Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് എപ്രില്‍ ആറിന്; മലപ്പുറം ലോക്സഭാ മണ്ഡലത്തിലും വോട്ടെടുപ്പ്

ന്യൂദല്‍ഹി- കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ്   ഏപ്രില്‍ ആറിനു നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു.  മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ സുനില്‍ അറോറയാണ് വാർത്താ സമ്മേളനത്തില്‍ നാല് സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലേയും വോട്ടെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്. മേയ് രണ്ടിനാണ് എല്ലാ സംസ്ഥാനങ്ങളിലും വോട്ടെണ്ണല്‍.

 

അസമില്‍ മൂന്ന് ഘട്ട വോട്ടെടുപ്പ്

1. മാർച്ച് 27

2. എപ്രില്‍ ഒന്ന്

3. എപ്രില്‍- ആറ്

കേരളത്തില്‍ ഒറ്റ ഘട്ട വോട്ടെടുപ്പ് ഏപ്രില്‍ ആറിന്. മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കും വോട്ടെടുപ്പ് നടക്കും.

തമഴ്നാട്ടിലും വോട്ടെടുപ്പ് ഒറ്റ ഘട്ടത്തില്‍- ഏപ്രില്‍ ആറ്

 

ആകെ 18.69 കോടി വോട്ടർമാരാണുള്ളത്. 5 സംസ്ഥാനങ്ങളിലെ 824 നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ആകെ 2.7 ലക്ഷം പോളിങ് സ്റ്റേഷനുകൾ. 3 ലക്ഷം സർവീസ് വോട്ടർമാർ. എല്ലാ സംസ്ഥാനങ്ങളിലും പോളിങ് സ്റ്റേഷനുകളുടെ എണ്ണം വൻതോതിൽ ഉയരും. കേരളത്തില്‍ 2016ല്‍ പോളിങ് സ്‌റ്റേഷനുകളുടെ എണ്ണം 21,498 ആയിരുന്നു. ഇത് ഇക്കുറി 40,771 ആയി വര്‍ധിപ്പിക്കും. പോളിങ് സ്റ്റേഷനുകളുടെ എണ്ണത്തിൽ 89.65% വർധന. കേരളത്തിലെ ജനസാന്ദ്രതയാണ് ഇതിനു കാരണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു.

പോളിങ് സമയം ഒരുമണിക്കൂർ നീട്ടി. മുതിർന്ന പൗരന്മാർക്കും അംഗപരിമിതർക്കും പോസ്റ്റൽ ബാലറ്റ് സൗകര്യം തുടരും. വീടുകയറിയുള്ള പ്രചാരണത്തിന് അഞ്ചുപേർ മാത്രം. വാഹന റാലിക്ക് അഞ്ചു വാഹനങ്ങൾ മാത്രം. പത്രിക സമർപ്പണത്തിന് രണ്ടുപേർ. ഓൺലൈനായും പത്രിക നൽകാം. എല്ലാ ബൂത്തുകളും കെട്ടിടത്തിന്റെ താഴത്തെ നിലയിലായിരിക്കും.

സ്ഥാനാർഥികൾ‌ മൂന്ന് തവണ ക്രിമിനൽ പശ്ചാത്തലം പ്രസിദ്ധീകരിക്കണം. ഒരു മണ്ഡലത്തിൽ ഒരു സ്ഥാനാർഥിക്ക് ചെലവാക്കാവുന്ന തുക 30.80 ലക്ഷം രൂപ.

സർവീസിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് നിരീക്ഷകരാകും. കേരളത്തിലെ തെരഞ്ഞെടുപ്പ് നിരീക്ഷകനെ പിന്നീട് അറിയിക്കും. പോലീസ് നിരീക്ഷകനായി ദീപക് മിശ്രയെ നിയോഗിച്ചു. സ്ഥാനാർഥികളുടെ ചെലവ് നിരീക്ഷണത്തിന് മുൻ ഐആർഎസ് ഉദ്യോഗസ്ഥൻ പുഷ്പേന്ദ്ര പൂനിയയെയും നിയോഗിച്ചു.

ആരോഗ്യരംഗത്ത് അഭൂതപൂർവമായ പ്രതിസന്ധി തുടരുന്നുവെന്നും ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കി തെരഞ്ഞെടുപ്പ് നടത്തുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ  പറഞ്ഞു. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അനുഭവം മാതൃകയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

Latest News