Sorry, you need to enable JavaScript to visit this website.
Tuesday , April   13, 2021
Tuesday , April   13, 2021

വിശ്വാസ വഴിയിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം

കമ്യൂണിസ്റ്റുകാർ മതത്തിനും വിശ്വാസത്തിനും എതിരു നിൽക്കുന്നവരും അതിനെ തകർക്കുന്നവരുമാണെന്ന കാലങ്ങളായുള്ള പ്രചാരണം തീർത്തും വാസ്തവ വിരുദ്ധമാണെന്നും വിശ്വാസത്തിനും ആരാധനാ സ്വാതന്ത്ര്യത്തിനും കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റോ അംഗീകാരം നൽകുന്നുണ്ടെന്നും സി.പി.എം പറയുന്നു. എന്നാൽ ഒരു കാര്യം മാത്രം സി.പി.എം നേതൃത്വം മറന്നു പോകുന്നു. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചതുകൊണ്ടല്ല കേരളത്തിൽ ആരും സി.പി.എമ്മിനും ഇടതുമുന്നണിക്കും ഇത് വരെ വോട്ടു ചെയ്തത്.

ഉത്തരേന്ത്യയിൽ നിന്ന് തീർത്തും വിഭിന്നമായ രാഷ്ട്രീയ അന്തരീക്ഷമാണ് അടുത്ത കാലം വരെ കേരളത്തിൽ നിലനിന്നിരുന്നത്. ജാതിയുടെ അപ്രമാദിത്തവും ദളിത് വിരുദ്ധ മനോഭാവവുമെല്ലാം എക്കാലവും പേറി നടന്ന ഉത്തരേന്ത്യ എറ്റവും ഒടുവിൽ എത്തി നിൽക്കുന്നത് 'പശു' രാഷ്ട്രീയത്തിലാണ്. ജാതി രാഷ്ട്രീയത്തെ മറയാക്കി അധികാരം കൈയാളാനാണ് എല്ലാ പാർട്ടികളും അവിടെ ശ്രമിക്കാറുള്ളത്. അതിനൊരു മാറ്റം അടുത്തൊന്നും ഉണ്ടാകില്ലെന്നാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും ഒടുവിലായി നടന്ന തെരഞ്ഞെടുപ്പുകളും തെളിയിക്കുന്നത്.
ഉത്തരേന്ത്യൻ ജാതി രാഷ്ട്രീയത്തെ എന്നും പുഛിച്ച് തള്ളിയവരാണ് മലയാളികൾ. കേരളത്തിൽ നിലനിന്നിരുന്ന പൊതു രാഷ്ട്രീയ ബോധം ജാതി-മത സമവാക്യങ്ങളെയെല്ലാം അടുത്ത കാലം വരെ വലിയൊരു പരിധി വരെ അകറ്റി നിർത്തിയിരുന്നു. ഈ പൊതു രാഷ്ട്രീയ ബോധമാണ് കേരളം രൂപീകരിക്കപ്പെട്ട ശേഷം ആദ്യം അധികാരത്തിലേറിയ ഇ.എം.എസ് സർക്കാരിന് ഭൂപരിഷ്‌കരണ നിയമം നടപ്പാക്കാൻ സഹായകമായത്. രാജ്യം കണ്ട വിപ്ലവകരമായ ഈ തീരുമാനത്തിനെതിരെ വലിയ എതിർപ്പുകൾ വന്നപ്പോഴും ഇതിനെയെല്ലാം മറികടക്കാൻ കേരളത്തിന്റെ പൊതു രാഷ്ട്രീയ ബോധത്തിലൂടെ അന്നത്തെ സർക്കാരിന് കഴിഞ്ഞു.
