Sorry, you need to enable JavaScript to visit this website.

കളിപ്പാട്ട ബ്രാൻഡായ 'മിസ്റ്റർ പൊട്ടാറ്റോ ഹെഡ്' പേരിലെ 'ആണത്തം' ഒഴിവാക്കുന്നു

ന്യൂയോര്‍ക്ക്- അമേരിക്കൻ കളിപ്പാട്ട ബ്രാൻഡായ 'മിസ്റ്റർ പൊട്ടാറ്റോ ഹെഡ്' തങ്ങളുടെ പേരിലെ 'മിസ്റ്റർ' എന്ന ഭാഗം ഒഴിവാക്കുന്നു. പേരിലെ ലിംഗപരമായ കേന്ദ്രീകരണം ഒഴിവാക്കാൻ വേണ്ടിയാണ് ഈ നടപടിയെന്നാണ് വിശദീകരണം. ഉരുളക്കിഴങ്ങിന്റെ ആകൃതിയിലുള്ള തലയിൽ വിവിധ പ്ലാസ്റ്റിക് അവയവങ്ങൾ വെച്ചുപിടിപ്പിക്കാൻ സൌകര്യം നൽകുന്ന വിധത്തിലുള്ള കളിപ്പാട്ടങ്ങളാണ് ഇവർ പുറത്തിറക്കുന്നത്.

1952ൽ പുറത്തിറക്കാൻ തുടങ്ങിയ ഈ കളിപ്പാട്ടങ്ങൾ കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ടവയാണ്. മുൻകാലങ്ങളിൽ ശരിക്കുമുള്ള ഉരുളക്കിഴങ്ങിലേക്കോ മറ്റ് പച്ചക്കറികളിലേക്കോ തുളച്ചുവെക്കാൻ കഴിയുന്ന വിധത്തിലുള്ള ഘടകഭാഗങ്ങൾ മാത്രമാണ് ഇവർ പുറത്തിറക്കിയിരുന്നത്. എന്നാൽ പച്ചക്കറികളെ നശിപ്പിക്കുന്ന കളിപ്പാട്ടമെന്ന ചീത്തപ്പേര് വന്നതോടെ ഇവർ ഘടകഭാഗങ്ങൾ പിടിപ്പിക്കാൻ പറ്റുന്ന പ്ലാസ്റ്റിക് തലയും പുറത്തിറക്കാൻ തുടങ്ങി.

യുഎസ് സംസ്കാരത്തിന്റെ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്ന വിധത്തിലേക്ക് ബ്രാൻഡിങ് മാറണമെന്ന ആവശ്യം പൊതുവിൽ ഉയരുന്നുണ്ട്. ഇതിനോട് അനുകൂലമായി നിരവധി കമ്പനികൾ പ്രതികരിച്ചു തുടങ്ങിയിട്ടുമുണ്ട്.

ചില കമ്പനികൾ ഇത്തരം കളിപ്പാട്ടങ്ങളിൽ പുതിയതരം സ്കിൻ ടോണുകൾ ചേർക്കാൻ തുടങ്ങിയിട്ടുണ്ട്. വെളുത്ത സ്കിൻ ടോൺ മാത്രം വിപണിയിൽ ലഭ്യമായിരുന്ന സ്ഥിതിയിൽ ഏറെ മാറ്റം വന്നിട്ടുണ്ട് ഇപ്പോൾ.

Latest News