തിരുവനന്തപുരം- കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരുമാനത്തെ കേരളാപ്രദേശ് കോൺഗ്രസ് കമ്മിറ്റി സർവ്വാത്മനാ സ്വാഗതം ചെയ്യുന്നതായി കെ.പി. സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതിനിധികൾ കേരളം സന്ദർശിച്ചപ്പോൾ ഏപ്രിൽ 15 ന് മുമ്പ് തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് കെ.പി.സിസി പ്രതിനിധി സംഘം ആവശ്യപ്പെട്ടത്. ആ അഭ്യർത്ഥന മാനിക്കപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തേണ്ട എല്ലാ സജ്ജീകരണങ്ങളും നടത്തിക്കഴിഞ്ഞു. കോൺഗ്രസിന് തികഞ്ഞ ശുഭാപ്തി വിശ്വാസമാണുള്ളത്.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ശേഷം പാർട്ടിയുടെ എല്ലാ തലങ്ങളും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുകയാണ്. എല്ലാ പോഷകസംഘടനകളും തെരഞ്ഞെടുപ്പിന് സജ്ജമാണ്. ഈ തെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യമുന്നണിക്കും കോൺഗ്രസിനും വമ്പിച്ച വിജയം ഉണ്ടാകുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.
ഈ പ്രഖ്യാപനം വരുന്നതിന് മുമ്പ് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ രണ്ട് യോഗങ്ങൾ നടന്നിരുന്നു. ഒന്ന് എറണാകുളത്ത് വച്ചും അടുത്തത് കെ പി സി സി ഓഫീസിൽ വെച്ചുമാണ് നടന്നത്. എല്ലാ കാര്യങ്ങളും അതിൽ വിശദമായി സംസാരിച്ചു. സ്ഥാനാർത്ഥി നിർണ്ണയവും ഏറെക്കുറെ പൂർത്തിയാക്കുന്ന ഘട്ടത്തിൽ എത്തിയിരിക്കുകയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
യു.ഡി.എഫ് ആവശ്യപ്പെട്ടതു പോലെ തെരഞ്ഞെടുപ്പ് ഏപ്രിൽ മാസത്തിൽ നടത്താൻ തിരുമാനിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ യു.ഡി.എഫ് സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും യു.ഡി.എഫ് പൂർത്തിയാക്കിക്കഴിഞ്ഞു. ഐശ്വര്യകേരളയാത്രയോടും രാഹൂൽഗാന്ധി പങ്കെടുത്ത ശംഖുംമുഖത്തെ സമാപനത്തോടും കൂടി യുഡി.എഫിന്റെ തെരഞ്ഞടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വളരെ വിജയകരമായി തന്നെ യുഡി എഫ് പൂർത്തിയാക്കുകയാണ്. വളരെ ആത്മവിശ്വാസത്തോടെ ഒറ്റക്കെട്ടായാണ് യു ഡി എഫും കോൺഗ്രസും നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് രമേശ് ചെന്നിത്തല തുടർന്നു പറഞ്ഞു. അഞ്ച് വർഷത്തെകാലത്തെ അഴിമതി ജനദ്രോഹഭരണത്തിനെതിരായി കേരളം ഒറ്റെക്കെട്ടായി അണി നിരക്കുമെന്ന പൂർണ്ണ വിശ്വാസമാണ് യു.ഡി.എഫിനുള്ളത്. ആ വിശ്വാസത്തോട് കൂടിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. യു.ഡി.എഫ് വൻവിജയം നേടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.






