Sorry, you need to enable JavaScript to visit this website.

പള്ളികളിലെത്തിയ 13 പേര്‍ക്ക് കോവിഡ്; സൗദിയില്‍ അഞ്ചു മസ്ജിദുകള്‍ കൂടി അടച്ചു

റിയാദ് - സൗദിയിലെ നാലു പ്രവിശ്യകളിലായി അഞ്ചു മസ്ജിദുകള്‍ കൂടി  ഇസ്‌ലാമികകാര്യ മന്ത്രാലയം താല്‍ക്കാലികമായി അടച്ചു. ഈ മസ്ജിദുകളില്‍ നമസ്‌കാരങ്ങളില്‍ പങ്കെടുത്ത 13 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണിത്. പത്തൊമ്പതു ദിവസത്തിനിടെ 158 മസ്ജിദുകളാണ് മന്ത്രാലയം അടച്ചത്. ഇതില്‍ 141 എണ്ണം അണുനശീകരണ ജോലികള്‍ പൂര്‍ത്തിയാക്കി വീണ്ടും തുറന്നു.
റിയാദ് പ്രവിശ്യയില്‍ പെട്ട ദുര്‍മായില്‍ ഒരു മസ്ജിദും മക്ക പ്രവിശ്യയില്‍ ഒരു പള്ളിയും സകാക്കയില്‍ രണ്ടു മസ്ജിദുകളും അല്‍ബാഹ പ്രവിശ്യയില്‍ പെട്ട ബല്‍ജുറശിയില്‍ ഒരു മസ്ജിദുമാണ് പുതുതായി അടച്ചത്. ദുര്‍മായിലെ മസ്ജിദില്‍ മൂന്നു പേര്‍ക്കും മക്ക പ്രവിശ്യയിലെ പള്ളിയില്‍ രണ്ടു പേര്‍ക്കും സകാക്കയിലെ രണ്ടു മസ്ജിദുകളില്‍ ഏഴു പേര്‍ക്കും ബല്‍ജുറശിയിലെ മസ്ജിദില്‍ ഒരാള്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്.
അണുനശീകരണ ജോലികള്‍ പൂര്‍ത്തിയാക്കി ആറു മസ്ജിദുകള്‍ വെള്ളിയാഴ്ച വീണ്ടും തുറന്നു. റിയാദ് പ്രവിശ്യയില്‍ മൂന്നു മസ്ജിദുകളും കിഴക്കന്‍ പ്രവിശ്യ, അസീര്‍, ഉത്തര അതിര്‍ത്തി പ്രവിശ്യകളില്‍ ഓരോ പള്ളികളുമാണ് വീണ്ടും തുറന്നത്.
ഇരുപത്തിനാലു മണിക്കൂറിനിടെ സൗദിയില്‍ 346 പേര്‍ക്ക് കൊറോണബാധ സ്ഥിരീകരിക്കുകയും 368 പേര്‍ രോഗമുക്തി നേടുകകയും ചെയ്തു. മൂന്നു കൊറോണ രോഗികളാണ് മരിച്ചത്.  ഗുരുതരാവസ്ഥയിലുള്ള 477 പേര്‍ അടക്കം 2,549 പേര്‍ ചികിത്സയിലാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
റിയാദ്-184, കിഴക്കന്‍ പ്രവിശ്യ-74, മക്ക-38, അസീര്‍-9, അല്‍ഖസീം-9, ഉത്തര അതിര്‍ത്തി പ്രവിശ്യ-7, മദീന-5, അല്‍ജൗഫ്-5, ഹായില്‍-4, നജ്‌റാന്‍-4, ജിസാന്‍-3, തബൂക്ക്-3, അല്‍ബാഹ-1 എന്നിങ്ങനെയാണ് സൗദിയിലെ പ്രവിശ്യകളില്‍ പുതുതായി കൊറോണബാധാ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.  കൊറോണബാധ സംശയിച്ച് രാജ്യത്ത് പുതുതായി 45,027 പേര്‍ക്ക് പി.സി.ആര്‍ പരിശോധനകള്‍ നടത്തി. സൗദിയില്‍ ഇതുവരെ 1,35,54,439 പി.സി.ആര്‍ പരിശോധനകളാണ് നടത്തിയത്. സൗദിയില്‍ ഇതുവരെ 3,76,723 പേര്‍ക്കാണ് കൊറോണബാധ സ്ഥിരീകരിച്ചത്. ഇക്കൂട്ടത്തില്‍ 3,67,691 പേര്‍ രോഗമുക്തി നേടി. 6,483 പേര്‍ മരണപ്പെട്ടതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

 

 

Latest News