Sorry, you need to enable JavaScript to visit this website.

സൗജന്യമായി നഴ്‌സിംഗ് പഠിക്കാം, സൈന്യത്തിൽ ജോലി നേടാം

ഭാരിച്ച ഫീസും മറ്റു ചെലവുകളും കാരണം നഴ്‌സിംഗ് പഠനം എന്നത് അപ്രായോഗികമായി കണക്കാക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത. ഒരു ചെലവുമില്ലാതെ നഴ്‌സിംഗ് പഠനത്തിന് അവസരം ഇതാ ഇവിടെ. ഫീസില്ലാതെ പഠിക്കാമെന്ന് മാത്രമല്ല, സൗജന്യ ഭക്ഷണവും യൂണിഫോമും പിന്നെ  സ്‌റ്റൈപന്റും ലഭിക്കും. മിലിറ്ററി നഴ്‌സിങ് സർവീസിന്റെ ഭാഗമായുള്ള നാല് വർഷ ബി.എസ്‌സി നഴ്‌സിംഗ് പരിശീലനത്തിന്റെ കാര്യമാണ് പറഞ്ഞു വരുന്നത്.
+2 സയൻസ് പഠിച്ചവർക്കും 2021 ൽ പരീക്ഷ എഴുതുന്നവർക്കും   അപേക്ഷിക്കാം. പെൺകുട്ടികൾക്ക് മാത്രമാണ് അവസരമുള്ളത്. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് മിലിട്ടറി നഴ്‌സിങ് സർവീസസിൽ സ്ഥിരം/ഷോർട്ട് സർവീസ് കമ്മീഷന്റെ ഭാഗമായി രാജ്യത്തെ സേവിക്കാനും അവസരവുമുണ്ട്.


പുനെയിലെ ആംഡ് ഫോഴ്‌സ് മെഡിക്കൽ കോളേജ് (40 സീറ്റ്), കൊൽക്കത്തയിലെ  കമാൻഡ് ഹോസ്പിറ്റൽ (30), അശ്വിനിയിലെ ഇന്ത്യൻ നാവികസേനാ ആശുപത്രി  (40), ന്യൂദൽഹിയിലെ ആർമി ഹോസ്പിറ്റൽ റിസർച്ച് ആൻഡ് റഫറൽ (30), ലഖ്‌നൗവിലെ  കമാൻഡ് ഹോസ്പിറ്റൽ സെൻട്രൽ കമാൻഡ് (40), ബംഗളൂരിലുള്ള വ്യോമസേനയുടെ കമാൻഡ് ഹോസ്പിറ്റൽ  (40), എന്നിവയിലായി ആകെ 220 സീറ്റുകൾ ഉണ്ട്.  തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മിലിട്ടറി നഴ്‌സിംഗ് സർവീസിൽ സേവനം  ചെയ്യണമെന്ന വ്യവസ്ഥ ഉണ്ടാവും. അവിവാഹിതരാവണം. വിവാഹമോചനം ലഭിച്ചവർക്കും നിയമപരമായി ബന്ധം വേർപെടുത്തിയവർക്കും ബാധ്യതകളില്ലാത്ത വിധവകൾക്കും അപേക്ഷിക്കാം. 


ജനനം 1996 ഒക്ടോബർ ഒന്നിനും 2004 സെപ്റ്റംബർ 30 നും (രണ്ടു ദിവസങ്ങളും ഉൾപ്പെടെ) ഇടയ്ക്കായിരിക്കണം. പ്ലസ് ടു/തുല്യപരീക്ഷ ആദ്യശ്രമത്തിൽ ജയിച്ചിരിക്കണം. ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ പഠിച്ച് പ്ലസ് ടു തലത്തിൽ ആകെ 50 ശതമാനം മാർക്ക് നേടിയിരിക്കണം. 2021 ൽ +2  പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം.. 152 സെന്റി മീറ്റർ ഉയരം ഉണ്ടാവണം. മറ്റു മെഡിക്കൽ ഫിറ്റ്‌നസ് വ്യവസ്ഥകളും ഉണ്ട്


അപേക്ഷ സമർപ്പിക്കുമ്പോൾ മുൻഗണനാ അടിസ്ഥാനത്തിൽ മൂന്ന് പരീക്ഷാ കേന്ദ്രങ്ങൾ തെരഞ്ഞെടുക്കണം. അനുവദിക്കപ്പെട്ട  പരീക്ഷാ കേന്ദ്രം മാറ്റാനാവില്ല. 90 മിനിറ്റ് ദൈർഘ്യമുള്ള കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ ഏപ്രിലിൽ നടക്കാൻ സാധ്യതയുണ്ട്.  പരീക്ഷയ്ക്ക് ജനറൽ ഇംഗ്ലീഷ്, ജനറൽ ഇന്റലിജൻസ്, സയൻസ് (ബയോളജി, ഫിസിക്‌സ്, കെമിസ്ട്രി), എന്നിവയിൽനിന്ന് ഒരു മാർക്ക് വീതമുള്ള 50 വീതം ഒബ്ജക്ടീവ് ടൈപ് ചോദ്യങ്ങളുണ്ടാകും. നെഗറ്റീവ് മാർക്കില്ല. ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവരെ ജൂണിൽ  തെരഞ്ഞെടുക്കപ്പെടുന്ന കേന്ദ്രങ്ങളിൽ നടക്കുന്ന നടത്തുന്ന അഭിമുഖത്തിന് (100 മാർക്ക്) വിളിക്കും. മെഡിക്കൽ പരിശോധനയും ഉണ്ടാവും.
അപേക്ഷാ സമർപ്പണവും ഫീസ് അടയ്ക്കലും മാർച്ച് 10 വരെ www.joinindianarmy.nic.in വഴി നടത്താം. ഉപയോഗത്തിലുള്ള ഇ മെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ വേണം. അപൂർണമായ അപേക്ഷ, ഒന്നിലധികം അപേക്ഷ സമർപ്പിക്കൽ, അപേക്ഷാ ഫീസ് അടയ്ക്കാതിരിക്കൽ എന്നീ കാരണങ്ങളാൽ അപേക്ഷ നിരസിക്കപ്പെടാനിടയുണ്ട്  എന്നത് പ്രത്യേകം ഓർക്കണം. 

Latest News