Sorry, you need to enable JavaScript to visit this website.
Friday , May   07, 2021
Friday , May   07, 2021

സമ്പത്തല്ല, സന്തോഷമാണ് വിജയത്തിലെത്തിക്കുക

നമ്മുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകുവാൻ സമ്പത്ത് അത്യാവശ്യമാണ്. താമസം, വസ്ത്രം, ഭക്ഷണം, വിദ്യാഭ്യാസം, ചികിൽസ തുടങ്ങി ജീവിതത്തിന്റെ ദൈനംദിന കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുവാൻ പണമില്ലാതെ കഴിയില്ല. എന്നാൽ പണമാണോ നമ്മുടെ ജീവിത ലക്ഷ്യം. പണമാണോ ജീവിതത്തിൽ വിജയം സമ്മാനിക്കുന്നത്. ഒരിക്കലുമല്ല. പണത്തിനപ്പുറം സന്തോഷവും സമാധാനവുമാണ് ജീവിത വിജയം സമ്മാനിക്കുകയെന്ന് നാം തിരിച്ചറിയണം. 
പണത്തിന്റെ സ്വാധീനം പറയുമ്പോൾ ഉദ്ധരിക്കാറുള്ള രസകരമായൊരു കഥയുണ്ട്.  ബ്രിട്ടീഷ് പ്രധാനമന്ത്രിയും പ്രശസ്ത പ്രസംഗകനും എഴുത്തുകാരനുമായിരുന്ന വിൻസ്റ്റൺ ചർച്ചിലിന്റെ പ്രഭാഷണം എല്ലാ ആഴ്ചയിലും ബി.ബി.സി സംപ്രേഷണം ചെയ്യാറുണ്ടായിരുന്നു. ഏറെ ജനകീയമായ ആ പരിപാടി കേൾക്കാൻ ആയിരക്കണക്കിനാളുകളാണ് കാത്തുനിൽക്കാറുണ്ടായിരുന്നത്. ഒരിക്കൽ ബി.ബി.സിയിലെ പരിപാടി റെക്കോർഡ് ചെയ്യുവാൻ ഔദ്യോഗിക വാഹനത്തിന് പകരം ഒരു ടാക്‌സി കാറിലാണ് അദ്ദേഹം പോയത്. കാർ ഡ്രൈവർക്ക് ചർച്ചിലിനെ മനസ്സിലായില്ല. പ്രധാനമന്ത്രി  ടാക്‌സിയിൽ പോകുമെന്ന കാര്യം അദ്ദേഹത്തിന് ചിന്തിക്കാനും കഴിയുമായിരുന്നില്ല. ബി.ബി.സി ഓഫീസിനടുത്തെത്താറായപ്പോൾ ചർച്ചിൽ ഡ്രൈവറോട് ചോദിച്ചു. ഒരു 40 മിനിറ്റ് എനിക്ക് വേണ്ടി വെയിറ്റ് ചെയ്യാൻ പറ്റുമോ. ഡ്രൈവർ പറഞ്ഞു. ഇല്ല, എനിക്ക് വീട്ടിൽ ചെന്നിട്ട്  ബി.ബി.സിയിൽ ചർച്ചിലിന്റെ പ്രസംഗം കേൾക്കാനുള്ളതാ. ചർച്ചിലിന് വലിയ സന്തോഷമായി.  ടാക്‌സി കൂലിക്ക് പുറമെ 10 പൗണ്ട് കൂടി ഡ്രൈവർക്ക് കൂടുതൽ കൊടുത്തു. ഡ്രൈവറുടെ കണ്ണ് തള്ളിപ്പോയി. ജീവിതത്തിൽ  ഒരിക്കലും ഒരു പൗണ്ടിൽ കൂടുതൽ ടിപ്പ് ലഭിക്കാതിരുന്ന അദ്ദേഹം പറഞ്ഞുവത്രേ. ചർച്ചിൽ പോയി പണിനോക്കട്ടെ, സാറിന് വേണ്ടി 40 മിനിട്ടല്ല, നാലു മണിക്കൂർ വേണമെങ്കിലും കാത്തിരിക്കാൻ ഞാൻ തയാറാണ്.  വാസ്തവത്തിൽ പണമാണ് ആധുനിക ലോകം അഭിമുഖീകരിക്കുന്ന ഒട്ടുമിക്ക പ്രശ്‌നങ്ങളുടെയും കാരണമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. പണത്തിന്റെ വിതരണത്തിലുള്ള ഏറ്റക്കുറച്ചിലുകൾ സാമൂഹ്യ നീതി നഷ്ടപ്പെടാനിടയാക്കുന്നതോടെ ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അകലം വർധദ്ധിക്കുന്നു. പണത്തിന് മീതെ പരുന്തും പറക്കില്ലെന്ന് ലോകം തെറ്റിദ്ധരിക്കുന്നു. പണവുമായി ബന്ധപ്പെട്ട് മണി ഡിസ്ഓർഡേഴ്‌സ് എന്ന പേരിൽ സൈക്കോളജിയിൽ ചില മാനസിക രോഗങ്ങൾ തന്നെയുണ്ട്.  