എന്നാൽ ഇപ്പോഴത്തെ കേരളത്തിന്റെ രാഷ്ട്രീയ സ്ഥിതി അതല്ല. ഉത്തരേന്ത്യയിലേത് പോലെ തന്നെ കഴിഞ്ഞ കുറച്ച് കാലങ്ങളായി ജാതി-മത ശക്തികൾ വലിയ സ്വാധീനം കേരള രാഷ്ട്രീയത്തിൽ  ചെലുത്തിക്കഴിഞ്ഞു. പള്ളിക്കാരും പട്ടക്കാരുമെല്ലാം കാര്യങ്ങൾ ഏറ്റെടുത്തു. സുകുമാരൻ നായരും വെള്ളാപ്പള്ളിയും കേരള രാഷ്ട്രീയത്തിലെ ഒട്ടകപ്പക്ഷികളായി മാറി. മുസ്‌ലിം രാഷ്ട്രീയത്തിന്റെ അട്ടിപ്പേറുമായി സ്വയം പ്രഖ്യാപിത നേതാക്കളും രംഗത്തെത്തി. സവർണ മേധാവിത്വത്തിന്റെ ചൂണ്ടലുമായി സംഘപരിവാറും തേരോട്ടം നടത്തുന്നു. 1980 കൾ മുതൽ കൂടുതൽ വ്യാപകമായി തുടങ്ങിയ ഈ പ്രവണത ഓരോ തെരഞ്ഞെടുപ്പിലും എല്ലാ സീമകളും ലംഘിച്ചുകൊണ്ട് താണ്ഡവ നൃത്തമാടുകയാണ്. വോട്ട് ബാങ്ക് കാട്ടി ഭീഷണിപ്പെടുത്തി മുന്നണി സ്ഥാനാർത്ഥികളെ വരെ തീരുമാനിക്കാനുള്ള അവകാശം ജാതി - മത ശക്തികൾ നേരത്തെ തന്നെ നേടിയെടുത്തു കഴിഞ്ഞിട്ടുണ്ട്. എന്നാൽ അതിലും വലിയ ഏറ്റവും അപകടകരമായ സ്ഥിതിയിലേക്കാണ് കേരള രാഷ്ട്രീയത്തിന്റെ ഇപ്പോഴത്തെ പോക്ക്. വരാനിരിക്കുന്ന കേരള നിയമ സഭാ തെരഞ്ഞെടുപ്പിൽ ജാതിയും മതവും കടന്ന് വിശ്വാസ സംരക്ഷണത്തിന്റെ പേരിലുള്ള ഏറ്റുമുട്ടലാണ് നടക്കാൻ പോകുന്നത്. ഇത് തീകൊണ്ടുള്ള തല ചൊറിയലാണ്. പക്വമായ രാഷ്ട്രീയ സംവിധാനത്തിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത്. ശബരിമലയിലെ യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് കേരളത്തിൽ ഇത് വരെ നടന്ന കാര്യങ്ങൾ നമ്മൾ കണ്ടു കഴിഞ്ഞതാണ്.  ഇത്തവണത്തെ തെരഞ്ഞെടുപ്പിലേക്ക് വിശ്വാസത്തെ മുഖ്യ തെരഞ്ഞെടുപ്പ് വിഷയമായി കൊണ്ടുവന്ന് വിശ്വാസികളുടെ വോട്ടുകൾ നേടിയെടുക്കാനാണ് ബി.ജെ.പി യും കോൺഗ്രസും പരമാവധി ശ്രമിക്കുന്നത്. വിശ്വാസത്തിൽ തട്ടി തുടർ ഭരണമെന്ന പ്രതീക്ഷ നഷടപ്പെടുമോയെന്ന ആശങ്കയിൽ വിശ്വാസ വോട്ടുകൾ നഷ്ടപ്പെടാതിരിക്കാൻ ഇടതുമുന്നണിയും ആവുന്നതും ശ്രമിക്കുന്നു. 
