Sorry, you need to enable JavaScript to visit this website.

ഗൂഗിളിനോട് ന്യായമായ പ്രതിഫലം ആവശ്യപ്പെട്ട് ഇന്ത്യൻ മാധ്യമങ്ങളും; വരുമാന കാര്യത്തിൽ സുതാര്യതയും വേണം

ന്യൂദല്‍ഹി- ഇന്ത്യയിലെ വാർത്താമാധ്യമങ്ങളുടെ ഉള്ളടക്കം ഉപയോഗിക്കുന്നതിന് ന്യായമായ പ്രതിഫലം നൽകണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ ന്യൂസ്പേപ്പേഴ്സ് സൊസൈറ്റി (ഐഎൻഎസ്) ഗൂഗിളിന് കത്തെഴുതി. കൂടാതെ, ഈ ഉള്ളടക്കങ്ങൾ ഉപയോഗിച്ച് ഗൂഗിൾ ഉണ്ടാക്കുന്ന വരുമാനം സംബന്ധിച്ചുള്ള വിവരങ്ങൾ പങ്കിടണമെന്നും അവരാവശ്യപ്പെട്ടു.

ഓസ്ട്രേലിയയിൽ ഫേസ്ബുക്കും ഗൂഗിളും മാധ്യമ കണ്ടന്റുകൾ ഉപയോഗിക്കുന്നതിന് പ്രതിഫലം നൽകണമെന്ന് വ്യവസ്ഥ ചെയ്ത് ബിൽ പാസ്സാക്കപ്പെട്ടതിനു പിന്നാലെയാണ് ഇന്ത്യയിൽ സമാനമായ ആവശ്യമുയർന്നിരിക്കുന്നത്. വാർത്തകൾ പബ്ലിഷ് ചെയ്യുന്നവരുടെ വിഹിതം 85 ശതമാനമായി ഉയർത്തണമെന്നാണ് ഗൂഗിൾ ഇന്ത്യ മാനേജർ സഞ്ജയ് ഗുപ്തയ്ക്ക് എഴുതിയ കത്തിൽ ഐഎൻഎസ് പ്രസിഡണ്ട് എൽ അദ്മിലൂലം പറഞ്ഞു.

ആയിരക്കണക്കിന് ജീവനക്കാരെ വെച്ചാണ് വാർത്താ മാധ്യമങ്ങൾ വിവരങ്ങൾ ശേഖരിക്കുന്നതെന്ന് ഐഎൻഎസ് ചൂണ്ടിക്കാട്ടി. ഈ കണ്ടന്റ് ഉപയോഗിച്ചാണ് ഗൂഗിൾ അതിന്റെ ആധികാരികത വളർത്തിയതെന്ന് ഐഎൻഎസ് ചൂണ്ടിക്കാട്ടി.

പ്രതിഫലം കൂട്ടണമെന്നത് മാത്രമല്ല ആവശ്യം. ഗൂഗിളിന്റെ വരുമാനകാര്യത്തിൽ ആവശ്യമായ സുതാര്യതയും വേണം. ഐഎൻഎസ്സിന്റെ ഡിജിറ്റൽ ടീമും ഗൂഗിളും ഈ വിഷയത്തിൽ കഴിഞ്ഞ ആറ് മാസത്തോളമായി ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ഐഎൻഎസ് പറയുന്നു.

ഓസ്ട്രേലിയൻ വാർത്താ മാധ്യമങ്ങളുടെ ഉള്ളടക്കങ്ങൾ തങ്ങളുടെ വെബ്സൈറ്റിൽ ഉപയോഗിക്കുന്നതിന് ഫേസ്ബുക്ക് പ്രതിഫലം നൽകണമെന്ന് അനുശാസിക്കുന്ന ബില്ല് കഴിഞ്ഞദിവസമാണ് പാർലമെന്റ് പാസ്സാക്കിയത്. ദിവസങ്ങളോളം നീണ്ട വിവാദങ്ങൾക്കൊടുവിലാണ് ബില്ല് പാസ്സാക്കിയത്. ഫേസ്ബുക്കുമായി സർക്കാർ വൃത്തങ്ങൾ നടത്തിയ ചർച്ചകൾക്കൊടുവിൽ ഇരുകൂട്ടരും സമവായത്തിലെത്തുകയായിരുന്നു. നിയമത്തിൽ ചില ഭേദഗതികൾ വരുത്താൻ സർക്കാർ തയ്യാറാവുകയും ചെയ്തു. ഓസ്ട്രേലിയൻ കോംപറ്റീഷൻ റെഗുലേറ്ററാണ് ഈ ബില്ലിന്റെ കരട് രൂപപ്പെടുത്തിയത്.

Latest News