കോഴിക്കോട് ജില്ലക്കാരനായ പെയിന്റ് തൊഴിലാളി ചൂട്ട് മോഹൻദാസിന്റെ വരികൾ കൊറോണ കാലത്ത് സാമൂഹ്യ മാധ്യമങ്ങൾ വൈറലാക്കിയ 
പണമാണ് വലുതെന്ന് ആരോ പറഞ്ഞു.
പണമല്ല വലുതെന്ന് ലോകമറിഞ്ഞു.
പവറാണ് വലുതെന്ന് പലരും പറഞ്ഞു
ഇവയല്ല വലുതെന്ന് നാമിന്നറിഞ്ഞു 
എന്നീ വരികൾ ഏറെ പ്രധാനപ്പെട്ട ചില കാര്യങ്ങളാണ് നമ്മോട് പറയുന്നത്. 
പണത്തിനായി ജീവിതം മുഴുവൻ ഓടി നടന്ന് അവയൊന്നും ആസ്വദിക്കാനാവാതെ ഈ ലോകത്തോട് വിട പറയേണ്ടിവരുന്ന പലരെയും  നാം കാണാറില്ലേ.  മനുഷ്യന് ആവശ്യമുള്ളതും പണം കൊണ്ട് വാങ്ങാൻ കഴിയാത്തതുമായ കുറെയേറെ കാര്യങ്ങൾ ഭൂമിയിലുണ്ട്.   പണം കൊണ്ട് മനുഷ്യന് പൂർത്തീകരിക്കാൻ കഴിയുക പ്രധാനമായും  ഭൗതിക ആവശ്യങ്ങൾ മാത്രമാണ്. എന്നാൽ മനുഷ്യന്റെ മാനസികവും ബൗദ്ധികവും ആത്മീയവും സാമൂഹികവുമായ പല ആവശ്യങ്ങളും പണം കൊണ്ട് നേടാൻ കഴിയുന്നവയല്ല. 
പണത്തെക്കുറിച്ച് ഡോ. എ.പി.ജെ. അബ്ദുൽ കലാം പറഞ്ഞത് ഏറെ ശ്രദ്ധേയമാണ്. പണം കൊണ്ട് നിങ്ങൾക്ക് വീടിന്റെ കെട്ടിടം വാങ്ങാനായേക്കും. എന്നാൽ താമസം വാങ്ങാനാവില്ല. പട്ടുമെത്ത വാങ്ങാം. ഉറക്കം വാങ്ങാനാവില്ല. വാച്ച് വാങ്ങാം, സമയം വാങ്ങാനാവില്ല. ഭക്ഷണം വാങ്ങാം, ഭക്ഷണേഛ വാങ്ങാനാവില്ല. സ്ഥാനങ്ങൾ വാങ്ങാം, ബഹുമാനം വാങ്ങാനാവില്ല. രക്തം വാങ്ങാം, ജീവൻ വാങ്ങാനാവില്ല. ഇൻഷുറൻസ് വാങ്ങാം, സുരക്ഷിതത്വം വാങ്ങാനാവില്ല. പുസ്തകം വാങ്ങാം, അതിലടങ്ങിയ വിവരം വാങ്ങാനാവില്ല.  അതിനാൽ പണമല്ല എല്ലാം എന്ന് നാം  തിരിച്ചറിയണം. മര്യാദ, ധാർമികത, സൽസ്വഭാവം, വിശേഷ ബുദ്ധി, വിശ്വസ്തത, ക്ഷമ, നിലവാരം, സത്യസന്ധത, സ്‌നേഹം എന്നിവയൊന്നും പണം കൊടുത്ത് വാങ്ങാനാവില്ല.  