കുട്ടിക്കഥയിൽ മുട്ടനാടുകളെ തമ്മിൽ തല്ലിച്ച് ചോര കുടിക്കാൻ കാത്തിരിക്കുന്ന കുറുക്കന്റെ അതേ മാനസിക അവസ്ഥയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വിശ്വാസ സംരക്ഷണത്തെ ഒന്നാമതാക്കി നിർത്താൻ കിണഞ്ഞു ശ്രമിക്കുകയാണ് ബി.ജെ.പി. അവർ ഒരുക്കിയ വലയിൽ വീണ്  വിശ്വാസ സംരക്ഷണത്തിൽ ഏറ്റവും കേമൻമാരാണ് ഞങ്ങളെന്ന് പറഞ്ഞ് കാലിട്ടടിക്കുകയാണ് യു.ഡി.എഫ്. ഇതിനിടയിൽ പെട്ട് എന്ത് ചെയ്യണമെന്നറിയാതെ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ വിശ്വാസത്തിന്റെ നിർവചനം കണ്ടെത്തുകയാണ് സി.പി.എം. അവസരം മുതലെടുക്കാൻ കോഴിക്കൂട്ടിലേക്ക് നോക്കി തക്കം പാർത്തിരിക്കുന്ന കുറുക്കൻമാരായി സുകുമാരൻ നായരും വെള്ളാപ്പള്ളിയും. ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടവുമായി വിശ്വാസത്തിന്റെ പേരിൽ പള്ളി തർക്കം ഏറ്റുപിടിച്ച് സഭാ മേലധ്യക്ഷൻമാരും. എന്തൊരു ഗതികേടാണിത്. വികസനവും സർക്കാരിന്റെ നയങ്ങളും ഭാവി കേരളത്തിന്റെ രൂപരേഖയുമെല്ലാം ചർച്ച ചെയ്യപ്പെടേണ്ടിടത്ത്  വിശ്വാസ സംരക്ഷണം മാത്രം അജണ്ടയാകുന്നത് ഹിന്ദു രാഷ്ട്രമെന്ന സംഘ്പരിവാർ ലക്ഷ്യത്തിലേക്കുള്ള ദൂരം കുറയക്കുക മാത്രമേ ചെയ്യൂ. എൻ.എസ്.എസും എസ്. എൻ.ഡി.പിയുമെല്ലാം അതിന്റെ കാവലാളാകുന്നത് മതേതര നിലപാടിനോടുള്ള വെല്ലുവിളിയാണ്.
വിശ്വാസ സംരക്ഷണം ബി.ജെ. പിയും മറ്റു ഹിന്ദുത്വ ശക്തികളും തെരഞ്ഞെടുപ്പിൽ അജണ്ടയാക്കുന്നത് ആർക്കും മനസ്സിലാക്കാം. പതിനെട്ടട വും പയറ്റിയിട്ടും ബി.ജെ.പിക്ക്  ഇനിയും വേണ്ടത്ര സ്വീകാര്യത ലഭിച്ചിട്ടില്ലാത്ത കേരളത്തിൽ ഭൂരിപക്ഷം വരുന്ന ഹിന്ദു സമുദായത്തിലെ വോട്ട് ബാങ്കുകളിലേക്ക് വിശ്വാസ സംരക്ഷണത്തിന്റെ പേരിൽ എത്തി നോക്കാനുള്ള അവരുടെ വ്യഗ്രതയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ബാബ്‌രി മസ്ജിദ് തകർത്ത് ഇന്ത്യയിലെ മുസ്‌ലിം ജനതയുടെ വിശ്വാസത്തിന്റെ അസ്ഥിവാരം തോണ്ടിയവർ ശബരിമലയിൽ വിശ്വാസ സംരക്ഷകർ ചമയുന്നത് അവരുടെ വർഗീയ അജണ്ടയുടെ ഭാഗമാണ്. എന്നാൽ ഇപ്പോൾ പുതുച്ചേരിയിലും സ്വന്തം എം.എൽ.എമാർ ബി. ജെ.പി പക്ഷത്തേക്ക് ചാഞ്ഞതോടെ ദക്ഷിണേന്ത്യയിൽ ഭരണത്തിൽ കുറ്റിയറ്റ് പോയ കോൺഗ്രസ് വിശ്വാസത്തിന്റെ പേരു പറഞ്ഞ് കേരളത്തിന്റെ പൊതു രാഷ്ട്രീയ ബോധത്തെ ബി.ജെ.പിയുടെ തൊഴുത്തിലേക്ക് നയിക്കുന്നത് മിതമായ ഭാഷയിൽ പറഞ്ഞാൽ രാഷ്ട്രീയമായ അശ്ലീലമാണ്. സർക്കാരിന്റെ നിലപാടുകളെയും പ്രവർത്തനങ്ങളെയും പ്രത്യക്ഷമായി  ചോദ്യം ചെയ്താണ് അവർ വോട്ട് ചോദിക്കേണ്ടത്. അല്ലാതെ താൽക്കാലിക ലാഭത്തിനായി വിശ്വാസത്തെ കൂട്ടുപിടിക്കുന്നത് അധികം വൈകാതെ അവർക്ക് തന്നെ പാരയാകും.
