കോഴിക്കോട്- കേരള സ്‌കൂൾ ശാസ്‌ത്രോത്സവത്തിൽ പാലക്കാട് ജില്ല ഓവറോൾ ചാംപ്യന്മാരായി. നാല് ദിവസങ്ങളിലായി കോഴിക്കോട്ട് നടന്ന ശാസ്‌ത്രോത്സവത്തിൽ 46586 പോയന്റുകളുമായാണ് പാലക്കാട് ജില്ല തുടർച്ചയായി ജേതാക്കളാകുന്നത്. 46359 പോയന്റ് നേടിയ മലപ്പുറം ജില്ലയ്ക്കാണ് രണ്ടാം സ്ഥാനം. 46352 പോയന്റുമായി കോഴിക്കോട് ജില്ലയാണ് മൂന്നാം സ്ഥാനത്ത്.
ഗണിത ശാസ്ത്ര മേളയിലും ഐ.ടി മേളയിലും കണ്ണൂർ ജില്ലയാണ് ചാമ്പ്യന്മാർ. ശാസ്ത്രമേളയിൽ എറണാകുളം ജില്ലയും പ്രവൃത്തി പരിചയ മേളയിൽ പാലക്കാട് ജില്ലയും സാമൂഹ്യ ശാസ്ത്ര മേളയിൽ കാസർകോട്, തിരുവനന്തപുരം ജില്ലകളുമാണ് ജേതാക്കൾ. വൊക്കേഷണൽ എക്‌സ്‌പോയിൽ കൊല്ലം മേഖലയാണ് വിജയികൾ.
ശാസ്ത്ര മേളയിൽ 166 പോയന്റുമായാണ് എറണാകുളം ജില്ല കിരീടം ചൂടിയത്. 165 പോയന്റുകളുമായി കണ്ണൂർ രണ്ടാം സ്ഥാനവും 164 പോയന്റുകളുമായി പാലക്കാട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രവൃത്തി പരിചയ മേളയിൽ 45884 പോയന്റുമായാണ് പാലക്കാട് ജില്ല ഒന്നാമതെത്തിയത്. 45637 പോയന്റ് തേടിയ മലപ്പുറം രണ്ടാം സ്ഥാനവും 45613 പോയന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനവും സ്വന്തമാക്കി.
ഗണിത ശാസ്ത്ര മേളയിൽ 349 പോയന്റുകളുമായി കണ്ണൂർ ജേതാക്കളായപ്പോൾ 310 പോയന്റു നേടിയ കോഴിക്കോട് ജില്ല രണ്ടാം സ്ഥാനവും 300 പോയന്റുകളുമായി മലപ്പുറം മൂന്നാം സ്ഥാനവും നേടി.
സാമൂഹ്യ ശാസ്ത്ര മേളയിൽ 179 പോയന്റുകൾ നേടിയ തിരുവനന്തപുരം, കാസർകോട് ജില്ലകൾ കിരീടം പങ്കിട്ടു. 176 പോയന്റുകളുമായി തൃശൂർ ജില്ല രണ്ടാം സ്ഥാനവും 169 പോയന്റുകളുമായി കണ്ണൂർ ജില്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഐ.ടി മേളയിൽ കണ്ണൂർ ജില്ല 113 പോയന്റുകളുമായി ഒന്നാമതെത്തിയപ്പോൾ 110 പോയന്റ് നേടിയ മലപ്പുറം രണ്ടാമതും 108 പോയന്റ് നേടിയ കോഴിക്കോട് ജില്ല മൂന്നാമതുമെത്തി.
വൊക്കേഷണൽ എക്‌സ്‌പോയിൽ കൊല്ലം മേഖല ജേതാക്കളായപ്പോൾ എറണാകുളം മേഖല രണ്ടാം സ്ഥാനവും വടകര മേഖല മൂന്നാം സ്ഥാനവും നേടി.
വിജയികൾക്കുള്ള സമ്മാന ദാനം മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു. ശാസ്ത്രമേളയുടെ സമാപന സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എ. പ്രദീപ് കുമാർ എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.






