കൊച്ചി- പതിവു പോലെ സീറ്റു വിഭജന ചർച്ച ആദ്യം പൂർത്തിയാക്കി സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് എൽ ഡി എഫ് ഒരുങ്ങുന്നു. പതിവിന് വിപരീതമായി സി പി ഐ അടക്കമുള്ള ഘടകകക്ഷികളുമായി സി പി എം നേതൃത്വം നല്ല ബന്ധം നിലനിർത്തുന്നത് ഇക്കുറി സീറ്റ് വിഭജനവും സ്ഥാനാർഥി നിർണയവും വേഗത്തിലാക്കാൻ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. സീറ്റ് വിഭജന വേളയിൽ സി പി ഐ- സി പി എം തർക്കങ്ങൾ പലപ്പോഴും പൊട്ടിത്തെറിയിലേക്ക് നീങ്ങാറുണ്ട്. എന്നാൽ ഇക്കുറി രണ്ടു പാർട്ടികളുടെയും നേതൃത്വങ്ങൾ പരസ്പരം വിശ്വാസത്തിലെടുക്കാൻ തയ്യാറായിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. പുതുതായി വന്ന കേരള കോൺഗ്രസ് എം അടക്കമുള്ള ഘടകകക്ഷികളുടെ കാര്യത്തിലും വലിയ തർക്കങ്ങളൊന്നും നിലനിൽക്കുന്നില്ല. ഓരോ പാർട്ടികളും സ്ഥാനാർഥികളുടെ കാര്യത്തിൽ ഏകദേശ ധാരണയിലെത്തുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ അടുത്ത മാസം ആദ്യം തന്നെ സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയാക്കാൻ കഴിയുമെന്നാണ് ഇടതു മുന്നണിയുടെ പ്രതീക്ഷ.
ഇതിന്റെ ഭാഗമായി ഘടക കക്ഷികളുമായുള്ള സീറ്റുവിഭജന ചർച്ചകൾ നാലു ദിവസത്തിനകമെങ്കിലും പൂർത്തിയാക്കാനാണ് ആലോചന. ഇന്ന് നടക്കുന്ന സി പി എം നേതൃയോഗത്തിൽ ഇതു സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും. സി പി ഐയുമായി സീറ്റു വിഭജനത്തിൽ ഏകദേശ ധാരണയുണ്ടാക്കിയിട്ടുണ്ട്.കേരളാ കോൺഗ്രസ് എമ്മുമായും ആദ്യഘട്ട ചർച്ച നടത്തിക്കഴിഞ്ഞു.രണ്ടു ദിവസത്തിനകം സി പി ഐയുമായുള്ള രണ്ടാം ഘട്ട ചർച്ച പൂർത്തിയാകുന്നതോടെ മറ്റു കക്ഷികളുമായി സി പി എംനേതൃത്വം ചർച്ച നടത്തും. തുടർന്ന് സീറ്റു ധാരണയാകുന്നതോടെ അന്തിമ സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടാകും. നിലവിൽ സി പി ഐയാണ് സ്ഥാനാർഥി നിർണ്ണയം ഏതാണ്ട് പൂർത്തിയാക്കിയിട്ടുള്ളത്. ജില്ലാകൗൺസിലുകൾ തയ്യാറാക്കിയ സാധ്യതാ പാനലുകൾ ഇതിനകം സംസ്ഥാന കൗൺസിലിനെ ഏൽപ്പിച്ചു കഴിഞ്ഞു.അടുത്ത മാസം അഞ്ചിന് തന്നെ സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തിറക്കാനാകുമെന്നാണ് സി പി ഐ നേതൃത്വം പറയുന്നത്.
സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച പ്രാഥമിക ചർച്ചകൾ മാത്രമാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ നേരത്തെ നടന്നിട്ടുള്ളത്. എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ ജാഥകൾക്ക് ശേഷമുള്ള സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇത് സംബന്ധിച്ച ചർച്ചകൾ സജീവമാകുകയെന്നാണ് നേതാക്കൾ നൽകുന്ന വിവരം. കേരളാ കോൺഗ്രസ് എമ്മിലും സ്ഥാനാർത്ഥികളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്.സീറ്റു നില കൃത്യമായറിഞ്ഞാൽ സ്ഥാനാർത്ഥി പ്രഖ്യാപനം വേഗത്തിലാകുമെന്നാണ് ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നത്. എൽ ഡി എഫിലെ മറ്റു ഘടക കക്ഷികളുമായി സീറ്റു വിഭജനത്തിൽ വലിയ തർക്കങ്ങളുണ്ടാകില്ലെന്നാണ് സി പി എം നേതൃത്വത്തിന്റെ വിലയിരുത്തൽ. അതേ സമയം വിവിധ ജില്ലകളിൽ നേതാക്കളെയടക്കം ഉൾപ്പെടുത്തി നടത്തിയ ഗൃഹസന്ദർശന സ്ക്വാഡുകൾ വീണ്ടും സജീവമാക്കാനാണ് സി പി എം തീരുമാനം. സംസ്ഥാനത്താകെ ഒരു ലക്ഷത്തിലധികം സന്ദർശന സ്ക്വാഡുകളെയാണ് നേരത്തെ ഗൃഹ സന്ദർശനത്തിനായി ഒരുക്കിയിരുന്നത്. സർക്കാർ ഭരണ നേട്ടങ്ങൾ, വികസന ക്ഷേമ പദ്ധതികൾ എന്നിവ ഉൾക്കൊള്ളിച്ച് തന്നെയാകും രണ്ടാം ഗൃഹസന്ദർശനവും.






