Sorry, you need to enable JavaScript to visit this website.

ട്രെയിനില്‍ സ്ഫോടക വസ്തുക്കളുമായി സ്ത്രീ പിടിയില്‍

കോഴിക്കോട്- ചെന്നൈ- മംഗലാപുരം സൂപ്പര്‍ എക്‌സ്പ്രസില്‍  സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയതിനെ തുടർന്ന് യാത്രക്കാരിയായ തമിഴ്നാട് സ്വദേശിനി അറസ്റ്റില്‍. സ്‌ഫോടക വസ്തുക്കള്‍ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.

പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ്  തിരൂരിനും കോഴിക്കോടിനും ഇടയില്‍ വെച്ച് പാലക്കാട് ആര്‍.പി.എഫ് സ്പെഷല്‍ സ്‌ക്വാഡ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്.

117 ജലാറ്റിന്‍ സ്റ്റിക്കുകള്‍, 350 ഡിറ്റണേറ്റര്‍ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. സ്‌ഫോടകവസ്തുക്കളടങ്ങിയ ബോക്‌സുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നുമാണ് ചെന്നൈ സ്വദേശിനി രമണി ആദ്യം പറഞ്ഞതെങ്കിലും  ചോദ്യം ചെയ്തപ്പോള്‍ താന്‍ കൊണ്ടു വന്നതാണെന്ന് സമ്മതിച്ചു. ആര്‍.പി.എഫും പോലീസും സ്പെഷല്‍ ബ്രാഞ്ചുമാണ് ചോദ്യം ചെയ്തത്.

ചെന്നൈ കട്പാടിയില്‍ നിന്ന് തലശ്ശേരിയിലേക്കുള്ള ടിക്കറ്റാണ് ഈ യാത്രക്കാരിയുടെ കൈവശം ഉണ്ടായിരുന്നത്. സ്‌ഫോടകവസ്തുക്കള്‍ തലശ്ശേരിയില്‍ കിണറ് നിര്‍മാണ ജോലിക്ക് കൊണ്ടുവന്നതാണെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. പോലീസ് അന്വേഷണം തുടരുകയാണ്.

Latest News