പണം കൊണ്ട് വാങ്ങാൻ കിട്ടുന്നതിനൊക്കെ നിശ്ചിത മൂല്യമുണ്ട്.  എന്നാൽ പണം കൊണ്ട് വാങ്ങാൻ കിട്ടാത്ത സുഖങ്ങൾ എല്ലാം അമൂല്യമാണ്. പണം കൊടുത്തു ഭക്ഷണം വാങ്ങി, പക്ഷേ കഴിക്കാൻ കഴിയുന്നില്ല, തൊണ്ടയിൽ നിന്ന് ഇറങ്ങുന്നില്ല. പണം കൊടുത്തു പുസ്തകം വാങ്ങി, പക്ഷേ വായിക്കാൻ അറിയില്ല, പഠിച്ചിട്ടില്ല. പണം കൊടുത്തു ഭംഗിയുള്ള വീട് വാങ്ങി, പക്ഷേ കണ്ട് ആസ്വദിക്കാൻ കണ്ണിനു കാഴ്ചയില്ല. പണം കൊടുത്തു പാടുന്ന പക്ഷിയെ വാങ്ങി, പക്ഷേ അതിന്റെ പാട്ടു കേൾക്കാൻ കേൾവി ശക്തിയില്ല.  ഇങ്ങനെ നോക്കിയാൽ ഒരു കൂട്ടം കഴിവുകൾ ഇല്ലെങ്കിൽ മനുഷ്യന് കുറെ പണം ഉണ്ടായിട്ട് പിന്നെയെന്ത് കാര്യം.  പണം കൊടുത്തു വാങ്ങാൻ കഴിയാത്ത മറ്റൊന്നാണ് മനുഷ്യന്റെ ആകാര ഭംഗി. ഒരാളുടെ ആകാര ഭംഗി നിർണയിക്കുന്നത് അയാളുടെ ജനിതക ഘടനയാണ്. ജീനുകളിൽ ഉൾക്കൊള്ളുന്ന വിവരങ്ങൾക്കനുസരിച്ചു കോശങ്ങളും ശരീരം മൊത്തത്തിലും രൂപപ്പെടുന്നു. ഒരാളുടെ മുഴുവൻ കോശങ്ങളിലെയും ജനിതക കോഡ് മുഴുവൻ മാറ്റിയെഴുതാൻ കഴിയില്ല. 
സൽസ്വഭാവം പണം കൊടുത്താൽ കിട്ടാത്ത മറ്റൊരു കാര്യമാണ്.  മനുഷ്യന്റെ പാരമ്പര്യത്തിനും ബാല്യകാല അനുഭവങ്ങൾക്കും വളർന്ന ചുറ്റുപാടിനും നേടിയ വിദ്യാഭ്യാസത്തിനും സ്വഭാവ രൂപീകരണത്തിൽ പങ്കുണ്ട് എന്ന് നമുക്കറിയാം. എങ്കിലും സൽസ്വഭാവം പണം കൊണ്ട് നേടിയെടുക്കാൻ കഴിയുന്ന ഒന്നല്ല. പണം കൊടുത്താൽ കിട്ടാത്ത മറ്റൊന്നാണ് സമയം അല്ലെങ്കിൽ ആയുസ്സ്. മനുഷ്യനു ജീവിക്കാനും ഉദ്ദേശിച്ചത് ചെയ്യാനും ലഭിക്കുന്ന വിലപ്പെട്ട അവസരമാണ് സമയം. ഒരാൾ മരിച്ചാൽ അയാൾക്ക് അനുഭവപ്പെട്ട സമയം എന്ന അവസരം കഴിഞ്ഞു. സമയവും ആയുസ്സും പണം കൊണ്ട് വാങ്ങാൻ കിട്ടിയിരുന്നു എങ്കിൽ ധനികർ ഒരിക്കലും മരിക്കില്ലായിരുന്നു. ഏതു ധനികനും മരിക്കാൻ നേരം കുറച്ചു കൂടി ആയുസ്സ് കിട്ടിയിരുന്നെങ്കിൽ എന്ന് കൊതിക്കാൻ മാത്രമേ കഴിയൂ. മരിക്കേണ്ട നേരത്തു ആരും മരിച്ചേ പറ്റൂ. മാക്‌സിമം എത്ര പ്രാവശ്യം വരെ നമ്മുടെ ശരീരത്തിലെ കോശങ്ങൾ വിഭജിക്കണം