Sorry, you need to enable JavaScript to visit this website.

യു.പിയില്‍ പിടിയിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ കേരളത്തിലെ വീടുകളില്‍ റെയ്ഡ്

കൊച്ചി- ഉത്തർപ്രദേശില്‍ സ്ഫോടക വസ്തുക്കളുമായി പിടിയിലായ  പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ പന്തളത്തെയും കോഴിക്കോടെയും വീടുകളിൽ യു.പി പൊലീസ് പരിശോധന നടത്തി.

ഉത്തർപ്രദേശ് പോലീസ് സ്പെഷൽ ടാസ്ക് ഫോഴ്സ് കഴിഞ്ഞയാഴ്ച അറസ്റ്റു ചെയ്ത പന്തളം സ്വദേശി അൻസാർ ബദറുദ്ദീൻ, കോഴിക്കോട് സ്വദേശി ഫിറോസ് ഖാൻ എന്നിവരുടെ വീടുകളിലാണ് തെളിവു ശേഖരണത്തിനായി റെയ്ഡ് നടത്തിയത്. കേരള പോലീസിന്‍റെ സഹായത്തോടെയാണ് പരിശോധനക്കെത്തിയത്.

അന്വേഷണ സംഘം വ്യാഴാഴ്ചയാണ് അൻസാറിന്റെ പന്തളം ചെരിക്കലിലുള്ള വീട്ടിലെത്തി പരിശോധന നടത്തിയത്. യു.പി പോലീസ് സംഘം ഇന്ന് കോഴിക്കോട്ട് ഫിറോസ് ഖാന്റെ വീട്ടിലും പരിശോധന നടത്തി.

മലയാളികളായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരില്‍നിന്ന് സ്ഫോടക വസ്തുക്കള്‍ പിടികൂടിയെന്നും ബസന്ത് പഞ്ചമി ദിനത്തിൽ നേതാക്കളെ ഉൾപ്പെടെ ലക്ഷ്യമിട്ട് സ്ഫോടനം നടത്തുകയായിരുന്നു ഇവരുടെ പദ്ധതിയെന്നുമാണ്  യു,പി പോലീസ് അവകാശപ്പെട്ടിരുന്നത്.

കഴിഞ്ഞ 16ന് രാത്രി എട്ടരയോടെയാണ് ഇരുവരെയും രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് അറസ്റ്റു ചെയ്തതെന്ന് യുപി പൊലീസ് അഡിഷണൽ ഡയറക്ടർ ജനറൽ പ്രശാന്ത് കുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇരുവരും പ്രദേശത്തെ യുവാക്കളെ സംഘടനയിലേക്കു ആകർഷിച്ച് ഗ്രൂപ്പുകളായി പരിശീലനം നൽകി വരികയായിരുന്നെന്നും പോലീസ് പറയുന്നു.

അതേസമയം, ഇതര സംസ്ഥാനങ്ങളില്‍ സംഘടനാ പ്രവർത്തനത്തിനു പോയവാരണെന്നും യു.പി. പോലീസ് ഗുഢാലോചന നടത്തിയാണ് അറസ്റ്റ് ചെയ്തെന്നും പോപ്പുലർ ഫ്രണ്ട് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.

Latest News