Sorry, you need to enable JavaScript to visit this website.

ഗാന്ധി ഘാതകന്റെ പ്രതിമ സ്ഥാപിച്ചയാളെ പാർട്ടിയിലെടുത്ത് കോൺഗ്രസ്; മോദി വന്നാലും സ്വീകരിക്കുമെന്ന് കമൽനാഥ്

ഭോപാൽ - മഹാത്മാഗാന്ധിയുടെ കൊലയാളി നാഥുറാം ഗോഡ്സെയുടെ പ്രതിമ ഗ്വാളിയോറിലെ ഹിന്ദുമഹാസഭാ ഓഫീസിൽ സ്ഥാപിക്കാൻ മുൻകൈയെടുത്ത നേതാവ് കോൺഗ്രസ്സിൽ ചേർന്നു. ജില്ലയിലെ 44ാം വാർഡ് കൌൺസിലറായ ബാബുലാൽ ചൌരസ്യമാണ് പാർട്ടിയിൽ ചേർന്നത്. കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ടും മുൻ മുഖ്യമന്ത്രിയുമായ കമൽനാഥിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ബാബുലാൽ കോൺഗ്രസ്സുകാരനായി മാറി.

അതേസമയം താൻ ജന്മനാ കോൺഗ്രസ്സുകാരനാണെന്ന് ബാബുലാൽ പ്രസ്താവിച്ചു. തന്റെ കുടുംബം മുഴുവൻ കോൺഗ്രസ്സുകാരായിരുന്നു. ഇപ്പോൾ സ്വന്തം കുടുംബത്തിലേക്ക് മടങ്ങിവന്നതു പോലെയാണ് തനിക്ക് തോന്നുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

2014ലെ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ടിക്കറ്റ് നിഷേധിക്കപ്പെട്ടതോടെ കോൺഗ്രസ് വിട്ടയാളാണ് ബാബുലാൽ. പിന്നീടിയാൾ ഹിന്ദു മഹാസഭയിൽ ചേരുകയായിരുന്നു. ഹിന്ദു മഹാസഭയുടെ സമുന്നതനേതാവായിരുന്ന ഗാന്ധി ഘാതകൻ നാഥുറാം ഗോഡ്സെയുടെ പ്രതിമ ഗ്വാളിയോറിൽ സ്ഥാപിക്കുന്നതിനും ഇയാൾ മുൻകൈയെടുക്കുകയുണ്ടായി.

ഇത്തരമൊരാളെ കോൺഗ്രസ് പാർട്ടിയിലേക്ക് സ്വീകരിച്ചതിന് വ്യക്തമായ ന്യായീകരണമുണ്ട് കമൽനാഥിന്. നരേന്ദ്രമോദി ബിജെപി വിട്ട് വന്നാലും തങ്ങൾ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. തങ്ങൾ തെറ്റായ ദിശയിലാണെന്ന തിരിച്ചറിവ് വന്ന ആരെയും കൂടെക്കൂട്ടുമെന്ന് കമൽനാഥ് വ്യക്തമാക്കി.

Latest News