സി.പി.എമ്മാകട്ടെ ചെകുത്താനും നടുക്കടലിനും ഇടയിൽപെട്ട അവസ്ഥയിലാണ്. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ സ്വീകരിച്ച ഉറച്ച നിലപാടിൽ നിന്ന് തെരഞ്ഞെടുപ്പ് വേളയിൽ പിന്നോക്കം പോകുന്ന അവസ്ഥയാണ്. കമ്യൂണിസ്റ്റുകാർ മതത്തിനും വിശ്വാസത്തിനും എതിരു നിൽക്കുന്നവരും അതിനെ തകർക്കുന്നവരുമാണെന്ന കാലങ്ങളായുള്ള പ്രചാരണം തീർത്തും വാസ്തവ വിരുദ്ധമാണെന്നും വിശ്വാസത്തിനും ആരാധനാ സ്വാതന്ത്ര്യത്തിനും കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റോ അംഗീകാരം നൽകുന്നുണ്ടെന്നും സി.പി.എം പറയുന്നു. എന്നാൽ ഒരു കാര്യം മാത്രം സി.പി.എം നേതൃത്വം മറന്നു പോകുന്നു. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചതുകൊണ്ടല്ല കേരളത്തിൽ ആരും സി.പി.എമ്മിനും ഇടതുമുന്നണിക്കും ഇത് വരെ വോട്ടു ചെയ്തത്. പാർട്ടിയും മുന്നണിയും സ്വീകരിക്കുന്ന നിലപാടുകളുടെ അടിസ്ഥാനത്തിലാണ്. 
വോട്ട് ബാങ്കിനെ പേടിച്ച് പിന്നോക്കം പോകുകയല്ല,  മറിച്ച് ഭൂപരിഷ്‌കരണ നിയമം കൊണ്ടുവന്ന അതേ ചങ്കൂറ്റത്തോടെ നിലപാടിലുറച്ച് നിൽക്കുകയാണ് വേണ്ടത്. അതാണ് പുരോഗമന - വിപ്ലവ  പ്രസ്ഥാനങ്ങളിൽ നിന്ന് ജനങ്ങളും പാർട്ടി അണികളും പ്രതീക്ഷിക്കുന്നത്.  വോട്ടിന് വേണ്ടി നിലപാടുകൾ മയപ്പെടുത്തുന്നതും പാർട്ടി സഖാക്കളെ ക്ഷേത്രങ്ങളിലെയും പള്ളികളിലെയും കമ്മറ്റികളിലും പ്രവർത്തനങ്ങളിലും കയറ്റി വിടാൻ പ്രേരിപ്പിക്കുന്നതും ഒട്ടും ഭൂഷണമല്ല. സാധാരണക്കരായ ഇവരിൽ പലരും നാളെ വിശ്വാസത്തിന്റെ പുറത്ത് കമ്യൂണിസ്റ്റുകാരനുമപ്പുറം കേവലം മതബോധം പേറുന്നവർ മാത്രമായി മാറില്ലെന്ന് ആര് കണ്ടു. അങ്ങനെ വന്നാൽ അത് കേരളത്തിന്റ പൊതു രാഷ്ട്രീയ ബോധത്തിന്റെ പെട്ടിയിൻമേൽ അടിക്കുന്ന അവസാനത്തെ ആണിയായിരിക്കും.
 

Latest News