Sorry, you need to enable JavaScript to visit this website.

സല്‍മാന്‍ രാജാവും യു.എസ് പ്രസിഡന്റ് ബൈഡനും ഫോണില്‍ ചര്‍ച്ച നടത്തി

റിയാദ് - തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ചര്‍ച്ച നടത്തി. ജോ ബൈഡനുമായി സല്‍മാന്‍ രാജാവ് ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. മേഖലയില്‍ അസ്ഥിരതയുണ്ടാക്കുന്ന ഇറാന്റെ പ്രവര്‍ത്തനങ്ങളെയും ഭീകര ഗ്രൂപ്പുകള്‍ക്ക് ഇറാന്‍ നല്‍കുന്ന പിന്തുണയെയും കുറിച്ചും മേഖലയിലെ പ്രധാന പ്രശ്‌നങ്ങളും പൊതുതാല്‍പര്യമുള്ള പുതിയ സംഭവവികാസങ്ങളും ഇരുവരും വിശകലനം ചെയ്തു.
അമേരിക്കന്‍ പ്രസിഡന്റ് ആയി ചുമതലയേറ്റതില്‍ ജോ ബൈഡനെ സല്‍മാന്‍ രാജാവ് അനുമോദിച്ചു. അമേരിക്കയും സൗദി അറേബ്യയും തമ്മിലുള്ള അഗാധമായ ബന്ധങ്ങള്‍, പൊതുതാല്‍പര്യങ്ങള്‍ സംരക്ഷിക്കുകയും മേഖലയിലും ലോകത്തും സമാധാനവും സ്ഥിരതയുമുണ്ടാക്കുന്ന നിലക്ക് ഉഭയകക്ഷി പങ്കാളിത്തം ശക്തമാക്കല്‍ എന്നിവയെ കുറിച്ചും ഇരു നേതാക്കളും വിശകലനം ചെയ്തു. ഇറാന്‍ സൃഷ്ടിക്കുന്നത് അടക്കമുള്ള ഭീഷണികളില്‍ നിന്ന് സൗദി അറേബ്യയെ പ്രതിരോധിക്കുന്നതിനുള്ള അമേരിക്കയുടെ പ്രതിജ്ഞാബദ്ധതയെയും ആണവായുധം സ്വന്തമാക്കാന്‍ ഇറാനെ അനുവദിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഉറപ്പുനല്‍കിയതിനെയും സല്‍മാന്‍ രാജാവ് പ്രശംസിച്ചു. യെമനില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിന് യു.എന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് സൗദി അറേബ്യ പിന്തുണ നല്‍കുന്നതിനെ അമേരിക്കന്‍ പ്രസിഡന്റും പ്രശംസിച്ചു. യെമനില്‍ സമഗ്ര രാഷ്ട്രീയ പരിഹാരത്തിനാണ് സൗദി അറേബ്യ ആഗ്രഹിക്കുന്നതെന്നും യെമനില്‍ സുരക്ഷയും സമാധാനവും വളര്‍ച്ചയുമുണ്ടാക്കാനാണ് പ്രയത്‌നിക്കുന്നതെന്നും സല്‍മാന്‍ രാജാവ് പറഞ്ഞു.
വ്യാഴാഴ്ച രാത്രി സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനുമായി അമേരിക്കന്‍ വിദേശ മന്ത്രി ആന്റണി ബ്ലിങ്കന്‍ ഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയിരുന്നു. അമേരിക്കന്‍ വിദേശ മന്ത്രി സൗദി വിദേശ മന്ത്രിയുമായി ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. ഉഭയകക്ഷി ബന്ധങ്ങളും അമേരിക്കയും സൗദി അറേബ്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തവും മേഖലാ, അന്തര്‍ദേശീയ വെല്ലുവിളികള്‍ നേരിടുന്ന കാര്യത്തിലെ പരസ്പര സഹകരണവും ഇരുവരും വിശകലനം ചെയ്തു. ഇതിനു പിന്നാലെയാണ് സല്‍മാന്‍ രാജാവും അമേരിക്കന്‍ പ്രസിഡന്റും ഫോണില്‍ ചര്‍ച്ച നടത്തിയത്.

 

Latest News