Sorry, you need to enable JavaScript to visit this website.

ഗവേഷണങ്ങൾക്ക് വാണിജ്യ സാധ്യതയൊരുക്കാൻ റിങ്ക്‌

ഗവേഷണത്തിലൂടെ രൂപപ്പെടുത്തിയ ഉൽപന്നങ്ങൾക്കും ആശയങ്ങൾക്കും വാണിജ്യ സാധ്യതയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ കേരള സ്റ്റാർട്ടപ് മിഷൻ- റിസർച്ച് ഇന്നൊവേഷൻ നെറ്റ് വർക്ക് കേരളയ്ക്ക് (റിങ്ക്) രൂപം നൽകുന്നു. ഗവേഷണ സ്ഥാപനങ്ങൾ, നവ സംരംഭങ്ങൾ, വ്യവസായം, കോർപറേറ്റുകൾ, സർക്കാർ ഏജൻസികൾ തുടങ്ങിയവയെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് ഗവേഷണ ഫലങ്ങളെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപന്നങ്ങളും സേവനങ്ങളുമായി പരിവർത്തനം ചെയ്യുകയെന്നാണ് റിങ്ക് വിഭാവനം ചെയ്യുന്നത്.
കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെഡിസ്‌ക്) ചെയർമാൻ ഡോ. കെ എം എബ്രഹാം റിങ്ക് ഉദ്ഘാടനം ചെയ്തു. 
കേരളത്തിലെ വിവിധ സ്ഥാപനങ്ങളിലെ ഗവേഷണങ്ങളെക്കുറിച്ച് ആഴത്തിലറിയാൻ സംരംഭങ്ങൾക്കും വ്യവസായങ്ങൾക്കും റിങ്ക് വഴി സാധിക്കും.
ഇന്നൊവേഷൻ ലാബ്, സ്റ്റാർട്ടപ് സ്റ്റുഡിയോ, ബിസിനസ് ലാബ്, നിക്ഷേപ ഇടനാഴി എന്നിവ റിങ്കിന്റെ ഭാഗമാകും.
ഗവേഷണ ഫലങ്ങളെ വിജയകരമായ സ്റ്റാർട്ടപ്പുകളാക്കി മാറ്റുകയെന്നതാണ് റിങ്കിന്റെ പ്രാഥമിക കർത്തവ്യം. 
നൂതനത്വം നയിക്കുന്ന സാമ്പത്തിക വ്യവസ്ഥയായി കേരളത്തെ മാറ്റുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ലഭിക്കാവുന്ന എല്ലാ വിഭവശേഷിയെയും പൂർണമായി പ്രയോജനപ്പെടുത്താനും ഇതു വഴി സാധിക്കും.
റിങ്കിലൂടെ സ്റ്റാർട്ടപ്പുകൾ, മറ്റ് വ്യവസായങ്ങൾ എന്നിവയ്ക്ക് ഗവേഷണ സ്ഥാപനങ്ങളിലേക്ക് പ്രവേശനം ലഭിക്കും. കേരളത്തെ നൂതനാശയ സംരംഭങ്ങളുടെ തലസ്ഥാനമാക്കാൻ ഈ കാൽവെപ്പിലൂടെ സാധിക്കുമെന്ന് സ്റ്റാർട്ടപ് മിഷൻ അധികൃതർ പറഞ്ഞു.

 

Latest News