എന്ന ജനിതക പുസ്തകത്തിൽ രേഖപ്പെടുത്തപ്പെട്ട അറിവും പേറിയാണ് നാം ജീവിക്കുന്നത്. കാശ് കൊടുത്താൽ കിട്ടാത്ത മറ്റൊന്നാണ് സന്തോഷം. ഇങ്ങനെ നോക്കുമ്പോൾ ജീവിതത്തിലെ സുപ്രധാനമായ പലതും പണം കൊണ്ട് വാങ്ങാനാവില്ലെന്നും പണമുണ്ടായതുകൊണ്ട് മാത്രം വിജയിക്കാനാവില്ലെന്നും മനസ്സിലാകും.    ജീവിതം സുഖപ്രദമായിത്തീരാൻ ഒരാൾക്ക് എത്ര സമ്പത്ത് വേണമെന്ന് ഒരിക്കൽ ഒരു ശിഷ്യൻ തന്റെ ഗുരുവിനോട് ചോദിച്ചുവത്രേ. ഗുരു പക്ഷേ, മറുപടിയൊന്നും പറഞ്ഞില്ല. പകരം വീട്ടറയിൽ ചെന്ന് ഒരു സഞ്ചിയിൽ അൽപം കോഴിമുട്ടയുമായി വന്നു.അതിൽനിന്ന് ഒന്നെടുത്ത് അവനു കൊടുത്തു. അവനത് സന്തോഷത്തോടെ വാങ്ങി. ഉടനെ രണ്ടാമതൊന്നുകൂടി കൊടുത്തു. അതും പ്രയാസമേതുമില്ലാതെ സ്വീകരിച്ചു. മൂന്നാമതൊന്നു കൂടി കൊടുത്തപ്പോൾ അതും വാങ്ങി. നാലാമത്തേതും വാങ്ങാതിരുന്നില്ല. പക്ഷേ, അഞ്ചാമതും കൊടുത്തപ്പോൾ അവൻ പ്രയാസപ്പെട്ടു.മുട്ട എങ്ങനെ വാങ്ങണമെന്നറിയാതെ കുഴങ്ങി. ഒടുവിൽ ഇരുകൈകളും ചേർത്തിവെച്ച് എങ്ങനെയോ അതു വാങ്ങി. അദ്ദേഹം  അവിടെയും നിർത്തിയില്ല. ആറാമതൊന്നു കൂടി കൊടുത്തു. അപ്പോൾ വെപ്രാളപ്പെട്ട് അവൻ പറഞ്ഞു:
''നിർത്തൂ, നിർത്തൂ. ഇതെല്ലാം കൂടി എന്റെ കൈയിൽനിന്ന് ഇപ്പോൾ വീണുടഞ്ഞു പോകും..''
ശിഷ്യന്റെ ഈ വെപ്രാളം കണ്ടപ്പോൾ ഗുരു ഒന്ന് പുഞ്ചിരിച്ചിട്ടു പറഞ്ഞു:
'ആദ്യത്തെ നാലു മുട്ടകൾ നീ സസന്തോഷം സ്വീകരിച്ചു. കാരണം, അവ നിന്റെ കൈകളിലൊതുങ്ങുന്നവയായിരുന്നു. എന്നാൽ അഞ്ചാമത്തേതും ആറാമത്തേതും തന്നപ്പോൾ നീ അസ്വസ്ഥനായി. കാരണം, നിനക്കവ താങ്ങാൻ കഴിയാത്തവയായിരുന്നു. ഇതാണ് ജീവിതത്തിൽ സമ്പത്തിന്റെ കാര്യവും.സമ്പത്ത് മിതമായാൽ ജീവിതം സുഖപ്രദമാകും. അമിതമായാൽ ദുഃഖപൂർണവുമാകും. അതിനാൽ ആവശ്യത്തിനു മാത്രം സമ്പാദിക്കുക. ബാക്കി സമയം ജീവിക്കാൻ നോക്കുക.പണത്തിന് പിന്നാലെ പായുന്ന ആധുനിക മനുഷ്യനെ ഏറെ ചിന്തിപ്പിക്കുന്നതാണ് ഈ കഥ. സമ്പത്തല്ല സന്തോഷമാണ് ജീവിതത്തിൽ സമാധാനവും വിജയവും സമ്മാനിക്കുക.
 

Latest News