പെണ്‍കുട്ടിക്ക് അശ്ലീലദൃശ്യങ്ങള്‍ അയച്ച ഇന്ത്യക്കാരനെതിരെ കേസ് 

ദുബായ്-  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് ഇ-മെയില്‍ വഴി അശ്ലീല ദൃശ്യങ്ങള്‍ അയച്ച ഇന്ത്യക്കാരനെതിരെ ദുബായില്‍ കേസ്. ഇന്ത്യക്കാരിയായ മാതാവ് 13 വയസ്സായ മകളുടെ ഇ-മെയില്‍ പരിശോധിച്ചപ്പോഴാണ്  27 വയസ്സായ ഇന്ത്യക്കാരന്‍ അയച്ച ദൃശ്യങ്ങള്‍ കണ്ടെത്തുകയും പരാതി നല്‍കുകയും ചെയ്തത്. പെണ്‍കുട്ടിയുമായി താന്‍ പ്രണയത്തിലായിരുന്നുവെന്നാണ് വീട്ടുകാര്‍ക്ക് സുപരിചതനും വീട്ടിലെ സന്ദര്‍ശകനുമായിരുന്ന യുവാവ് വാദിച്ചത്. 
 
ഇ-മെയിലുകളെ കുറിച്ച് ചോദിച്ചപ്പോള്‍ യുവാവ് മോശമായ രീതിയില്‍ തന്നോട് പെരുമാറിയിട്ടുണ്ടെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയതായി മാതാവ് പോലീസിനോട് പറഞ്ഞു.  കഴിഞ്ഞ ഓഗസ്റ്റിലാണ് സംഭവം. പ്രതി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് അതിക്രമം കാണിച്ചുവെന്നും ഇന്റര്‍നെറ്റ് തെറ്റായ രീതിയില്‍ ഉപയോഗിച്ചുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അശ്ലീല ദൃശ്യങ്ങള്‍ അയച്ചതുവഴി പെണ്‍കുട്ടിയെ ശാരീരികമായി ഉപയോഗിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. 

വീട്ടില്‍ വരുമ്പോഴെല്ലാം പ്രതി തന്നോട് മോശമായി പെരുമാറുകയും ബലമായി ചുംബിക്കുകയും ചെയ്തിരുന്നുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. തനിക്ക് 11 വയസുള്ളപ്പോള്‍ മുതല്‍ ഇത്തരത്തില്‍ മോശം അനുഭവം ഉണ്ടായിരുന്നു. പിന്നീട്, ഇ- മെയില്‍ വഴി ദൃശ്യങ്ങള്‍ അയച്ചു തുടങ്ങി. രക്ഷിതാക്കളെ ഇക്കാര്യങ്ങള്‍ അറിയിക്കാന്‍ ഭയമായിരുന്നു. സംഭവം വീട്ടില്‍ അറിയിച്ചാല്‍ അമ്മ അടിക്കുമെന്നും തിരികെ ഇന്ത്യയിലേക്ക് പറഞ്ഞുവിടുമെന്നും പ്രതി ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പെണ്‍കുട്ടി പ്രോസിക്യൂഷനോട് പറഞ്ഞു. 

പ്രതിസ്ഥാനത്തു നില്‍ക്കുന്ന വ്യക്തി വീട്ടില്‍ വരുമ്പോഴെല്ലാം പെണ്‍കുട്ടി ദേഷ്യം കാണിക്കുകയും ഭയപ്പെടുകയും ചെയ്തിരുന്നുവെന്ന് അമ്മയും മൊഴി നല്‍കി. ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയില്‍  പ്രോസിക്യൂഷന്‍ ഉന്നയിച്ച ആരോപണങ്ങള്‍ പ്രതി നിഷേധിച്ചു. 

പെണ്‍കുട്ടിയുമായി താന്‍ പ്രണയത്തിലായിരുന്നുവെന്നും അതു മാതാവിന് ഇഷ്ടമല്ലായിരുന്നുവെന്നുമാണ് ചോദ്യം ചെയ്ത പോലീസിനോട് പ്രതി പറഞ്ഞത്. അവധി ദിവസങ്ങളില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ പോകുമ്പോള്‍ ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തിരുന്നുവെന്നും പെണ്‍കുട്ടിയെ ചുംബിക്കുന്നത് കണ്ട അമ്മ ഒരിക്കല്‍ തന്നെ ഫ്‌ളാറ്റില്‍നിന്ന് പിടിച്ച് പുറത്താക്കിയിരുന്നുവെന്നും പ്രതി അവകാശപ്പെട്ടു. കേസ് ഡിസംബര്‍ 17ന് വീണ്ടും പരിഗണിക്കും. 

Latest News