Sorry, you need to enable JavaScript to visit this website.

പിണറായി ഭരണത്തിൽ കേരള ജനത മുഴുവൻ സമരത്തിൽ -സാദിഖലി തങ്ങൾ

കോഴിക്കോട്- പിണറായിയുടെ ഭരണത്തിൽ കേരളത്തിലെ മുഴുവൻ ജനങ്ങളും സമരത്തിലാണെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. പിൻവാതിൽ നിയമനങ്ങൾക്കെതിരെ ഉദ്യോഗാർഥികൾ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുമ്പിൽ നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോഴിക്കോട്ട് കലക്ടറേറ്റിന് മുമ്പിൽ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആരംഭിച്ച അനിശ്ചിതകാല സഹന സമരം ഒമ്പതാം ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാവരും സമരത്തിലാണ്. എല്ലാ മേഖലയിലും പ്രശ്‌നങ്ങളുമാണ്. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് പടിക്കൽ എത്തിയാൽ കാണാവുന്ന കാഴ്ചയിതാണ്. ജനങ്ങൾ ദുരിതത്തിൽ കഴിയുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ചോദ്യങ്ങളെ ഭയപ്പെടുകയാണ്. എഴുതി തയാറാക്കിയ ചോദ്യങ്ങൾക്കപ്പുറത്ത് ഒന്നിനോടും മുഖ്യമന്ത്രിക്ക് പ്രതികരണവുമില്ല. പി.എസ്.സിയെ നോക്കുകുത്തിയാക്കി സമാന്തര കമ്യൂണിസ്റ്റ് ഭരണമാണ് ഇപ്പോൾ നടക്കുന്നത്. ഈ സമാന്തര കമ്യുണിസ്റ്റ് ഭരണത്തിനെതിരെ ജനാധിപത്യ സമൂഹം വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും യുവാക്കളുടെ സമരത്തിന് മുമ്പിൽ പിണറായി ഗവൺമെന്റിന് മുട്ട് മടക്കേണ്ടിവരുമെന്നും തങ്ങൾ പറഞ്ഞു. ഈ സമരം ന്യായമാണ്. കഴിവുള്ള ആളുകളെ തടയുന്നതിനെതിരെയുള്ള സമരത്തിന് നേതൃത്വം നൽകുന്ന യുത്ത് ലീഗിന് കേരളത്തിലെ മുഴുവനാളുകളുടെയും പിന്തുണയുണ്ട്.
മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ സഹന സമര വേദിയെ അഭിവാദ്യം ചെയ്തു. ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, ട്രഷറർ എം.എ. സമദ്, സീനിയർ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം എന്നിവരുടെ നേതൃത്വത്തിലാണ് അനിശ്ചിത കാല സമരം ആരംഭിച്ചത്. ഗുരുവായൂരിൽനിന്നും 109 കിലോമീറ്റർ കാൽനടയായി, കടപ്പുറം പഞ്ചായത്തിലെ ആദിൽ തങ്ങളും പുന്നയൂർ പഞ്ചായത്തിലെ സുഹൈലും സഹന സമര വേദിയിലെത്തിയത് സദസ്സിനെ ആവേശത്തിലാക്കി. ഇരുവരെയും സഹന സമര വേദിയിലേക്ക് സമരനായകർ ഷാളണിയിച്ചു സ്വീകരിച്ചു.

Latest News