുഴുവൻ കുറ്റക്കാരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു.






